ജൂൺ 14- അന്താരാഷ്ട്ര രക്തദാന ദിനം: ദാനത്താല്‍ രക്തബന്ധുക്കളാകാം...
Monday, June 12, 2023 11:53 AM IST
അഞ്ജലി അനില്‍കുമാര്‍
"രക്തം നല്‍കൂ,
പ്ലാസ്മ നല്‍കൂ,
ജീവന്‍ പങ്കുവയ്ക്കൂ,
ഇടയ്ക്കിടെ പങ്കുവയ്ക്കൂ...'


ഇതാണ് 2023 ലെ രക്തദാന ദിന സന്ദേശം. ആജീവനാന്തം രക്തം സ്വീകരിക്കേണ്ടി വരുന്നവര്‍ക്കാവശ്യമായ പിന്തുണ നല്‍കുക എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിനത്തിന്‍റെ പ്രധാനലക്ഷ്യം.

രക്തം, പ്ലാസ്മ എന്നീ അമൂല്യ സമ്മാനങ്ങള്‍ മറ്റൊരാള്‍ക്കു പകര്‍ന്നു നല്‍കുന്നതിലൂടെ ഒരു വ്യക്തി ചെയ്യുന്ന മഹത്തായ പ്രവൃത്തിയേയും ഈ ദിനം എടുത്തു കാണിക്കുന്നു. നിരന്തരമായ രക്തദാനത്തിലൂടെ ലോകമെമ്പാടുമുള്ള ആവശ്യക്കാരിലേക്ക് രക്തവും പ്ലാസ്മയും കൃത്യമായി എത്തുന്നതിന്‍റെ ഭാഗമാകാനും നമുക്ക് സാധിക്കുന്നുവെന്നത് ഒരു നന്‍മയും കടമയുമാണ്.
നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസിലൂടെ അള്‍ജീരിയയാണ് ഈ വര്‍ഷത്തെ രക്തദാനദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

2005 മുതല്‍ ജൂണ്‍ 14 ഔദ്യോഗികമായി ലോക രക്തദാനദിനമായി ആചരിച്ചു തുടങ്ങി. 18നും 65നും ഇടയില്‍ പ്രായവും കുറഞ്ഞത് 45 കിലോഗ്രാം ഭാരവും ശാരീരിക-മാനസിക ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്നുമാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാം.

രക്തദാനം സ്വീകര്‍ത്താവിനു മാത്രമല്ല ദാതാവിനും ആരോഗ്യകരമായ ധാരാളം ഗുണങ്ങള്‍ സമ്മാനിക്കുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളില്‍ രക്തദാനം നിര്‍വഹിക്കാന്‍ എല്ലാവരും ശ്രമിക്കുക. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ രക്തദാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെക്കുറവാണെങ്കിലും സമീപകാലത്തായി കോളജുകളിലും മറ്റും നടത്തുന്ന രക്തദാന ക്യാമ്പുകളിലൂടെ ധാരാളം പെണ്‍കുട്ടികള്‍ രക്തദാനത്തിനായി മുന്നോട്ടു വരുന്നുണ്ട്.

രക്തദാന ദിനത്തിന്‍റെ ഉദ്ദേശ്യം

• കൂടുതല്‍ ജനങ്ങളെ രക്തദാനം ചെയ്യുന്നതിനായി പ്രോത്സാഹിപ്പിക്കുക.
• രക്തദാതാക്കളെ ആദരിക്കുക.
• ആരോഗ്യമുള്ള വ്യക്തികളെ നിരന്തരമായി രക്തദാനം നിര്‍വഹിക്കുന്നതിനു പ്രോത്സാഹിപ്പിക്കുക.
• പ്രതിഫലം കൈപ്പറ്റാതെയുള്ള രക്തദാനത്തിന്‍റെയും പ്ലാസ്മാ ദാനത്തിന്‍റെയും നിര്‍ണായക പങ്ക് എടുത്തു കാണിക്കുക.
• ദേശീയ രക്ത പദ്ധതികളില്‍ നിക്ഷേപം നടത്താനും ശക്തിപ്പെടുത്താനും നിലനിര്‍ത്താനും സര്‍ക്കാരുകള്‍ക്കും വികസനപങ്കാളികള്‍ക്കുമിടയില്‍ ദേശീയ, പ്രാദേശിക, ആഗോളതലങ്ങളില്‍ പിന്തുണ സമാഹരിക്കുക.

തങ്കമാണ്... തനിത്തങ്കം!


