കളഞ്ഞു കിട്ടിയ രണ്ടുലക്ഷം രൂപ പോലീസ് സ്റ്റേഷനില് ഏല്പിക്കുന്നു.
മൂവാറ്റുപുഴ: സ്കൂള് ബസ് ഡ്രൈവറുടെ സത്യസന്ധതയിൽ യുവാവിന് നഷ്ടപ്പെട്ട രണ്ടുലക്ഷം തിരികെ ലഭിച്ചു. മൂവാറ്റുപുഴ നിര്മല പബ്ലിക് സ്കൂള് ഡ്രൈവര് ആനിക്കാട് സ്വദേശി ബിജു തലപ്പിള്ളിയാണ് തനിക്ക് കളഞ്ഞുകിട്ടിയ പണം തിരികെ നല്കി മാതൃകയായത്.
ഓട്ടോറിക്ഷയും ഓടിക്കാറുള്ള ബിജു തിങ്കളാഴ്ച രാത്രി 7.30ഓടെ ആനിക്കാട് - വള്ളിക്കട റോഡില് സവാരി നടത്തി തിരികെ വരുന്നതിനിടെ റോഡില് കിടക്കുന്ന നിലയില് പണം ശ്രദ്ധയിൽപ്പെട്ടത്. അഞ്ഞൂറു രൂപയുടെ നാലു കെട്ടുകളിലായി രണ്ടുലക്ഷം രൂപയാണ് റോഡില് നിന്നും ലഭിച്ചത്.
ബിജു പഞ്ചായത്തംഗത്തെ വിവരം അറിയിച്ച ശേഷം പണം മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില് ഏല്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില് ആനിക്കാട് ഇളഞ്ഞേടത്ത് ഷിബിന് ജോസിന്റേതാണ് പണമെന്ന് കണ്ടെത്തി.
തുടര്ന്ന് ഷിബിന് പോലീസ് സ്റ്റേഷനില് എത്തി പണം കൈപ്പറ്റി.