പ്രതീകാത്മക ചിത്രം
തൊടുപുഴ: നഗരത്തിലെ പാലത്തില്‍നിന്നു പുഴയില്‍ ചാടാനൊരുങ്ങിയ യുവാവിനെ പൊലിസ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. തൊടുപുഴ തെക്കുംഭാഗം സ്വദേശിയായ യുവാവാണ് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ മൂപ്പില്‍കടവ് പാലത്തില്‍നിന്നു തൊടുപുഴയാറില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഇവര്‍ പൊലിസില്‍ വിവരമറിയിച്ചു. സ്റ്റേഷനില്‍നിന്നു പൊലിസ് സബ് ഇന്‍സ്പെക്ടര്‍ വി.എ. ബിജുവിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സക്കീര്‍, സഞ്ജു, ദീപു എന്നിവര്‍ സ്ഥലത്തെത്തി.
ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ യുവാവിനെ സമാധാനിപ്പിച്ച് ഉദ്യമത്തില്‍നിന്നു പിന്തിരിപ്പിക്കുകയായിരുന്നു. വിവരങ്ങള്‍ തിരക്കിയ പൊലിസ് ഉദ്യോഗസ്ഥര്‍ യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായവും ലഭ്യമാക്കി. പിന്നീട് ഇയാളുടെ ബന്ധുക്കളെയും വിളിച്ചു വരുത്തി.
പൊലിസിനോടൊപ്പം പ്രദേശവാസികളായ ഓട്ടോ തൊഴിലാളികളുടെയും സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവന് രക്ഷിക്കാന്‍ സഹായകമായത്.
Tags : Nattuvishesham DistrictNews DeepikaNews