തകഴി എല്ലോറയിലെ തകർന്ന റോഡ്.
അമ്പലപ്പുഴ: വേണമെങ്കിൽ ഇതിനെ റോഡെന്ന് പറയാം. എന്നാൽ, വലിയ ഗർത്തങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. കടുത്ത വേനലിൽപ്പോലും ഈ വഴിയിൽ വെള്ളക്കെട്ടാണ്. തങ്ങളുടെ ഈ ദുരിതയാത്രക്ക് എന്നു പരിഹാരം കാണുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
തകഴി എല്ലോറയിലാണ് നൂറുകണക്കിന് പേർ യാത്രാ ദുരിതത്തിൽ വലയുന്നത്. രണ്ട്, മൂന്ന്, 14 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പടഹാരം പത്തിൽപ്പാലം എല്ലോറ ജംഗ്ഷൻ വരെയുള്ള ഈ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. തകഴി ഗവ. ആശുപത്രി, അങ്കണവാടി എന്നിവിടങ്ങളിലേക്കുള്ള ഏക യാത്രാമാർഗമാണിത്. പടഹാരം വഴി വരുന്ന യാത്രക്കാർക്ക് കരുമാടി വഴി അമ്പലപ്പുഴയിലെത്തി ദേശീയപാതയിൽ പ്രവേശിക്കാനുള്ള എളുപ്പമാർഗം കൂടിയാണിത്.
തകഴി റെയിൽവേ ഗേറ്റിൽ അപകടമുണ്ടായി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗതം നിലയ്ക്കുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് ഈ റോഡിലൂടെയാണ്. റോഡിന്റെ പുനരുദ്ധാരണത്തിനായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പതിനൊന്നര ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ നടത്തിയതാണ്.
എന്നാൽ, പുതിയ ഭരണസമിതി ഈ ടെണ്ടർ റദ്ദാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. മഴ കനത്തതോടെ ഇതിലേ കാൽനട യാത്ര പോലും സാധ്യമാകാത്ത അവസ്ഥയായി.
റോഡിൽ മുഴുവൻ വലിയ ഗർത്തങ്ങളാണ്. പതിവായി ഇതിലേ പോകുന്ന ഓട്ടോറിക്ഷ, മറ്റ് ഇരുചക്രവാഹനങ്ങൾ എന്നിവക്ക് ഈ കുഴികളിൽ വീണ് തകരാറ് സംഭവിക്കുന്നത് പതിവാണ്. റോഡിൻന്റെ ദുരിത പൂർണമായ അവസ്ഥയ്ക്കു പരിഹാരം തേടി രണ്ടുമാസം മുൻപ് കുട്ടനാട് എംഎൽഎക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. ഇനി തങ്ങൾ എത്രകാലം ഈ ദുരിതം പേറേണ്ടി വരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
Tags : NattuVishesham DistrictNews