വയറളിക്കരോഗങ്ങളുടെ തുടക്കത്തിൽ
തന്നെ ഒആർഎസ് (ഓറൽ റീഹൈ ഡ്രേഷൻ സാൾട്ട്) നൽകിയാൽ രോഗികളെ നിർജലീകരണമുണ്ടാകുന്നതിൽ നിന്ന് രക്ഷിക്കാൻ സാധിക്കും.
അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്.
നിർജലീകരണ ലക്ഷണങ്ങൾ
ശരിയായ അളവിൽ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കിൽ വരണ്ട ചർമം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം.
വയറിളക്കരോഗങ്ങൾക്ക് ലായനി
· എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്.എസ്. പാക്കറ്റുകള്‍ സൂക്ഷിക്കുക
· ഉപയോഗിക്കുന്നതിന് മുമ്പ് എക്സ്പയറി ഡേറ്റ് നോക്കുക
· വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക
· ഒരു പാക്കറ്റ് ഒ.ആര്.എസ്. വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് ഇളക്കുക
· വയറിളക്ക രോഗികള്‍ക്ക് ലായനി നല്‍കാം
· കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക
· ഒരിക്കല്‍ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.
വയറിളക്ക രോഗമുള്ളപ്പോൾ
വയറിളക്ക രോഗമുള്ളപ്പോൾ ഒആർഎസിനൊപ്പം സിങ്കും നൽകേണ്ടതാണ്. സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.
രണ്ടു മുതൽ ആറുമാസം വരെ പ്രായമുള്ള കുട്ടികൾക്ക് 10 മില്ലി ഗ്രാമും ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാമും ദിവസം തോറും 14 ദിവസം വരെ സിങ്ക് നൽകുക.
വെള്ളത്തിൽ അലിയുന്ന ഗുളികയായതിനാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ചോ, കൊച്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ അലിയിച്ചോ സിങ്ക് നൽകാവുന്നതാണ്.
വയറിളക്കം കുറയാതിരുന്നാൽ...
വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിര്‍ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