മലയിഞ്ചിമേഖലയില് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച നിലയില്‍.
ഉടുമ്പന്നൂര്‍: പഞ്ചായത്തിലെ അമയപ്രമുതല് കോട്ടക്കവല വേളൂര്‍ ഫോറസ്റ്റ് സ്റ്റേഷന് വരെയുള്ള ജനവാസ മേഖലയില്‍ കാട്ടാനശല്യം അതിരൂക്ഷം.
കഴിഞ്ഞ ദിവസം ആല്‍ബര്‍ട്ട് ജോര്‍ജ് കൊടുവേലിയുടെ മോട്ടോറും അനുബന്ധ ഉപകരണങ്ങളും കാട്ടാന നശിപ്പിച്ചു. ഇതിനു പുറമേ സാജു കുര്യാക്കോസ് മേക്കാട്ടില്‍, ഷാജി കുന്നത്തുകുഴിയില്‍, ജോയി ഏറമ്പടത്ത്, ബെന്നി കൈതക്കണ്ടത്തില്‍, സുനില്‍ കണ്ണംകുഴിയില്‍, ബിജു ജോസഫ് കണ്ണംകുഴിയില്‍ എന്നിവരുടെ വാഴ, കന്നാര, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
സ്കൂള്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പ്രതിദിനം യാത്രചെയ്യുന്ന മേഖലയിലാണ് കാട്ടാനകള്‍ നാശം വിതയ്ക്കുന്നത്. ഇതുമൂലം വിദ്യാര്‍ഥികളും ജോലിക്കു പോകുന്നവരും രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവരുമെല്ലാം വലിയ ഭീതിയിലാണ്.
ഒരാഴ്ച മുമ്പും പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. പഞ്ചായത്തിലെ മലയിഞ്ചി മേഖലയില്നിരവധിതവണ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്.
കാട്ടാനശല്യത്തിന് പരിഹാരമായി സോളാര്‍ വേലികള്‍ സ്ഥാപിക്കുമെന്ന വനംവകുപ്പിന്റെയും മറ്റുജനപ്രതിനിധികളുടേയും പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായിരിക്കുകയാണ്.
വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ വനംവകുപ്പ് സെക്ഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നെങ്കിലും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കാട്ടാനആക്രമണം തടയുന്നതിന് ആവശ്യമായ പ്രതിരോധ നടപടികള്‍ അധികൃതര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
Tags : Nattuvishesham DistrictNews DeepikaNews