ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി
ഇന്നോവ ക്രിസ്റ്റ  ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി
ഈ ഉത്സവ സീസൺ കൂടുതൽ ആവേശകരമാക്കുവാൻ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ആറ് പുതിയ സവിശേഷതകളുമായി ഇന്നോവ ക്രിസ്റ്റ ഒരു പരിമിത പതിപ്പ് പുറത്തിറക്കി.

ലിമിറ്റഡ് എഡിഷനിൽ 360 ഡിഗ്രി കാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വയർലെസ് ചാർജർ, 16-കളർ ഡോർ എഡ്ജ് ലൈറ്റിംഗ്, എയർ അയോണൈസർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആംബിയന്‍റ് ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, ഇക്കോ, പവർ ഡ്രൈവ് മോഡുകൾ എന്നിവയും ലിമിറ്റഡ് എഡിഷന്‍റെ സവിശേഷതകളാ‌ണ്. ഏഴു സീറ്റിലും 8 സീറ്റിലും ഈ പ്രത്യേകതകൾ ലഭ്യമാണ്.

ട്രപസോയിഡൽ പിയാനോ ബ്ലാക്ക് ഗ്രില്ലും ഡയമണ്ട് കട്ട് അലോയ് വീലുകളുമായാണ് ജനപ്രിയ എംപിവി വരുന്നത്. ബ്ലാക്ക്, കാമൽ ടാൻ, ഹസൽ ബ്രൗൺ ഇന്‍റീരിയൽ നിറങ്ങളിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.


രണ്ട് എൻജിൻ ഓപ്ഷനുകളുമായാണ് ഇന്നോവ ക്രിസ്റ്റ വരുന്നത്. 148 എച്ച്പി, 360 എൻഎം ഉൽപാദിപ്പിക്കുന്ന 2.4 ലിറ്റർ ഡീസൽ, 164 ബിഎച്ച്പി, 245 എൻഎം എന്നിവ പുറപ്പെടുവിക്കുന്ന 2.7 ലിറ്റർ പെട്രോൾ യൂണിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും തിരഞ്ഞെടുക്കാം.

പെട്രോൾ പതിപ്പിന് 17.18 ലക്ഷം രൂപ മുതലും ഡീസലിന് 18.99 ലക്ഷം രൂപ മുതലുമാണ് (എക്സ്-ഷോറൂം) വില.

2005 ലാണ് ടൊയോട്ട ഇന്ത്യയിൽ ഇന്നോവ ആദ്യം അവതരിപ്പിക്കുന്നത്. അതിനുശേഷം 9 ലക്ഷത്തിലധികം യൂണിറ്റുകൾ (ക്രിസ്റ്റ ഉൾപ്പെടെ) വിറ്റഴിച്ചതായി കന്പനി അവകാശപ്പെട്ടു.