നമ്മുടെ ശ്വാസകോശത്തിന് മഹാമാരിയെ അതിജീവിക്കാനാകുമോ?
Monday, July 5, 2021 12:27 PM IST
2019 ഡിസംബറില്‍ കോവിഡ് 19 ആദ്യം കണ്ടെ ത്തിയതുമുതല്‍ രോഗനിര്‍ണയം, ചികിത്സ, പുനരധിവാസം തുടങ്ങിയ പ്രതിരോധ നടപടികളുമായി ലോകം വളരെയേറെ മുന്നേറിക്കൊണ്ട ിരിക്കുകയാണ്. എന്നാല്‍ കൊവിഡ് 19 നെഗറ്റീവായ ഒരു വിഭാഗം ജനത ആഴ്ചകളും, മാസങ്ങളുമായി തങ്ങളുടെ ശ്വാസകോശം മഹാമാരിയെ അതിജീവിക്കുമോയെന്ന ആശങ്കയിലാണ്.

കോവിഡിനു മുന്‍പുള്ള ശ്വാസകോശ രോഗങ്ങള്‍

കോവിഡിനു മുന്‍പുള്ള കാലഘട്ടത്തില്‍ ബ്രോങ്കിയല്‍ ആസ്ത്മ, സിഒപിഡി (ക്രോണിക് ഒബ്‌സ്‌ട്രെക്ടീവ് പള്‍മണറി ഡിസീസ്), ക്ഷയം തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ വ്യാപകമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് സിഒപിഡിയാണ് ലോകത്തില്‍ മരണത്തിന് കാരണമാകുന്ന സാധാരണ രോഗങ്ങളില്‍ മൂന്നാം സ്ഥാനത്ത്. ഇത്തരം രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തിലെ മുന്നേറ്റം വന്‍തോതില്‍ ആശ്വാസമായിട്ടുണ്ട ്. 2003ല്‍ സാര്‍സിനും (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) 2012 ല്‍ മെര്‍സിനും (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) മാനവരാശി സാക്ഷ്യംവഹിച്ചു. ഇതിലൂടെ മെഡിക്കല്‍ സമൂഹത്തിന്റെ ശ്രദ്ധ വ്യാപകമായിക്കൊണ്ട ിരിക്കുന്ന വൈറസ് രോഗങ്ങളിലേക്ക് തിരിഞ്ഞു.

കോവിഡ്19 മൂലമുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍

പുതിയ സാഹചര്യങ്ങളുമായി പൊതുജനം പൊരുത്തപ്പെട്ട് വരികയാണെങ്കിലും എല്ലാവരുടേയും സ്ഥിതി അങ്ങനെയല്ല. കോവിഡ് 19 രോഗവ്യാപനം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ചെറിയതോതിലുള്ള ക്ഷീണം മുതല്‍ ശ്വാസകോശ-ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ വരെ അനുഭവിക്കുന്നവരുണ്ട്.

പള്‍മണറി ഫൈബ്രോസിസ്

കൊറോണ അണുബാധയാല്‍ വരുന്ന സങ്കീര്‍ണതാണ് പള്‍മണറി ഫൈബ്രോസിസ്. രക്തക്കുഴലുകള്‍ക്കും, ശ്വാസകോശത്തിലെ അല്‍വിയോലിയ്ക്കുമിടയിലെ ഇന്റര്‍സ്റ്റീഷ്യത്തിന് കട്ടികൂടുമ്പോഴാണ് ഈ അവസ്ഥയുണ്ട ാകുന്നുന്നത്. തന്‍മൂലം ശ്വാസകോശത്തിലും, രക്തക്കുഴലുകളിലും ഒാക്‌സിജന്‍ ശരിയായ അളവില്‍ ലഭിക്കുകയില്ല. കൊവിഡ് രോഗികളില്‍ പള്‍മണറി ഫൈബ്രോസിസ് ഉണ്ടാകുന്നതിന് പ്രായം, പുകവലി, ഗുരുതര രോഗങ്ങള്‍, മുന്‍പുള്ള ഐസിയു വാസം, മെക്കാനിക്കല്‍ വെന്റിലേഷന്‍, എല്‍ഡിഎച്ചിലുള്ള വര്‍ധന എന്നീ ഘടകങ്ങള്‍ കാരണമായേക്കാം.

