മഴക്കാലത്തു കൂടുതലായി കാണപ്പെടുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതുമായ ഒരു കൊതുകുജന്യ രോഗമാണു ഡെങ്കിപ്പനി. ശുദ്ധജലത്തിൽ പ്രത്യേകിച്ചു മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളായ ഈഡിസ് ഈജിപ്റ്റി (Aedes Aegiptyi) ഹക്റ്റസ് വർഗത്തിൽപ്പെട്ട പെണ്കൊതുകുകൾ പരത്തുന്ന വൈറസുകളാണ് ഡെങ്കിപ്പനി (Dengue Fever)യുണ്ടാക്കുന്നത്. ഇത്തരം കൊതുകുകൾക്ക് മൂന്നു ജോഡി കാലുകളിലും മുതുകിലും കറുത്ത വരകളുണ്ടാകും. അതുകൊണ്ട് ഇവയെ കടുവാ കൊതുകുകൾ (Tiger Mosquitos) എന്നും വിളിക്കും. ഉഷ്ണ, മിതോഷ്ണ മേഖലയിലാണ് ഈരോഗം കൂടുതൽ കണ്ടുവരുന്നത്.
ഇതൊക്കെയാണു താവളങ്ങൾ
ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള പ്രധാന ദൗത്യം കൊതുകുനിർമാർജനംതന്നെ. ഒഴുക്കുള്ള വെള്ളത്തിൽ അഴുക്കില്ല എന്നു പറയുന്നതുപോലെ പുഴകളിലും പാടത്തും ഇത്തരം കൊതുകുകൾ മുട്ടയിടാറില്ല. കൃഷിയിടങ്ങൾക്കും വീടുകൾക്കും സമീപമുള്ള ഉപയോഗശൂന്യമായ വീപ്പകൾ, മണ്ചട്ടികൾ, ആട്ടുകല്ലുകൾ, പൂച്ചട്ടികൾ, ചിരട്ടകൾ എന്നിവയിലെ അല്പജലത്തിൽപോലും ഇവ മുട്ടയിട്ടു പെരുകുന്നു. വാഴയുടെ കൈകൾ, സിമന്റ് മേൽക്കൂര, മതിലുകൾക്കു മുകളിലുള്ള കുപ്പിച്ചീളുകൾ, പടുതാക്കുളം, സിമന്റ് ടാങ്കുകൾ, മരപ്പൊത്തുകൾ എന്നിവിടങ്ങളിലും ഇത്തരം കൊതുകുകൾ മുട്ടയിട്ടു പെരുകാൻ സാധ്യതയുണ്ട്. പോലീസ് സ്റ്റേഷനുകൾക്കുമുന്പിൽ കാലങ്ങളോളം തുരുന്പു പിടിച്ചുകിടക്കുന്ന വാഹനങ്ങൾ, ഹാർബറുകളിൽ മത്സ്യം കൊണ്ടുപോകാനായി ഉപയോഗിച്ച് ശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പെട്ടികൾ, ഒഴുക്കില്ലാത്ത ഓടകൾ എന്നിവിടങ്ങളിലും റബർ തോട്ടങ്ങളിലെ പാലെടുക്കാൻ ഉപയോഗിക്കുന്ന ചിരട്ടകൾ എന്നിവയും ഈഡിസ് കൊതുകുകൾക്ക് മുട്ടയിടാൻ പറ്റിയ താവളങ്ങളാണ്. അതുകൊണ്ടു പരിസര ശുചീകരണത്തിനുതന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത്.
വലയുടെ സംരക്ഷണം
രോഗം ബാധിച്ചവരെ കൊതുകുവലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. രോഗികളിൽനിന്നു രക്തം കുടിച്ച് കൊതുകുകൾ രോഗവാഹകരായി മാറുന്നതു തടയാൻ ഇതുമൂലം സാധിക്കും. കൊതുകുവല, കൊതുകു കടക്കാത്ത സ്ക്രീനുകൾ, മനുഷ്യർക്കു ഹാനികരമല്ലാത്ത കൊതുകുതിരികൾ, കൊതുകുകളെ അകറ്റിനിർത്താൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോസ്കിറ്റോ റെപ്പെല്ലന്റ്സ് തുടങ്ങിയവ വ്യക്തിഗത സംരക്ഷണ ഉപാധികളാണ്. കൊതുകു ലാർവകളെ നശിപ്പിക്കുന്ന മീൻ വളർത്തൽ തുടങ്ങിയ ജൈവമാർഗങ്ങളും ഇന്നു നിലവിലുണ്ട്.
സീറോടൈപ്പുകൾ
ഡെങ്കി വൈറസുകളിൽ നാലു സീറോ ടൈപ്പുകളെ (Serotypes) കണ്ടെത്തിയിട്ടുണ്ട്. ഡെങ്കി-1, 2, 3, 4 എന്നിവയാണ് ഈ സീറോ ടൈപ്പുകൾ. ഒരു സീറോ ടൈപ്പുമൂലം ഉണ്ടാകുന്ന ഡെങ്കിപ്പനി ആ സീറോ ടൈപ്പുമൂലം ഉണ്ടാകാവുന്ന പനിക്ക് ആജീവനാന്ത പ്രതിരോധ ശക്തി നല്കുന്നു. എന്നാൽ, മറ്റു സീറോ ടൈപ്പുകൾ മൂലവും ഡെങ്കിപ്പനിയുണ്ടാകാം.
ഡെങ്കിപ്പനി മൂന്നു തരം
1. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കിപ്പനി)
2. രക്തസ്രാവത്തോടു കൂടിയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ)
3. ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഹെമറേജിക് ഷോക് സിൻഡ്രോം) (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. പോൾ വാഴപ്പിള്ളി
റിട്ട. പ്രഫസർ, കണ്ണൂർ മെഡിക്കൽ കോളജ്.
ഫോൺ - 9447305004