പ്രതീകാത്മക ചിത്രം
ആലപ്പുഴ: ടൗൺ സെക്ഷന്റെ പരിധിയിൽ ജോലിയിലേർപ്പെട്ടിരിക്കെ കരാർ തൊഴിലാളിയായ വിഷ്ണു കുമാർ ഷോക്കേറ്റുമരിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി കരാർ തൊഴിലാളികൾ പ്രക്ഷോഭം ആരംഭിക്കുന്നു.
വൈദ്യുതിഭവനു മുൻപിൽ ഒന്പതിന് രാവിലെ 10ന് കെഎസ്ഇബി- പെറ്റി കോൺട്രാക്ടേഴ്സ് ആൻഡ് കോൺട്രാക്ട് ലൈൻ വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൂട്ടധർണ നടത്തുന്നു. സബ്സ്റ്റഷനിൽ നിന്നും പെർമിറ്റെടുത്ത് ഹൈടെൻഷൻ ലൈൻ ഓഫ് ചെയ്ത് ഇരു വശവും എർത്ത് ചെയ്ത് ജോലി ചെയ്യവേ എങ്ങനെ വൈദ്യുതി പ്രവഹിച്ചു എന്നതിനെ സംബന്ധിച്ച് ഇനിയും വ്യക്തത വരുത്തേണ്ടിയിരിക്കുന്നു. സമീപത്തെ ഒരു സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി പ്രവഹിച്ചു എന്നു പറയുന്നതിന് മതിയായ തെളിവുകളൊന്നും തന്നെയില്ല.
ആധികാരിക രേഖയായ പെർമിറ്റ് റ്റു വർക്കിൽ വെട്ടിത്തിരുത്തലുകൾ വരുത്തിയെന്ന ആരോപണത്തെ സംബന്ധിച്ചും വിശദീകരിക്കുവാൻ അധികാരികൾ തയാറാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സൂചന എന്ന നിലയിൽ ധർണ നടത്തുവാൻ തീരുമാനിച്ചതെന്ന് യൂണിയൻ അറിയിച്ചു. കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും ഭാര്യക്ക് ആശ്രിത നിയമനവും നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു. ധർണ ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്എസ്. സീതിലാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബോണിഫസ് ബെന്നി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ നേതാക്കളായ ആർ. വേണു ഗോപാൽ, സുഭാഷ്കുമാർ തുടങ്ങിയവർ പ്രസംഗിക്കും.
Tags :