വടക്കഞ്ചേരി: പ്രിയപ്പെട്ട സ്ഥാനാർഥികളേ, രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളേ, ജനപ്രതിനിധികളെ ആന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിൽ മലയോര ഗ്രാമങ്ങൾ പലതും ഇല്ലാതാകുന്നു.
തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ഇനി മലയോരത്ത് അധികമാരുമുണ്ടാകില്ല. ശേഷിക്കുന്ന കുടുംബങ്ങളുടെ ദുരിതങ്ങൾ നേരിട്ടു മനസിലാക്കി പ്രതിവിധിപറഞ്ഞ് വോട്ടു ചോദിക്കൂ. ഈ തെരഞ്ഞെടുപ്പു സമയത്തല്ലാതെ പിന്നെ എപ്പോഴാണ് നിങ്ങൾ ഇവരുടെ വേദനകളും കഷ്ടപ്പാടുകളും കാണുക.
ആലത്തൂർ നിയോജക മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെടുന്ന ചൂരുപാറ, മണ്ണെണ്ണക്കയം, കവിളുപ്പാറ, ഓടംതോട് തുടങ്ങിയ മലയോര ഗ്രാമങ്ങളിൽ പലയിടത്തും താമസമുള്ള വീടുകൾ നാമമാത്രമായി ചുരുങ്ങി.
ചൂരുപ്പാറയിൽ മുപ്പതിലേറെ വീടുകളുണ്ടായിരുന്നത് ഇപ്പോൾ രണ്ടുവീട് മാത്രമാണ് ശേഷിച്ചിട്ടുള്ളത്. ആനയെപേടിച്ച് എല്ലാവരുംതന്നെ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറി.
മലയോരത്ത് നാലും അഞ്ചും ഏക്കർ ഭൂമിയുള്ളവർ ആനയെ പേടിച്ച് താഴെ വാടകകെട്ടിടങ്ങളിൽ ദുരിത ജീവിതത്തിലാണ്. ഇവിടുത്തെ കടകളുടെയെല്ലാം പ്രവർത്തനം നിലച്ചു. വഴി ചോദിക്കാൻപോലും വഴിയിലോ വീടുകളിലോ ആളില്ലാത്ത സ്ഥിതി. പൂട്ടിയിട്ട വീടുകളെല്ലാം തകർന്നുനശിക്കുന്നു.
മണ്ണെണ്ണക്കയത്തും കവിളുപ്പാറയിലുമായി നൂറിലേറെ വീടുകളുണ്ടായിരുന്നത് ഇപ്പോൾ പകുതിയിലും കുറഞ്ഞു. നൂറോളം കുടുംബങ്ങളുണ്ടായിരുന്ന ഓടംതോട്ടിൽ വീടുകളുടെ എണ്ണം പകുതിയിലും താഴെയായി.
ടൗൺ എന്നൊക്കെ അടുത്തകാലം വരെ പറഞ്ഞിരുന്ന ഓടംതോട് പള്ളി ജംഗ്ഷനിൽ ഇപ്പോൾ ആളനക്കമില്ല. ഇവിടുത്തെ പഴയകാല കടയായ പുളിക്കൽ അപ്പച്ചന്റെ ചെറിയൊരു കട മാത്രമാണ് നിലനിൽക്കുന്നത്.
ഇതല്ലാതെ മറ്റു കടകളായി ഒന്നുമില്ല. ആളില്ലാതെ ഇവിടുത്തെ ചെറിയ ഹോട്ടലുകളും പൂട്ടി. മൃഗശല്യങ്ങളിൽ ഏറെ വീടുകൾ അനാഥമായ പ്രദേശമാണ് ഓടംതോട് മേഖല. കാട്ടിൽ സംരക്ഷിക്കേണ്ട ആനകളെ നാട്ടിലേക്ക് ഇറക്കിവിട്ട് ജനങ്ങളുടെ കൂട്ട പാലായനത്തിന് വഴിവയ്ക്കുന്ന വനംവകുപ്പിന്റെ ക്രൂര വിനോദത്തിനെതിരേ പക്ഷെ, ജനപ്രതിനിധികൾക്കോ ഭരണസംവിധാനങ്ങൾക്കോ പ്രതികരണമില്ല.
വേണ്ടതു ശാശ്വതപരിഹാരം
വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണാതെ രാഷ്ട്രിയ പാർട്ടികൾക്കും ഇനി നിലനിൽപ്പുണ്ടാകില്ല. മാന്യമായ വില കിട്ടിയാൽ സ്ഥലങ്ങളെല്ലാം വനംവകുപ്പിനു വിട്ടുകൊടുക്കാൻ പലരും തയ്യാറാണ്.
എന്നാൽ എത്ര ഭൂമിയുണ്ടെങ്കിലും 15 ലക്ഷം രൂപ മാത്രം നൽകുന്ന പറ്റിക്കൽ പണി വിലപ്പോകില്ല.റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കുംപോലെ പൊന്നുംവിലയ്ക്ക് ഭൂമി ഏറ്റെടുക്കണമെന്നാണ് ആവശ്യം.
കിഴക്കഞ്ചേരി പഞ്ചായത്തിനോട് ചേർന്നുള്ള പാലക്കുഴി വഴിയിലെ പാത്രക്കണ്ടം, കൈതക്കൽഉറവ എന്നീ ഗ്രാമങ്ങളും ഇല്ലാതാവുകയാണ്.
പാത്രകണ്ടത്ത് 50 വീടുകളിൽ കൂടുതലുണ്ടായിരുന്നത് ഇപ്പോൾ 11 വീടായി ചുരുങ്ങി. ഇതിനടുത്തുള്ള ഒളകര ഉന്നതി വഴിയിലെ കൈതക്കൽ ഉറവയിൽ 10 വീടുകളുണ്ടായിരുന്നത് രണ്ടു വീടായി.
ഒരു നൂറ്റാണ്ട് ചരിത്രമുള്ള ഗ്രാമങ്ങളാണ് ഇവിടെ ഇല്ലാതാകുന്നത്.ആനക്കൊപ്പം കുരങ്ങ്, മലയണ്ണാൻ എല്ലാ വന്യമൃഗങ്ങളും ചുറ്റും പായുന്ന സ്ഥിതി. ജീവിക്കാൻ നിവൃത്തിയില്ല. മറ്റെവിടേക്കും പോകാൻ വഴിയില്ലാത്തതുകൊണ്ടാണ് ഇവിടെ തന്നെ തങ്ങുന്നതെന്നു പാത്രക്കണ്ടത്ത് ശേഷിക്കുന്ന ഒരാളായ മാടപ്പിള്ളി വത്സ പറഞ്ഞു.
തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളിൽനിന്നും ഒന്നും കിട്ടാനില്ല. എല്ലാം മൃഗങ്ങൾ നശിപ്പിക്കും.ഏതുസമയവും ജീവനും ഭീണിയാണ്. രാത്രിയായാൽ തൊട്ടടുത്താണ് ആനക്കൂട്ടങ്ങളെത്തുന്നത്.അത്യാവശ്യങ്ങൾക്ക് രാത്രി പുറത്തിറങ്ങാൻ കഴിയുന്നില്ല- വത്സയും സമീപത്തുള്ള ഗോപിയും കരഞ്ഞുകൊണ്ടാണ് സങ്കടങ്ങൾ പറയുന്നത്.
Tags : nattu vishesham Wild animal threat