വാടാനപ്പിള്ളി: അപകടത്തിൽ മരിച്ച യുവ ഫുട്ബോൾ താരം സിനാനു(18) വിട നൽകാൻ ഒരു നാട് മുഴുവൻ ഒഴുകിയെത്തി.
കഴിഞ്ഞദിവസമുണ്ടായ ബൈക്ക് അപകടത്തിലാണ് ചേറ്റുവ സ്വദേശി സിനാനു ഗുരുതര പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് മരണപ്പെടുകയായിരുന്നു. സിനാന് അന്തിമോപചാരം അർപ്പിക്കാൻ സുഹൃത്തുക്കളും സഹപാഠികളുമടക്കം ഒട്ടറെ പേരാണു വസതിയിലും സിനാൻ അംഗമായ ചേറ്റുവ എഫ്എസി ക്ലബ്ബിലും എത്തിയത്. വൈകീട്ട് 5.30ന് ചേറ്റുവ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.
സിനാന്റെ മരണത്തോടെ ഫുട്ബോളിലെ ഭാവിവാഗ്ദാനത്തെയാണ് നാടിനു നഷ്ടമായത്.
സബ് ജൂനിയർ, ജൂനിയർ, അണ്ടർ 19, അണ്ടർ 20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലയ്ക്കുവേണ്ടിയും, ഒഡീഷയിൽ നടന്ന ജൂനിയർ ബി.സി. റോയ് ഫുട്ബോൾ ചാന്പ്യൻഷിപ്പിലും ദേശീയ സ്കൂൾ അണ്ടർ 19 ഫുട്ബോൾ കിരീടം നേടിയ കേരള ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭയായിരുന്നു സിനാൻ.