കാട്ടാനകളുടെ ശല്യംമൂലം കരിമലയിൽ ഉപേക്ഷിച്ചു പോയ വീടുകളിൽ ഒന്ന്.
കല്ലടിക്കോട്: പതിറ്റാണ്ടുകൾക്കപ്പുറം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നാടായിരുന്ന മലയോര മേഖല ഇന്ന് വന്യമൃഗങ്ങളുടെ സംഗമതാഴ്വരകളായി മാറി. കല്ലടിക്കോടൻ മലയോര മേഖലയുൾപ്പടെയുള്ള പ്രദേശങ്ങളിൽ വന്യമൃഗഭീഷണി സ്ഥിരമായി. ജനങ്ങളുടെ ജീവനും സ്വത്തിനും വരുമാനമാർഗങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുന്നു.
കാട്ടാനകളുടെ സ്ഥിരസാനിധ്യം ഗ്രാമപ്രദേശങ്ങളെ ഭീതിയിലാക്കിയപ്പോൾ മനുഷ്യർ തങ്ങളുടെ വീടും സ്ഥലവും കൃഷിയുമെല്ലാം ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങലിലേക്ക് പിന്മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി കൃഷിയും വീടുമുണ്ടെങ്കിലും കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്തതോടെ മറ്റു വഴികളില്ലെന്നാണ് കഞ്ചിക്കോടു മുതൽ മെഴുകുംപാറ വരെയുള്ള ജനങ്ങൾ പറയുന്നത്. കഞ്ചിക്കോട്, മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ, കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, അഗളി പഞ്ചായത്തുകളിൽ ഒരു കാലത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് പാർത്തിരുന്നത്. കുറുവമ്പാടി, ഉണ്ണിമല, കയ്യറ, കരിമല, ഞാറക്കോട്, അരിപ്പ, മുണ്ടനാട്, ചെറുമല, കുറുമുഖം തുടങ്ങിയ മലയോരമേഖലകളിൽ താമസക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.
പല പ്രദേശങ്ങളിലും പൂട്ടിയ വീടുകളും പുല്ലുവളർന്ന കൃഷിയിടങ്ങളും കാട്ടുപന്നികളും കാട്ടാനകളും മാനുകളും പുലിയും കടുവയും വിഹാര കേന്ദ്രങ്ങളാക്കി മാറ്റി. സ്വന്തമായി നിർമിച്ച വീടുകൾ ഉണ്ടെങ്കിലും വന്യമൃഗങ്ങളെ പേടിച്ച് അവിടെ കഴിയാൻ മനസുവരുന്നില്ലെന്ന് കർഷകർ പറയുന്നു. കാട്ടാനകൾ കൃഷിമാത്രമല്ല നശിപ്പിച്ചത്, മലയോര മേഖലയിലെ ജീവിതങ്ങൾ കൂടിയാണ്.
റബറും തെങ്ങും കമുകും ജാതിയും കൊക്കോയും കൃഷിചെയ്ത് രണ്ടേക്കർ മുതൽ 10 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകർപോലും ചെറുപട്ടണങ്ങളിൽ വാടകവീടുകളിലാണ് കഴിയുന്നത്.
ഏക വരുമാനമാർഗമായിരുന്ന കൃഷി പൂർണമായി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായതോടെ കുടുംബങ്ങൾ പട്ടിണിയിലായി. ഇരുട്ട് വീഴുന്നതിനുമുമ്പുതന്നെ കാട്ടാനകളടക്കമുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിലും റോഡുകളിലും ഇറങ്ങുന്നതുമൂലം കർഷകർക്ക് പുറത്തിറങ്ങാനോ അയൽവീടുകളിൽ പോകാനോ പോലും സാധിക്കുന്നില്ല. റബർ ടാപ്പിംഗിനുപോലും പണിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. സ്ഥലം വിറ്റ് മാറാമെന്ന് വിചാരിച്ചാൽ ആരും വാങ്ങാൻ തയ്യാറുമല്ല. സർക്കാരിന്റെ പുതിയ പദ്ധതി അനുസരിച്ച് ഭൂമി കൈമാറാമെന്നുവെച്ചാൽ വിപണിവില പോലും ലഭിക്കുകയുമില്ല. വികസനകാര്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതുപോലെ യഥാർഥവില നൽകി കൃഷിഭൂമികൾ ഏറ്റെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കുടിയേറ്റ ജൂബിലി ആഘോഷിച്ച പാലക്കയം, ചീനിക്കപ്പാറ, വട്ടപ്പാറ, മുണ്ടനാട്, ഇരുമ്പാമുട്ടി, കരിമല, ചുള്ളിയാംകുളം അടക്കമുള്ള മേഖലകളിൽ വീടുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മലയോരമേഖലകളിൽ പൂട്ടിക്കിടക്കുന്ന വീടുകളുടെ ഏണ്ണം അനുദിനം വർധിച്ചു വരുകയാണ്. വന്യമൃഗശല്യം മനുഷ്യാവകാശ പ്രശ്നമായി മാറിയതോടെ ഒരു സംസ്ക്കാരം തന്നെയാണ് അപ്രത്യക്ഷമാകുന്നത്. സർക്കാരിന്റെ കാര്യമായ ഇടപെടൽ വേണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Tags : People fleeing nattuvishesham local news