ഒരിക്കൽ ഉപയോഗിച്ച മരുന്ന് വീണ്ടും ഉപയോഗിക്കാമോ?
Thursday, December 22, 2016 6:19 AM IST
ഡോക്ടർ, അഞ്ചര വയസുള്ള കുട്ടിയുടെ അമ്മയാണ് ഞാൻ. ഒരിക്കൽ ഉപയോഗിച്ച മരുന്ന് കുപ്പിയിൽ വീണ്ടും അവശേഷിച്ചത് ഉണ്ടെങ്കിൽ പിന്നീട് അസുഖം വരുമ്പോൾ അതു നൽകാമോ? ആന്റി ബയോട്ടിക്കുകൾ നൽകുമ്പോൾ എങ്ങനെയാണ് ചെയ്യേണ്ടത്?
ലക്ഷ്മി, കോട്ടയം

സിറപ്പുകളും മരുന്നുകളും ഒരിക്കൽ ഉപയോഗിച്ച് മിച്ചം വന്നവ സൂക്ഷിച്ചുവെയ്ക്കുന്നത് നല്ലതല്ല. ഇത്തരം ഔഷധങ്ങൾ തുറന്നുകഴിഞ്ഞാൽ അധികകാലം സുരക്ഷിതമായിരിക്കില്ല. രോഗം ഭേദമായിക്കഴിഞ്ഞാൽ കുറച്ച് ഔഷധങ്ങൾ മിച്ചമുണ്ടെങ്കിലും അവ ഉപേക്ഷിക്കുന്നതു തന്നെയാണു നല്ലത്. അതല്ല, മിച്ചമുള്ള ഔഷധം സൂക്ഷിച്ചു വെക്കണം എന്നാണെങ്കിൽ അതു നന്നായി അടച്ച് റഫ്രിജറേറ്ററിൽ താഴത്തെ അറയിൽ ഭദ്രമായി സൂക്ഷിക്കണം. ഔഷധങ്ങൾ ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നതു കണ്ടാൽ കുട്ടികൾക്ക് അത് എടുത്തു കുടിക്കാൻ തോന്നും. അത് സാധാരണമാണ്. സിറപ്പുകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. അത് പലവിധത്തിലുള്ള പ്രശ്നങ്ങളുമുണ്ടാക്കിയേക്കാം.


ആന്റിബയോട്ടിക് മരുന്നുകൾ എപ്പോഴും പുതുതായി വാങ്ങിത്തന്നെ ഉപയോഗിക്കണം. അത് സൂക്ഷിച്ചു വെച്ചിരുന്നാലും മരുന്നിന്റെ ഗുണനിലവാരം (പൊട്ടൻസി) കുറയാനിടയുണ്ട്.