നിസാന്‍ മാഗ്നൈറ്റ് കിട്ടാന്‍ ഇനി മാസങ്ങള്‍ പിടിക്കും
നിസാന്‍ മാഗ്നൈറ്റ് കിട്ടാന്‍ ഇനി മാസങ്ങള്‍ പിടിക്കും
രണ്ടു മാസം മുന്‍പ് നിസാന്‍ കമ്പനി പുറത്തിറക്കിയ എസ് യുവി മാഗ്നൈറ്റിന് വന്‍ ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. വാഹനം ബുക്കിംഗ് നടത്തിയവരുടെ എണ്ണം ഏറെ വര്‍ധിച്ചതോടെ പുതിയ വാഹനം കിട്ടാന്‍ മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറഞ്ഞത് ആറുമാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ചില നിസാന്‍ ഡീലര്‍മാരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.മുന്‍വശത്തു നല്‍കിയിരിക്കുന്ന ഓക്ടഗോണല്‍ ഗ്രില്‍ വാഹനത്തിനു തികച്ചും സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. എല്‍ഇഡി ടെയില്‍ ലാംപുകള്‍, ഹെഡ് ലൈറ്റ്, എല്‍ ഷേപ്പിലുള്ള ഡേറ്റൈം റണ്ണിംഗ് ലാംപുകള്‍ എന്നിവയാണ് നിസാന്‍ മാഗ്നൈറ്റിന്റെ മുന്‍വശത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

16 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഒപ്പം ഇലക്ട്രിക് റിയര്‍വ്യൂ മിററുകളും നല്‍കിയിരിക്കുന്നു. 2500 എംഎം നീളമുള്ള മാഗ്നെറ്റിന്റെ ബൂട്ട്‌സ്‌പേസ് 336 ലിറ്ററാണ്.
ആറു സ്പീക്കര്‍ സഹിതമെത്തുന്ന 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുമുണ്ട്. 360 ഡിഗ്രി ക്യാമറ, ട്വിന്‍ എയര്‍ബാഗ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്.

ബിഎസ് 6 നിലവാരം പുലര്‍ത്തുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 71 എച്ച്പി കരുത്തും 96 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കും നല്‍കുമ്പോള്‍ 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ 99 എച്ച്പി കരുത്തും 160 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കും നല്‍കുന്നു.

5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ്, സിവിറ്റി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 5.49 ലക്ഷം മുതല്‍ 9.59 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.