ഹ്യുണ്ടായ് കോന ഒന്പതിന്
Friday, July 5, 2019 12:27 PM IST
മുംബൈ: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് കാർ കോന ഈ മാസം ഒന്പതിന് വിപണിയിൽ അവതരിപ്പിക്കും. ആകർഷക ഡിസൈനിലുള്ള വാഹനത്തിന് ട്വിൻ ഗെഡ്ലൈറ്റ് നല്കിയിരിക്കുന്നു. ഹെഡ്ലാന്പുകൾ, ഡിആർഎലുകൾ, റിയർ ലാന്പുകൾ എല്ലാം എൽഇഡിയാണ്. എസ്യുവി വിഭാഗത്തിൽ അവതരിപ്പിക്കുന്ന കോനയ്ക്ക് 17 ഇഞ്ച് അലോയ് വീലുകൾ നല്കിയിരിക്കുന്നു. എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ഇലക്ട്രോണിക് ഗിയർ ഷിഫ്റ്റ് ബട്ടൺ എന്നിവയാണ് കാബിനിലെ പ്രധാന പ്രത്യേകതകൾ.
39.2 കിലോവാട്ട്, 64 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ എത്തുന്ന വാഹനത്തിന് 136 എച്ച്പി പവറിൽ 395 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാനാകും. 39.2 കിലോവാട്ട് ഓപ്ഷന് മണിക്കൂറിൽ 155 കിലോമീറ്ററാണ് പരമാധി വേഗം. ഒരു തവണ ചാർജ് ചെയ്താൽ 312 കിലോമീറ്റർ സഞ്ചരിക്കാം. 64 കിലോവാട്ട് ഓപ്ഷന് 204 എച്ച്പി പവറിൽ 395 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. പരമാവധി വേഗം മണിക്കൂറിൽ 167 കിലോമീറ്ററും ഒരു തവണ ചാർജ് ചെയ്താൽ സഞ്ചരിക്കുന്ന ദൂരം 482 കിലോമീറ്ററുമാണ്.
ലിക്വിഡ് കൂൾഡ് ലിഥിയം അയോൺ ബാറ്ററി വാഹനത്തിന് മികച്ച പെർഫോമൻസ് നല്കാൻ സഹായിക്കുന്നുവെന്ന് കന്പനി അവകാശപ്പെടുന്നു. 100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനിൽ ഒരു മണിക്കൂറിനുള്ളിൽ ബാറ്ററിക്ക് 80 ശതമാനം ചാർജ് ആകുമെന്നും കന്പനി അറിയിച്ചു. ഇന്ത്യയിൽ കോന ഇലക്ട്രിക് എസ്യുവിക്ക് 25 ലക്ഷം രൂപ വില വരുമെന്നാണ് കരുതുന്നത്.