സ്ക്രബ് ടൈഫസ്(ചെള്ളുപനി) -1
Tuesday, July 21, 2020 4:03 PM IST
ഡെങ്കി, എലിപ്പനി ടൈഫോയ്ഡ് എന്നീ പകര്‍ച്ചവ്യാധികളെപ്പോലെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒരു രോഗമാണ് സ്ക്രബ് ടൈഫസ്. ചെള്ളുപനി എന്ന പേരില്‍ ഈ രോഗം പ്രാദേശികമായി അറിയപ്പെടുന്നു. ഡെങ്കിപ്പനിയെപ്പോലെയും എനിപ്പനിയെപ്പോലെയും കിടുങ്ങലും വിറയലോടും കൂടിയുള്ള കടുത്ത പനിയാണ് സ്ക്രബ് ടൈഫസിന്റെയും പ്രധാന ലക്ഷണം. അതുകൊണ്ട് മറ്റു പനികളില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചറിയാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടാണ്. അടുത്തകാലത്തായി ഈ രോഗം പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമായി തീര്‍ന്നിരിക്കുന്നു. സ്ക്രബ് ടൈഫസ് ബാധിച്ച നിരവധിയാളുകള്‍ നമ്മുടെ ആശുപത്രികളില്‍ ഇന്ന് എത്തുന്നുണ്ട്. ഈ രോഗം ബാധിച്ച് മരണമടയുന്നവരെക്കുറിച്ചും നാം കേള്‍ക്കുന്നു. അതിനാല്‍ സ്ക്രബ് ടൈഫസിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും ജനങ്ങള്‍ അറിയേണ്ടത് ആവശ്യമാണ്.
രോഗകാരണം
സ്ക്രബ് ടൈഫസിന് കാരണം ഒരു ബാക്ടീരിയയാണ്. ‘ഓറിയെന്റാ സുട്സുഗാമുഷി’ എന്നാന്ന് ഈ ബാക്ടീരിയയുടെ പേര്. നമ്മുടെ നാട്ടില്‍ കാണുന്ന ഒരു തരം ചെള്ളുകളാണ് ഈ ബാക്ടീരിയയെ മനുഷ്യന്റെ ശരീരത്തിനുള്ളില്‍ എത്തിക്കുന്നത
മനുഷ്യരുടെയും മറ്റു ജീവികളുടെയും രക്തം കുടിച്ചാണ് ഈ ചെള്ളുകള്‍ ജീവിക്കുന്നത്. രക്തപാനത്തിനായി ചെള്ളുകള്‍ മനുഷ്യരെ കടിക്കുമ്പോള്‍ ചെള്ളുകളുടെ ശരീരത്തില്‍ നിന്ന് മനുഷ്യരിലേക്ക് ബാക്റ്റീരിയ പ്രവേശിക്കുന്നു. ചെള്ളിന്റെ വിസര്‍ജ്യത്തിലൂടെയും ബാക്ടീരിയ മനുഷ്യരിലേക്ക് പകരും. രക്തം കുടിക്കുമ്പോള്‍ മനുഷ്യരുടെ ചര്‍മ്മത്തിൽ ചെള്ളിന്റെ വിസര്‍ജ്യം വീഴാം. ചര്മ്മത്തിന്മേൽ ഇത് ചൊറിച്ചിലുണ്ടാക്കുന്നു.
ചര്‍മ്മത്തില്‍ ചൊറിയുമ്പോള്‍ നഖങ്ങളുടെ പാടേറ്റ് മുറിവുകളും പോറലുകളും ഉണ്ടാവാം. ഈ മുറിവുകളിലൂടെ ബാക്ടീരിയ ശരീരത്തിന്റെ ഉള്ളില്‍ കടക്കാം. ബാക്ടീരിയ ഉള്ളില്‍ കടന്നശേഷം 10 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗം പ്രത്യക്ഷമാകുന്നത്.
രോഗലക്ഷണങ്ങള്‍
രോഗം ബാധിച്ചവരുടെ ശരീരത്തില്‍ പ്രത്യേക തരത്തിലുള്ള ഒരു വ്രണം ഉണ്ടാകാം എന്നത് മറ്റു പനികളില്‍ നിന്ന് സ്ക്രബ് ടൈഫസിനെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ലക്ഷണമാണ്. ചെള്ള് കടിച്ച ഭാഗമാണ് ഇങ്ങനെ ഒരു ചെറിയ വൃണമായി കാണുന്നത്. എഷ്കര്‍ എന്നാന്ന് ഈ ചെറിയ വൃണത്തെ വിളിക്കുന്ന പേര്. ചുറ്റും ചുവന്ന് നടുവില്‍ ഇരുണ്ട് പൊറ്റ പിടിച്ച ഒരു വൃണമായാണ് ഇത് കാണപ്പെടുന്നത്. ഇത്തരം വ്രണം കാണപ്പെടുന്ന രോഗികളില്‍ കടുത്ത പനിയും കിടുങ്ങലും ഉണ്ടെങ്കില്‍ സ്ക്രബ് ടൈഫസ് പിടിപെട്ടതായി സംശയിക്കണം. സ്ക്രബ് ടൈഫസിന്റെ മറ്റു ചില ലക്ഷണങ്ങള്‍ എലിപ്പനിയുടേതു പോലെയാണ്.
ഉദാഹരണമായി എനിപ്പനിക്കാര്ക്ക് ഉള്ളതുപോലെ തലവേദനയും ദേഹംവേദനയും പേശീവേദനയും സ്ക്രബ് ടൈഫസ് ബാധിച്ചവരിലും ഉണ്ടാവും. ശരീരത്തിലെ ലസികാ ഗ്രന്ഥികളുടെ വീക്കവും ചര്‍മത്തില്‍ ചുവന്ന തിണര്‍പ്പുകളുമാണ് മറ്റു ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍, തലച്ചോറില്‍ അണുബാധയുണ്ടായതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവും. രോഗിക്ക് സുബോധം തകരാറിലാവുകയും ആശയക്കുഴപ്പം ഉണ്ടാവുകയും പെരുമാറ്റത്തില്‍ വ്യതിയാനം വരികയും സ്ഥലകാല ബോധം നഷ്ടപ്പെടുകയും ചെയ്യാം. ഒടുവില്‍ ഇത് പൂര്‍ണമായ ബോധക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യും. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ.സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്.