ഗുരുതരമായി ന്യുമോണിയ ബാധിച്ച വ്യക്തിക്ക് കൊവിഡ് 19 അണുബാധയുണ്ടായാല്‍ ചിലപ്പോള്‍ അത് പള്‍മണറി ഫൈബ്രോസിസിന് കാരണമായേക്കുമെന്ന് അടുത്തിടെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ളവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിരന്തരമായി നിരീക്ഷിക്കേണ്ടതുണ്ട്. ആറ് മിനിറ്റിലുള്ള നടത്ത പരിശോധന, പിഎഫ്ടി, വര്‍ഷത്തിലൊരിക്കല്‍ സിടി സ്‌കാന്‍ എന്നിവ ഇവര്‍ക്ക് ആവശ്യമായേക്കാം. രോഗലക്ഷണമുണ്ടെ ങ്കില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവുന്നതാണ്.

ആസ്ത്മയും കോവിഡ് 19ഉം

ആസ്ത്മ രോഗികള്‍ക്കും ആരോഗ്യമുള്ള ഒരു വ്യക്തിക്കും കൊവിഡ് രോഗം മൂലമുണ്ട ാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെക്കുറെ സമാനരീതിയിലാണെങ്കില്‍ തന്നെയും അടുത്തകാലത്തായി സ്റ്റിറോയിഡുകള്‍ അടങ്ങിയ മരുന്നു കഴിച്ച ആസ്ത്മ രോഗികളില്‍ കൊവിഡ് 19 മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ട ുവരുന്നുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം കോര്‍ട്ടി സ്റ്റിറോയിഡുകള്‍ അടങ്ങിയ ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നവരില്‍ മറ്റുരീതിയിലുള്ള ആസ്ത്മ ചികിത്സ എടുക്കുന്നവരേക്കാള്‍ മരണ നിരക്ക് കുറഞ്ഞ തോതിലാണ് കാണപ്പെട്ടുവരുന്നത്.


വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളും, വാക്‌സിന്‍ സുരക്ഷയും

ആസ്ത്മ, സിഒപിഡി രോഗികള്‍ക്ക് കൊവിഡ് വാക്‌സിന്‍ എത്രത്തോളം പ്രയോജനകരമാണ് എന്ന വിഷയം ആസ്പദമാക്കി ഇതിനോടകം പല പഠനങ്ങളും നടത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കേണ്ട താണ്. ഇത്തരം ശ്വാസകോശ രോഗങ്ങളുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ ഉണ്ടായേക്കാവുന്ന അലര്‍ജിക്ക് വളരെ വേഗം ചികിത്സ ലഭ്യമാകുന്ന സ്ഥലത്തുനിന്നുവേണം വാക്‌സിനേഷന്‍ സ്വീകരിക്കാന്‍. ശ്വാസകോശ രോഗങ്ങളുള്ളവര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് പതിനാലുദിവസത്തിനുശേഷമോ, അല്ലെങ്കില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് പതിനാലുദിവസത്തിനു മുന്‍പോ ആനുവല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ എടുക്കേണ്ട താണ്.

പുനരധിവാസം

കൊവിഡ് ഭേദമായി മാസങ്ങള്‍ക്കുശേഷവും നിരവധി പേര്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നത് നിര്‍ണയിക്കാനാവില്ല. എന്നാല്‍ അത്തരം രോഗികള്‍ക്ക് കൊവിഡാനന്തര ഘട്ടത്തിലെ പുനരധിവാസം പ്രയോജനകരമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഭൗതിക - മാനസിക - അവബോധ തലങ്ങള്‍ക്കും ഡയറ്റിനും പ്രത്യേക പരിഗണന നല്‍കണം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കനുസൃതമായി ഓരോ വ്യക്തിക്കും വ്യത്യസ്ത തരത്തിലുള്ള പുനരധിവാസമാണ് നല്‍കേണ്ടത്. കാരണം കൊവിഡാനന്തര കാലഘട്ടത്തിലെ ശാരീരിക പിരിമുറുക്കം ഹൃദയ-നാഡീസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

കോവിഡ് രോഗമുക്തി നേടിയ ഇത്തരക്കാര്‍ കിടക്കയിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങളോ, അയാസ രഹിതമായ മറ്റു വ്യായാമങ്ങളോ കുറച്ചുകാലത്തേക്കെങ്കിലും ചെയ്യേണ്ടതാണ്. കോവിഡ് രോഗികള്‍ക്ക് ആരോഗ്യം വീണ്ടെടുക്കുവാന്‍ ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യന്‍, പള്‍മണോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് ഉള്‍പ്പെടെയുള്ള മികച്ച സംഘത്തിന്റെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണ്.



ഡോ. വൈശാഖ് വി കുമാര്‍ എംബിബിഎസ്, എംഡി
പള്‍മോണോളജിസ്റ്റ്, കിംസ്‌ഹെല്‍ത്ത് ഹോസ്പിറ്റല്‍, കുടമാളൂര്‍, കോട്ടയം