പ്ലസ് ടു ഫലം വന്നതിനുശേഷം ഇനിയെന്തു ചെയ്യും എന്നുള്ള കൺഫ്യൂഷനിലാണോ നിങ്ങൾ ? ടെൻഷൻ വേണ്ട പരിഹാരമുണ്ട്. പ്ലസ് ടുവിനു സയൻസ് തെരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള ഉപരിപഠന സാധ്യതകളാണ് ഇന്നത്തെ ചർച്ചാവിഷയം. പ്രഫഷണല്‍ കോഴ്സുകളുടെ വിശാലമായ ലോകമാണ് പ്ലസ് ടു സ്ട്രീമിൽ ബയോ മാത്സ് തെരഞ്ഞെടുത്തവർക്കുള്ളത്. ഒരേസമയം എല്ലാ സ്ട്രീമുകള്‍ക്കുമുള്ള തുടര്‍പഠന സാധ്യതകളും ഇവര്‍ക്കുതന്നെയാണ്.
ബയോളജി പ്ലസ് ടു തലത്തില്‍ പഠിച്ചവര്‍ക്ക് ഒരുപാട് കോഴ്സ് വൈവിധ്യങ്ങളുണ്ട്. എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, നാച്ചുറോപ്പതി എന്നിങ്ങനെയുള്ള കോഴ്സുകള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിത്തന്നെ പ്രവേശനം നേടണം. പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്കാണ് പ്രവേശനം.
അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി സയന്‍സ് തുടങ്ങിയവ അലൈഡ് സയന്‍സ് എന്നറിയപ്പെടുന്ന വിഭാഗത്തിൽപെടുന്നവയാണ്. നീറ്റ് എഴുതി, പരീക്ഷാ ഫലം കേരള റാങ്കിലേക്ക് മാറ്റിയാണ് ഈ കോഴ്സുകള്‍ക്ക് കേരളത്തില്‍ പ്രവേശനം നല്‍കുന്നത്.
എന്നാല്‍, വെറ്ററിനറി ഒഴികെയുള്ള കോഴ്സുകള്‍ക്ക് അഖിലേന്ത്യാതലത്തില്‍ കോമണ്‍ യൂണിവേഴ്സിറ്റി എൻട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് (അഖിലേന്ത്യാ ക്വോട്ട സീറ്റുകള്‍ക്ക്) പ്രവേശനം നല്‍കുന്നത്. വെറ്ററിനറി കോഴ്സിന്റെ അഖിലേന്ത്യാ ക്വോട്ട പ്രവേശനം വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ, നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ വേറെതന്നെയാണ് നടത്തുന്നത്.
ബയോടെക്നോളജി, ജനറ്റിക്സ് പോലുള്ള ഗവേഷണ പ്രാധാന്യമുള്ള കോഴ്സുകള്‍ അലൈഡ് കോഴ്സുകളുടെ ഉപരിപഠന സാധ്യതയാണ്. പാരാമെഡിക്കല്‍ എന്നറിയപ്പെടുന്ന വലിയ വിഭാഗം കോഴ്സുകൾ വേറെയുമുണ്ട്. വ്യത്യസ്ത തൊഴില്‍ അവസരങ്ങളും ഉപരിപഠന സാധ്യതകളും നല്കുന്ന, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി എംഎല്‍ടി (മെഡിക്കല്‍ ലാബ് ടെക്നോളജി), ബിഫാം/ ഫാംഡി എന്നീ കോഴ്സുകൾ ഡെവലപ്പിംഗ് കോഴ്സുകളായി പരിഗണിക്കാം.
കാര്‍ഡിയാക് വാസ്കുലര്‍ ടെക്നോളജി, മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി, മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി/മെഡിക്കല്‍ റേഡിയോ തെറാപ്പി, എമര്‍ജന്‍സി കെയര്‍ ടെക്നോളജി, റെസ്പ്പിറേറ്ററി ടെക്നോളജി, അനസ്തേഷ്യ ആന്‍ഡ് ഓപറേഷന് തിയറ്റര്‍ ടെക്നോളജി മുതലായവ തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്. എന്നാൽ, ഈ മേഖലയിൽ ഉപരിപഠന സാധ്യതകൾ വളരെ കുറവാണ്.
ഒപ്റ്റോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബ്ലഡ് ബാങ്കിംഗ്, ഡയാലിസിസ് കോഴ്സുകള്‍ക്ക് നിലവില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെങ്കിലും ക്രമേണ അവസരങ്ങള്‍ കുറഞ്ഞേക്കാം. കേരളത്തില്‍ എൽബിഎസ് വഴി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫാര്‍മസി ഒഴികെയുള്ള കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നത്. ഫാര്‍മസി കോഴ്സിന് കീം വഴിയാണ് പ്രവേശനം. ഫാംഡി കോഴ്സിന് അതാത് സ്ഥാപനങ്ങള്‍ വഴിയും പ്രവേശനം നേടാൻ സാധിക്കും.
ഫിസിയോതെറാപ്പി, ഒക്യൂപ്പേഷനല്‍ തെറാപ്പി, സ്പീച്ച് ലാംഗ്വേജ് പതോളജി അഥവാ ഓഡിയോളജി എന്നിവ റീഹാബിലിറ്റേഷന്‍ കോഴ്സുകളുടെ വിഭാഗത്തിൽ ഉൾപെടും.
മെഡിക്കല്‍/ക്ലിനിക്കല്‍ പ്രാക്ടീസ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവര്‍ക്ക് പ്രാക്ടീസ് ഓറിയന്റഡ് കോഴ്സുകളായി ഇവയെ ഉപയോഗിക്കാം. സ്പെഷലൈസ്ഡ് മാസ്റ്റര്‍ പ്രോഗ്രാമുകള്‍ ഉപരിപഠന സാധ്യതയായി നിലവിലുണ്ട്. കേരളത്തില്‍ എല്‍ബിഎസ് വഴിയാണ് പ്രവേശനം.
ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ്, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, അനാട്ടമി, ഫിസിയോളജി തുടങ്ങിയ കോഴ്സുകളെ അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകളുടെ ഗണത്തിൽ പെടുത്താം. ഇവയിൽ മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി എന്നിവ ഉപരിപഠനവും തൊഴില്‍ സാധ്യതകളും നല്കുന്നവയാണ്.
എന്നാല്‍ അനാട്ടമി, ഫിസിയോളജി മുതലായവ തികച്ചും റിസര്‍ച്ച് ഓറിയന്റഡ് കോഴ്സുകളാണ്. ഏത് കോഴ്സും വളരെ പാഷനേറ്റ് ആയി പഠിക്കുകയും സ്വന്തമായി ഇടം കണ്ടെത്തുകയും ചെയ്യുന്നവര്‍ക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് തിരിച്ചറിയുക. പഠിക്കുന്പോൾ ഇഷ്ടവിഷയങ്ങൾ തെരഞ്ഞെടുക്കാനും അതിന്റെ ജോലിസാധ്യതകൾ മനസിലാക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
Tags : professional courses scientists