ബിഎസ്6 ടൂ-വീലർ ഹോണ്ട ആക്ടീവ
Wednesday, October 16, 2019 3:49 PM IST
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ രാജ്യത്തെ ആദ്യ ബിഎസ്-6 ടൂ-വീലർ പ്രീമിയം ആക്ടീവ 125 വിപണിയിലെത്തിച്ചു. ഏപ്രിൽ 2020ലെ സമയ പരിധിക്കു വളരെ മുന്പെയാണ് ഹോണ്ട പുതിയ ബിഎസ്-6 ടൂവീലർ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മലിനീകരണം വലിയ ആശങ്കയുണർത്തുന്നുണ്ടെന്നും ഈ ആശങ്കയ്ക്കു അറുതി വരുത്താനാണ് ഓട്ടോ മൊബൈൽ വ്യവസായം 2020 ഏപ്രിൽ ഒന്നു മുതൽ ബിഎസ്-6 ലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും ഹരിത പരിസ്ഥിതിയിലേക്കുള്ള നിർണായക ചുവടുവയ്പ്പാകും ബിഎസ്-6 ആക്ടീവ 125ന്റെ അവതരണമെന്ന് ഇതു നിരത്തിലിറക്കിയ കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഹോണ്ടയുടെ ഡിഎൻഎ ആയ മൊബിലിറ്റിയുടെ ആധുനികവൽക്കരണം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഹോണ്ട ആക്ടീവ 125 ബിഎസ്-6 അവതരിപ്പിച്ചിരിക്കുന്നതെന്നും ഇതിലൂടെ സാങ്കേതിക വിദ്യയിൽ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മിനോരു കാറ്റോ പറഞ്ഞു.
സ്റ്റാൻഡേർഡ്, അലോയ്, ഡീലക്സ് എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ ആക്ടീവ 125 ബിഎസ്6 ലഭ്യമാണ്. റിബൽ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്.
ഡൽഹിയിലെ എക്സ്-ഷോറൂം വില സ്റ്റാൻഡാർഡ് പതിപ്പിന് 67,490 രൂപയാണ് വില. മറ്റു രണ്ട് വേരിയന്റുകൾക്ക് യഥാക്രമം 70,990 രൂപയും (അലോയ്) 74,490 രൂപയുമാണ് (ഡീലക്സ്) വില. ആറു വർഷത്തെ വാറന്റി പാക്കേജും നൽകുന്നു.