ആഡംബരം നിറച്ച് കിയ കാർണിവൽ
ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ 1400 ലേറെ ബുക്കിംഗ്. ഒരു ഹാച്ച്ബാക്കിനോ സെഡാനോ അല്ല. പതിനഞ്ച് ലക്ഷം രൂപയിലേറെ വിലയുള്ള ഒരു എംപിവിയ്ക്കാണ് ഇത്രയേറെ ആവശ്യക്കാരെത്തിയത്. അതും ഇന്ത്യയിൽ പുതുമുഖമായ ഒരു കന്പനി അവതരിപ്പിക്കുന്ന മോഡലിന്. പറഞ്ഞുവരുന്നത് കൊറിയൻ കന്പനി കിയ മോട്ടോഴ്സ് പുറത്തിറക്കുന്ന കാർണിവൽ എംപിവിയെപ്പറ്റിയാണ്.

ഇന്ത്യൻ വിപണിയിൽ കന്പനിയുടെ ആദ്യ മോഡലായ സെൽറ്റോസ് എസ് യു വിയുടെ മികച്ച വിജയം നൽകിയ ആത്മവിശ്വാസത്താൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു മോഡലിനെയാണ് കിയ അവതരിപ്പിക്കുന്നത്.

ഓട്ടോ എക്സ്പോയിൽ ഫെബ്രുവരി അഞ്ചിനാണ് കിയ കാർണിവലിന്‍റെ വിപണി പ്രവേശം. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം ഒരു ലക്ഷം രൂപ ടോക്കണ്‍ തുക നൽകി 1410 പേരാണ് വാഹനം ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ കാർണിവൽ ഒരു വൻവിജയമാകാൻ സാധ്യതയേറെയാണ്.

കാർണിവലും ക്രിസ്റ്റയും

എംപിവി വിഭാഗത്തിൽ ഏറ്റവും നീളവും വീതിയുമുള്ള മോഡലാണ് കാർണിവൽ. ഇന്നോവ ക്രിസ്റ്റയിൽ നിന്നു വ്യത്യസ്തമായി മോണോകോക്ക് (പ്രത്യേകം ഷാസിയില്ലാത്ത നിർമിതി) ബോഡിയാണ് കാർണിവലിന്. ക്രിസ്റ്റയെക്കാൾ ഉയരം ഒഴികെയുള്ള അളവുകളിലും മുന്നിലാണ് കാർണിവൽ. കാർണിവലിന് നീളം 5.12 മീറ്ററും വീൽബേസ് 3.01 മീറ്ററുമാണ്. മെഴ്സിഡീസ് ബെൻസ് വി ക്ലാസ് എലൈറ്റിനൊപ്പം വരും കാർണിവലിന്‍റെ വലുപ്പം.

കിയ കാർണിവലിന്‍റെ 2.2 ലിറ്റർ, നാല് സിലിണ്ടർ, ടർബോ, ഡീസൽ എൻജിന് 197 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോർക്ക് 440 എൻഎം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഫ്രണ്ട് വീൽ ഡ്രൈവ് എംപിവിയ്ക്ക്. രണ്ട് ടണ്ണിനടുത്ത് ബോഡി ഭാരമുള്ള കാർണിവലിന് ലിറ്ററിന് 13.90 കിലോമീറ്റർ മൈലേജ് എആർഎഐ സാക്ഷ്യപ്പെടുത്തുന്നു. ബിഎസ് 4 എൻജിനുള്ള ഇന്നോവ ക്രിസ്റ്റയുടെ 2.8 ലിറ്റർ ഡീസൽ ഓട്ടോമാറ്റിക് മോഡലിന് 14.29 കിലോ മീറ്റർ ആണ് മൈലേജ്. അതുമായി താരതമ്യപ്പെടുത്തുന്പോൾ ബിഎസ് ആറ് എമിഷൻ നിയമങ്ങൾ പാലിക്കുന്ന കാർണിവലിന്‍റെ മൈലേജ് മികച്ചതുതന്നെ.


സവിശേഷതകൾ

പ്രീമിയം, പ്രസ്റ്റീജ്, ലിമൊസീൻ എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. ഏഴ്, എട്ട്, ഒന്പത് സീറ്റ് ഓപ്ഷനുകൾ ലഭ്യമാകും.

ഇതിൽ ഏഴ് സീറ്റർ (2+2+3) വകഭേദത്തിനാണ് ഏറ്റവുമധികം ബുക്കിംഗ് ലഭിച്ചത്. ഏഴ് സീറ്റർ വകഭേദമായി മാത്രം ലഭ്യമായ ലിമൊസീൻ വകഭേദത്തിന് കാല് നിവർത്തിവച്ചിരിക്കാവുന്ന വിധം ക്രമീകരിച്ച സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി- സ്റ്റിയറിങ് വീൽ - ഗീയർനോബ്, തടിയിൽ തീർത്ത ഇന്‍റീരിയർ ഘടകങ്ങൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത 18 ഇഞ്ച് അലോയി വീലുകൾ, പിൻസീറ്റുകൾക്കായി രണ്ട് 10.1 ഇഞ്ച് ടച്ച് സ്ക്രീനുകൾ, മൂന്ന് മേഖലകളിലായി താപനില ക്രമീകരിക്കാവുന്ന എസി, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളുണ്ട്.

ഇന്നോവ ക്രിസ്റ്റയെക്കാൾ വലുപ്പവും ആഡംബര സൗകര്യങ്ങളുമുള്ള മോഡൽ തേടുന്നവർക്കുള്ളതാണ് കിയ കാർണിവൽ. ഘടകങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ കൂട്ടിയോജിപ്പിച്ച നിർമിക്കുന്ന വാഹനത്തിന് 25 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപവരെ വില പ്രതീക്ഷിക്കുന്നു.