പ്രതീകാത്മക ചിത്രം
റാന്നി: പട്ടാപ്പകലും കാട്ടുപന്നി വിളയാട്ടം. റാന്നി പഴവങ്ങാടി പ്രദേശത്ത് കഴിഞ്ഞദിവസം രാവിലെ 9.30ന് വീടിനു സമീപമുള്ള കൃഷിയിടത്തില്‍ നിന്നയാളെയാണ് കാട്ടുപന്നി ആക്രമിച്ചത്.
ചെത്തോങ്കര ചിറയ്ക്കല്‍ സി. റ്റി. തോമസിനു (കുഞ്ഞുമോന് 80) നേരേയാണ് ആക്രമണം ഉണ്ടായത്. വലിയപറമ്പില്‍ പടിക്കു സമീപമുള്ള കൃഷിയിടത്തിലെ ശബ്ദംകേട്ട് നോക്കാന്‍ ചെന്നപ്പോൾ വിമുക്തഭടനു നേരേ കാട്ടുപന്നി ചാടിവീണ് ആക്രമിക്കുകയായിരുന്നു. കുഞ്ഞുമോനും ഭാര്യ പൊന്നമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സാരമായ പരിക്കേറ്റ കുഞ്ഞുമോനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, സ്ഥിരം സമിതി അധ്യക്ഷ മോളി മാത്യു എന്നിവര്‍ പഞ്ചായത്തിലെ ഷൂട്ടര്‍ ലിസ്റ്റിലുള്ള റെജി ജോസഫിനെ വിളിച്ചു വരുത്തി പന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഇതേ കാട്ടുപന്നി രാവിലെ മുതല്‍ ഇട്ടിയപ്പാറ ടൗണ്‍ പരിസരങ്ങളിലുണ്ടായിരുന്നു. രണ്ടുതവണ പിഎം റോഡിനു കുറുകെ ഓടിയതായി പറയുന്നു.
പഴവങ്ങാടി പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. പഞ്ചായത്ത് പട്ടികയില്‍ ഷൂട്ടര്മാരുണ്ടെങ്കിലും പന്നിയെ കാണുമ്പോള്‍ വെടിവയ്ക്കാന്‍ ഇവരെ കിട്ടാറില്ലെന്ന് പറയുന്നു. പന്നിശല്യം കാരണം കൃഷിയിടങ്ങള്‍ തരിശിട്ടതോടെ പല പ്രദേശങ്ങളും കാടുകയറിക്കിടക്കുകയാണ്. ഇത്തരം സ്ഥലങ്ങള്‍ പന്നിക്കു താവളമാണ്.
Tags : Nattuvishesham DistrictNews DeepikaNews