പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ജില്ലയിലെ നാല് തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വാര്‍ഡുകളില്‍ ഇന്ന് പ്രാദേശിക അവധി നല്‍കിയിട്ടുണ്ട്. കുറ്റൂര്‍ പഞ്ചായത്തിലെ ഓതറ, കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന്, റാന്നി പഞ്ചായത്തിലെ ബ്ലോക്കുപടി, അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.
അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗമായിരിക്കേ അടൂരില്‍നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സി.വി. ശാന്തകുമാര്‍ രാജിവച്ച ഒഴിവിലാണ് കല്ലേലി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ്. കുറ്റൂരില്‍ മെംബറായിരുന്ന മോടിയില്‍ രവി അന്തരിച്ച ഒഴിവിലും മറ്റു രണ്ടിടങ്ങളില്‍ മെംബര്‍മാര്‍ രാജിവച്ചതിനെത്തുടര്ന്നുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കുറ്റൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡായ ഓതറയിലെ ഉപതെരഞ്ഞെടുപ്പുഫലം പഞ്ചായത്ത് ഭരണത്തെ സ്വാധീനിച്ചേക്കാം. നിലവില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കുറ്റൂര്‍. യുഡിഎഫിലെ കേരള കോണ്‍ഗ്രസ് അംഗമായിരുന്നു അന്തരിച്ച മോടിയില്‍ രവി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 38 വോട്ടുകള്‍ക്ക് വിജയിച്ച അദ്ദേഹം സത്യപ്രതിജ്ഞ കഴിഞ്ഞ് അഞ്ചാംദിവസം അന്തരിച്ചു. എന്‍ഡിഎയ്ക്ക് ആറ് അംഗങ്ങളാണുള്ളത്. യുഡിഎഫിന്റെ അംഗബലം നിലവില്‍ നാലാണ്. എല്‍ഡിഎഫിനും നാല് അംഗങ്ങളുണ്ട്. ഓതറയില്‍ വിജയത്തിനുവേണ്ടി മൂന്നു മുന്നണികളും ശ്രമിക്കുകയാണ്.
സി.വി. ശാന്തകുമാര്‍ കഴിഞ്ഞതവണ 221 വോട്ടിന്റെ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡാണ് കല്ലേലി. വനിതാ സ്ഥാനാര്‍ഥിയെയാണ് ഇത്തവണ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. 15 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളുണ്ട്. കേരള കോണ്‍ഗ്രസ് ഒന്ന്, സിപിഎം നാല്, ബിജെപി രണ്ട്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
റാന്നി ബ്ലോക്ക്പടി വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന മുന്‍ വൈസ് പ്രസിഡന്റുകൂടിയായ സിന്ധു സഞ്ജയ് (കോണ്‍ഗ്രസ്) രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. സിന്ധു സഞ്ജയിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് രാജിവച്ചത്. നിലവില്‍ 14 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. പത്ത് അംഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. യുഡിഎഫിന് നാല് അംഗങ്ങളാണുണ്ടായിരുന്നത്.
കുന്നന്താനം പഞ്ചായത്ത് രണ്ടാം വാര്‍ഡായ വള്ളോക്കുന്നില്‍ എല്‍ഡിഎഫ് അംഗം രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ എല്‍ഡിഎഫ് വിജയിച്ചത്. 16 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. ഒമ്പതംഗങ്ങളുടെ പിന്തുണ ഉണ്ട്. യുഡിഎഫ് അഞ്ച്, എന്‍ഡിഎ ഒന്ന് എന്നിങ്ങനെയാണ് മറ്റു കക്ഷിനില.