കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി ഇന്നലെ രാവിലെ ഒമ്പതിനു ജില്ലയില്‍ തുടക്കമായി.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 298 കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലാണ് ‘പ്രിയദര്‍ശിനി' പദ്ധതി നടപ്പാക്കുന്നത്. ബസുകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിപ്പോകളിലെ ഭരണകക്ഷി യൂണിയനുകളില്‍ പെട്ടവരും ബസുകള്‍ വര്‍ണ ബലൂണുകളും റിബണുകളും ഹാരങ്ങളും കെട്ടി അലങ്കരിച്ചിരുന്നു.
ബസുകളില്‍ മുന്‍വശവും വാതിലിനരികിലും പ്രിയദര്‍ശിനി സ്റ്റിക്കറുകളും പതിപ്പിച്ചിരുന്നു.
കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മന്ത്രി ബിന്ദു കൃഷ്ണ ബസില്‍ യാത്ര ചെയ്ത് ഉദ്ഘാടനം ചെയ്തു.പദ്ധതി പ്രകാരം ഒരുക്കിയ പ്രത്യേക ബസുകളുടെ ഫ്ലാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വഹിച്ചു.
തുടര്‍ന്ന് കരിക്കോട് - കുണ്ടറ - കൊട്ടാരക്കര റൂട്ടിലെ ഓര്‍ഡിനറി ബസില്‍ മന്ത്രിയും എന്‍.കെ. പ്രേമചന്ദ്രന് എംപിയും വിഷ്ണു മോഹന്‍ എംഎല്‍എയും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒന്നിച്ച് സഞ്ചരിച്ചു.
കരുനാഗപ്പള്ളിയില്‍ രാവിലെ 8.30ന് സി.ആര്. മഹേഷ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
ചവറയില്‍ കെപിസിസി സെക്രട്ടറി എല്‍.കെ ശ്രീദേവിയും ചാത്തന്നൂര്‍ ഡിപ്പോയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.മഹേശ്വരിയും ചടയമംഗലത്ത് എം.എം. നസീര്‍ എംഎല്‍എയും ആയൂര്‍ ഓപ്പറേറ്റിംഗ് സെന്ററില്‍ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയും നിര്‍വഹിച്ചു.
ബസുകളുടെ ഫ്ലാഗ് ഓഫും യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ് അധ്യക്ഷയായി.
ഇടമണ്‍ സത്രം മുക്കില്‍ ഡിസിസി സെക്രട്ടറി എസ്.ഇ. സഞ്ജയ്ഖാനും ഉദ്ഘാടനം ചെയ്തു. പരിപാടി എല്‍ഡിഎഫ് എംഎല്‍എമാരായ കെ.എന്‍. ബാലഗോപാലും അജയകുമാറും ഇടത് ജനപ്രതിനിധികളും ബഹിഷ്കരിച്ചു.
പത്തനാപുരത്ത്
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ പത്തനാപുരം കെഎസ്ആര്‍ടിസി യൂണിറ്റുതല ഉദ്ഘാടനം ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ നിര്‍വഹിച്ചു.
പത്തനാപുരം ഡിപ്പോയിലെ 51 ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക.
ബസുകളുടെ ഫ്ലാഗ് ഓഫും യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ് അധ്യക്ഷയായി.
ആര്യങ്കാവിൽ
ആര്യങ്കാവ് കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സിൻസി മോൾ നിർവഹിച്ചു.ചടങ്ങിൽ ഡിപ്പോയിലെ കണ്ടക്ടർ ജി. ജയകുമാർ അധ്യക്ഷനായി.
സ്റ്റേഷൻ മാസ്റ്റർ ടി. ബൈജു, ഐഎൻടിയുസി ആര്യങ്കാവ് ഡിപ്പോ സെക്രട്ടറി ജിമ്മി ചെറിയാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, പഞ്ചായത്തംഗം സുനീഷ് ഇടപ്പളയം, തോമസ് മൈക്കിൾ, അഡ്വ.ജോർജ്കുട്ടി, തോമസ് ജോർജ്, മനോജ് വിക്രമൻ, കെ.ജെ. അജോ, ജോസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീകള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കും: മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം: സംസ്ഥാനത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 298 കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസുകളിലാണ് ‘പ്രിയദര്‍ശിനി' പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം പദ്ധതി പ്രകാരം ഒരുക്കിയ പ്രത്യേക ബസുകളുടെ ഫ്ലാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് കരിക്കോട്-കുണ്ടറ-കൊട്ടാരക്കര റൂട്ടിലെ ഓര്‍ഡിനറി ബസില്‍ മന്ത്രിയും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒന്നിച്ച് സഞ്ചരിച്ചു. ചടങ്ങില്‍ മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷനായി.
കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ധനസഹായം: മന്ത്രി വിഷ്ണുനാഥ്
കൊല്ലം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി' പദ്ധതിയിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് പരിഹരിക്കാന്‍ 800 കോടി രൂപ അധികമായി നല്‍കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്.
കുണ്ടറ മുക്കടയില്‍ പ്രിയദര്‍ശിനി പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ സ്ത്രീകളുടെ യാത്രാചെലവില്‍ ഉണ്ടാകുന്ന ഇളവ് അവരുടെ വരുമാന വർധനവിന് കാരണമാകുമെന്നും മുന്‍ഗണനാ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാര്‍ അധ്യക്ഷനായി, ഇളമ്പള്ളൂര്‍, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു ഗോപന്, ബീന നജുമുദീന്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഗായത്രി തുടങ്ങിയവര്‍ പങ്കെടുത്തു.
ചാത്തന്നൂരില്‍ ആഘോഷത്തോടെ തുടക്കം
ചാത്തന്നൂര്‍ :യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതിക്ക് ചാത്തന്നൂര്‍ ഡിപ്പോയില്‍ ആഘോഷത്തോടെ തുടക്കമായി.
ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വനിതകളാണ് പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതിക്ക് അഭിവാദ്യം അര്‍പ്പിക്കാനും യാത്ര ചെയ്യാനുമായി ഡിപ്പോയില്‍ എത്തിച്ചേര്‍ന്നത്.
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ചാത്തന്നൂര്‍ ഡിപ്പോതല ഉദ്ഘാടനം പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശശികല നിര്‍വഹിച്ചു. ചാത്തന്നൂര്‍ സിവില്‍ സ്റ്റേഷന് വാര്‍ഡ് അംഗം എ. ഷീജ അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എ.ഷാജഹാന്, എടിഒ കെ.ഗോപകുമാര്‍, അസി.ഡിപ്പോ എന്‍ജിനിയര്‍ ആര്. രാജേഷ് കുമാര്‍, പരവൂര്‍ നഗരസഭാ കൗണ്‍സിലര്‍ പരവൂര്‍ സജീബ്, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികളായ സുനില്‍കുമാര്‍, അജിത് കുമാര്‍, പ്രവീണ്‍ രാജന്, ഐഎന്‍ടിയുസി യൂണിറ്റ് പ്രസിഡന്റ് എസ്.എസ്. സാബു, യുണിറ്റ് സെക്രട്ടറി എസ്. സുകേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ലഡു വിതരണവും നടത്തി.
അഭിനന്ദന യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവി, കെപിസിസി നിര്‍വാഹക സമിതി മുന്‍ അംഗം എന്‍. ജയചന്ദ്രന്, കെപിസിസി അംഗം നെടുങ്ങോലം രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനം
പുനലൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ ഉദ്ഘാടനം പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പുനലൂര്‍ - തെന്മല ഓര്‍ഡിനറി ബസില്‍ നഗരസഭ കൗണ്‍സിലര്‍ സാബു അലക്സ് നിര്‍വഹിച്ചു.
ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ഷിബു അധ്യക്ഷത വഹിച്ചു. സൗജന്യ യാത്ര ഓര്‍ഡിനറി ബസിലെ വനിതാ ജീവനക്കാരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാര്‍ ഷാളണിയിച്ച് ആദരിച്ചു.ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതാ ജീവനക്കാരായിരുന്നു.
യോഗത്തില്‍ ഡിസിസി ഭാരവാഹികളായ സഞ്ജു ബുഖാരി, കെ.ശശിധരന്, വെഞ്ചേമ്പ് സുരേന്ദ്രന്, മണ്ഡലം പ്രസിഡന്റുമാരായ കെ.എന്‍ ബിപിന്കുമാര്, എസ് നാസര്‍, അയ്യൂബ് വെഞ്ചേമ്പ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സരസ്വതി പ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി അശ്വതി, ഡിപ്പോ എന്‍ജിനിയര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ യാത്രക്കാരുമായി ബസ് ടൗണ്‍ചുറ്റി തെന്മലയിലേക്ക് സര്‍വീസ് ആരംഭിച്ചു.
