ആനയാംകുന്നിൽ റോഡ് പൊളിഞ്ഞ നിലയിൽ.
മുക്കം: കാരശേരി പഞ്ചായത്തിലെ ആനയാംകുന്നിലെയും പരിസരപ്രദേശങ്ങളിലെയും പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ശക്തം. റോഡുകൾ വാട്ടർ അഥോറിറ്റി വെട്ടി മുറിക്കുകയും വലിയ രീതിയിലുള്ള കിടങ്ങുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി യാത്രക്കാർക്കാണ് കുഴിയിൽ വീണ് പരിക്ക് പറ്റിയിട്ടുള്ളത്. വർഷങ്ങളോളമായി പൈപ്പിന്റെ അറ്റകുറ്റ പണികൾ തീർത്തിട്ടും കുഴികൾ നികത്താത്തത് കാരണം പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്.
നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. വാട്ടർ അഥോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കോൺട്രാക്ടർമാർ കുഴികൾ നികത്തുന്നതിന് ആവശ്യമായ പണം സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വാങ്ങിച്ചതിനുശേഷം യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം ആനയാംകുന്നിൽ വീണ്ടും കുഴി എടുക്കാനുള്ള പ്രവർത്തികൾ നാട്ടുകാർ തടഞ്ഞിരുന്നു. പരിസരപ്രദേശങ്ങളിൽ നിലവിലെടുത്ത കുഴികൾ പൂർണമായി നികത്തിയതിനുശേഷം ഇനി കുഴികൾ എടുക്കാവൂ എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാട്ടർ അഥോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.