രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ നിർമാണത്തിന് ഇരുന്പ് അത്യന്താപേക്ഷിതം. ശരീരമാകമാനം ഓക്സിജൻ എത്തിക്കുകയാണ് ഇതിന്റെ ജോലി. വിളർച്ചയുളളവരിൽ കോശസമൂഹങ്ങളിലെത്തുന്ന ഓക്സിജന്റെ അളവിൽ കുറവുണ്ടാകുന്നു. വിളർച്ച തുടങ്ങി മാസങ്ങളോളം ലക്ഷണങ്ങൾ പ്രകടമാവില്ല.
കടുത്ത ക്ഷീണം, നിദ്രാലസ്യം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു. വിളർച്ചയുളളവരിൽ രക്താണുക്കൾക്ക് എല്ലാ അവയവങ്ങളിലേക്കും മതിയായ തോതിൽ ഓക്സിജൻ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരൾ, വൃക്കകൾ, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു.
വിളർച്ച - കാരണങ്ങൾ
ഇരുന്പ്, ഫോളിക്കാസിഡ്, വിറ്റാമിൻ സി, ബി12 എന്നീ പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളർച്ചയ്ക്കു കാാരണം. സ്ത്രീകളിലും ഗർഭിണികളിലും വിളർച്ചാസാധ്യത കൂടുതലാണ്. രക്തസ്രാവം, ബോണ്മാരോയിലെ അസുഖങ്ങൾ, കാൻസർ, കുടൽ രോഗങ്ങൾ, വൃക്ക തകരാർ, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മറ്റു ഗുരുതരരോഗങ്ങൾ എന്നിവ ബാധിച്ചവർക്കു വിളർച്ചാസാധ്യതയേറും. ഹീമോഗ്ലോബിൻ തന്മാത്രയിലുണ്ടാകുന്ന അസ്വാഭാവികതയാണ് അരിവാൾ രോഗത്തിന് (സിക്കിൾ സെൽ അനീമിയ) ഇടയാക്കുന്നത്. പാരന്പര്യരോഗമാണിത്.
ഇരുന്പ് അടങ്ങിയ ഭക്ഷണം
പച്ചനിറമുളള ഇലക്കറികൾ, ശർക്കര, തക്കാളി, ഉലുവ, ബീറ്റ്റൂട്ട്, മാതളനാരങ്ങ, എള്ള്, ചീര, തവിടുകളയാത്ത ധാന്യങ്ങൾ, മഞ്ഞൾ, പാവയ്ക്ക, നെല്ലിക്ക, ഈന്തപ്പഴം, തേൻ, ഇളനീര്, മൃഗങ്ങളുടെ കരൾ, മുട്ട, ചീര, ഏത്തപ്പഴം, ശതാവരി, ചേന, സോയാബീൻ, പയർ, തുവര, ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ ഇരുന്പ് ധാരാളം. ഇരുന്പുപാത്രത്തിൽ പാകം ചെയ്ത ഭക്ഷണം ഗുണപ്രദം.
വിറ്റാമിൻ സിയും പ്രധാനം
വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുന്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന്
ഇരുന്പ് പൂർണമായും വലിച്ചെടുക്കാനാവില്ല. പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. വിറ്റാമിൻ ഗുളികകൾ ഫിസി ഷ്യന്റെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം.
ഫോളിക്കാസിഡ്, വിറ്റാമിൻ ബി12
കോഴി, താറാവ് ഇറച്ചി, ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളം. വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്. ചുവന്ന
രക്താണുക്കളുടെ എണ്ണം വർധിപ്പിച്ചു വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായകം. കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്ത ധാന്യങ്ങൾ എന്നിവയിൽ ഫോളേറ്റുകളുണ്ട്.
കോള പാനീയങ്ങൾ വേണ്ട
ഭക്ഷണത്തിൽ നിന്ന് ഇരുന്പിനെ വലിച്ചെടുക്കാനുളള ശരീരത്തിന്റെ കഴിവു കുറയ്ക്കുന്ന വിഭവങ്ങളുണ്ട്. അവ ശീലമാക്കരുത്. കാപ്പി, ചായ, കോള പാനീയങ്ങൾ, ബീയർ, വൈൻ, കാൽസ്യം ധാരാളമടങ്ങിയ പാലുത്പന്നങ്ങൾ, കാൽസ്യം സപ്ളിമെൻറ്സ് തുടങ്ങിയവ ഇരുന്പിന്റെ ആഗിരണം തടയുന്നതായി വിദഗ്ധർ പറയുന്നു. ഹീമോഗ്ലോബിൻ തീരെ കുറവുളളവർ ഇത്തരം വിഭവങ്ങൾ എത്രത്തോളം ഉപയോഗിക്കണം എന്നതു സംബന്ധിച്ചു ഫിസിഷ്യന്റെ ഉപദേശം തേടണം. സ്വയംചികിത്സ വേണ്ട. വിളർച്ചാലക്ഷണങ്ങൾ അവഗണിക്കരുത്.
വ്യായാമം ചെയ്താൽ വ്യായാമത്തിലേർപ്പെടുന്പോൾ ശരീരത്തിനു കൂടുതൽ ഓക്സിജൻ ആവശ്യമായിവരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനു ശരീരം കൂടുതൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കും.