പ്രണവ്
പന്തളം: എംസി റോഡില്‍ പാട്ടുപുരക്കാവ് ജംഗ്ഷനു സമീപം മിനിബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊട്ടാരക്കര കുളക്കട പ്രണവം വീട്ടില്‍ സന്തോഷ് കുമാറിന്റെ മകന് പ്രണവ് (23) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 12.30-നായിരുന്നു അപകടം. അടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നെത്തിയ മിനിബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന കുളക്കട നീലാംബരിയില്‍ കിഷോറിന്റെ മകള്‍ കൃഷ്ണ ആര്. കിഷോറിന് (24) ഗുരുതരമായി പരിക്കേറ്റു. ഇവരെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൃഷ്ണയുടെ അച്ഛൻ കിഷോറിനെ കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം.
രാത്രിയില്‍ കാര്‍ ഓടിക്കുന്നതിനിടെ പ്രണവ് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട കാര്‍ എതിര്‍ദിശയില്‍ എത്തിയ മിനിബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സ്ഥലത്തെത്തിയ പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അടൂര്‍ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റി.