ലോകരക്തദാന ദിനത്തില്‍ രക്ത ഗ്രൂപ്പുകളില്‍ ഒരു കേമനെ പരിചയപ്പെട്ടാലോ.. സ്വര്‍ണ രക്തം അഥവാ ഗോള്‍ഡന്‍ ബ്ലഡ്. എ, ബി, ഒ, എബി എന്നിവയാണ് മനുഷ്യരില്‍ പ്രധാനമായി കണ്ടുവരുന്ന രക്തഗ്രൂപ്പുകള്‍. ഇവയുടെയെല്ലാം പോസിറ്റീവ്, നെഗറ്റീവ് ഗ്രൂപ്പുകള്‍ കണ്ടുവരാറുണ്ട്. എന്നാല്‍ ഇവയില്‍നിന്നെല്ലാം വ്യത്യസ്തനാണ് ഗോള്‍ഡന്‍ ബ്ലഡ്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ടുവരുന്ന ഗോള്‍ഡന്‍ ബ്ലഡിന്‍റെ ശാസ്ത്രീയ നാമം "ആര്‍എച്ച് നള്‍' (Rh null) എന്നാണ്. ആര്‍എച്ച് സിസ്റ്റത്തിലെ ആന്‍റിജനുകളുടെ പൂര്‍ണമായ അഭാവമാണ് ഇതിനുപിന്നില്‍. ഭൂമിയില്‍ വെറും 43 പേര്‍ മാത്രമാണ് ഈ ബ്ലഡ് ഗ്രൂപ്പില്‍ ജനിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കാരണവശാലും ആര്‍എച്ച് ആന്‍റിജനുകള്‍ രക്തത്തില്‍ ഇല്ലാത്ത ഒരു വ്യക്തി ജനിക്കില്ലെന്നാണ് 1961 വരെ ഡോക്ടര്‍മാര്‍ പോലും വിശ്വസിച്ചിരുന്നത്.

മറ്റു ബ്ലഡ് ഗ്രൂപ്പുകളെ അപേക്ഷിച്ച് ലഭ്യത കുറവായതിനാല്‍ത്തന്നെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഈ രക്തം ദാനം ചെയ്യുകയുള്ളൂ. ആര്‍എച്ച് നള്‍ ഗ്രൂപ്പില്‍ ഉൾപ്പെട്ടവർ ലോകത്തിന്‍റെ പല ഭാഗത്തായതും ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നു.

ബോംബെ ബ്ലഡ്
ഗോള്‍ഡന്‍ ബ്ലഡ് പോലെ തന്നെ പ്രധാനിയാണ് ബോംബെ ബ്ലഡും. എബിഒ ബ്ലഡ് ഗ്രൂപ് സങ്കേതത്തിന്‍റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായ എച്ച് (ഒ) ആന്‍റിജന്‍ ഇല്ലാത്ത അപൂര്‍വ ബ്ലഡ് ഗ്രൂപ്പാണ് ബോംബെ ഗ്രൂപ്. ഒ ഘടകത്തെ ഉണ്ടാക്കാന്‍ സഹായിക്കുന്ന എന്‍സൈം ഇല്ലാതെ വരുന്ന അവസ്ഥയാണ് ഈ ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നത്.

ബ്ലഡ് ഗ്രൂപ്പ് നിര്‍ണയിക്കാനുള്ള പരിശോധനകളില്‍ ഇവരുടെ ബ്ലഡ് ഗ്രൂപ് ഒ എന്നു കാണിക്കും. അതിനാല്‍ ഒ എച്ച് എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. 1952 ല്‍, മുംബൈയില്‍ ഡോ. ഭെന്‍ഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്.

തുടക്കത്തില്‍ ബോംബെയിലുള്ള ചിലരിൽ മാത്രം കണ്ടുവന്നതിനാലാണ് ബോംബൈ ബ്ലഡ് ഗ്രൂപ്പ് എന്ന് പേരു വന്നത്. ബോംബെ ബ്ലഡ് ഗ്രൂപ്പുള്ള ആളുകൾക്ക് ABO സിസ്റ്റത്തിലെ ഏത് അംഗത്തിനും രക്തം ദാനം ചെയ്യാൻ കഴിയും. എന്നാൽ ഇതേ സിസ്റ്റത്തിലെ ഒരു അംഗത്തിൽനിന്നും രക്തം സ്വീകരിക്കാൻ സാധിക്കില്ല.

അഞ്ജലി അനില്‍കുമാര്‍