പ്രിയദർശിനി യാത്രാ പദ്ധതി ക്ഷേമ ഭരണത്തിന്റെ മാതൃക: കൊടിക്കുന്നിൽ സുരേഷ് എംപി
കൊട്ടാരക്കര: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ വനിതാ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി’ സ്ത്രീശാക്തീകരണത്തിനും സാമൂഹിക നീതിക്കും പുതിയ ദിശാബോധം നൽകുന്ന ജനക്ഷേമ പദ്ധതിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതിയുടെ സ്വീകരണവും ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജലജ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. ആയിഷാ പോറ്റി, ഓ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
മധുരം നൽകി ആഘോഷം
ചവറ : സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ചവറയുടെ വിവിധ കേന്ദ്രങ്ങളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ബസുകളില്‍ മധുരം വിതരണം ചെയ്തു. ഐഎന്‍ടിയുസി ചവറ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചവറ ബസ് സ്റ്റാന്‍ഡില്‍ മധുരം നല്കി.
യുഡിഎഫ് ചവറ നിയോജക മണ്ഡലം ചെയര്മാന് കോലത്തു വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.റീജണല്‍ പ്രസിഡന്റ് ജോസ് വിമല്‍രാജ് അധ്യക്ഷനായി. വടക്കുതലയില് ഡിസിസി എക്സിക്യൂട്ടീവ് അംഗം പൊന്മന നിശാന്തും പന്മനയില് ഡിസിസി ജനറല്‍ സെക്രട്ടറി സന്തോഷ് തുപ്പാശേരിയും ഉദ്ഘാടനം ചെയ്തു.
അഞ്ചലില്‍ വരവേല്‍പ്പ് നല്കി
അഞ്ചല്‍ : അഞ്ചല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രിയദര്‍ശിനി ബസിന് അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ വരവേല്‍പ്പ് നല്കി.
സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചും യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തും ആശംസകള്‍ അറിയിച്ചും അഞ്ചല്‍ പട്ടണത്തിലേക്കു എത്തിയ ബസുകളെ പ്രവര്‍ത്തകരും നേതാക്കളും സ്വീകരിച്ചു.സ്വീകരണ ചടങ്ങ് അഞ്ചല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ. ഷോം ഉദ്ഘാടനം ചെയ്തു.
അലയമണ്ണില്‍ സ്വീകരണം നൽകി
അഞ്ചല്‍ : കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ശേഷം അലയമണ്ണില്‍ എത്തിയ കെഎസ്ആര്‍ടിസി ബസിന് കോണ്‍ഗ്രസ് അലയമണ്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി.പത്തേമുക്കാലോടെ ചണ്ണപ്പേട്ട ജംഗ്ഷനില്‍ എത്തിയ കൊട്ടാരക്കര ചണ്ണപ്പേട്ട ഓര്‍ഡിനറി ബസിനെയാണ് സ്വീകരിച്ചത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. സാദിക് ഷാള്‍ അണിയിച്ച് ബസിലെ കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരെ സ്വീകരിച്ചു.ചടങ്ങ് ഡിസിസി ജനറല്‍ സെക്രട്ടറി കെ.ജി. സാബു ഉദ്ഘാടനം ചെയ്തു.
നേതാക്കളായ എച്ച്. സുനില്‍ ദത്ത്, ജേക്കബ് മാത്യു, ചാര്‍ളി കൊലത്ത്, സജി ഇല്ലിക്കല്‍, ലില്ലികുട്ടി നെത്സന്‍, മാഹീന് കാട്ടുംപുറം, അനില്‍ പൊയ്കവിള, തോമസ് മണ്ണില്‍, സോഫി ബി.വര്‍ഗീസ്, അസീമാ സലീം, സജീനാ ഷിബു, സജി ഇല്ലിക്കല്‍, ലതാ സുനില്‍, ശ്രീലത, ജുമൈലത്ത്, അംബിളി സുദര്ശനന് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Women make Priyadarshini'