ഓർമയിലേക്ക് തുഴയെറിഞ്ഞ് കടത്തു വള്ളങ്ങൾ
Wednesday, May 4, 2022 2:12 PM IST
മൂവാറ്റുപുഴ: വര്‍ഷകാലത്തെ പുഴയുടെ കുത്തൊഴുക്കില്‍ നിറയെ യാത്രക്കാരുമായി പുഴ മുറിച്ചു കടക്കാന്‍ കടത്തുകാരന്റെ നിശ്ചയദാഢ്യവും കൈക്കരുത്തും മാത്രമായിരുന്നു കാവല്‍. കാറ്റുംകോളും നിറയുന്ന നാളുകളില്‍ മെയ്ക്കരുത്തില്‍ തുഴഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ സാഹസിക യാത്രയുടെ അനുഭവമായിരുന്നു.
യാത്രയ്ക്കും ചരക്ക് കടത്തിനും ആശ്രയിച്ചിരുന്ന പരമ്പാരാഗത കടത്തുവള്ളങ്ങള്‍ നാടും നഗരവും വികസിച്ചതോടെ അപ്രത്യക്ഷമായി തുടങ്ങി. ജീവിതം വേഗം കൈവരിച്ചതോടെ കടവുകള്‍ക്ക് മുകളില്‍ പാലങ്ങള്‍ മുളച്ചു. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന കടത്തു തോണികള്‍ കേവലം ഗതാഗത മാര്ഗത്തിനുപ്പുറം സംസ്കാരത്തിനും ജീവിത രീതിയ്ക്കും പകിട്ടേകിയത് നാടിന്റെ ഒഴിച്ചുകൂടാനാവാത്ത മാറ്റത്തിന്റെ അലയില്‍ മുങ്ങി. വാണിജ്യ വ്യാപാര മേഖലകള്‍ക്ക് ഒഴിവാക്കാനാവാത്തതായിരുന്നു കടത്തു വഞ്ചി.
കിഴക്കിന്റെ വെന്നീസായ ആലപ്പുഴയില്‍നിന്ന് ഇടുക്കി, എറണാകുളം ജില്ലകളിലേക്ക് ചരക്ക് എത്തിച്ചിരുന്നത് പുഴ മാര്‍ഗമായിരുന്നു. ആലപ്പുഴയില്‍നിന്നു വേമ്പനാട്ടു കായലിലൂടെ സഞ്ചരിച്ച് മൂവാറ്റുപുഴയാറില്‍ കടന്ന് മൂവാറ്റുപുഴയിലെ ചന്തകടവില്‍ എത്തിക്കുകയായിരുന്നു. നിരവധി വള്ളങ്ങള്‍ ഒരേ ദിശയില്‍ സഞ്ചരിച്ച് ദിവസങ്ങളുടെ യാത്രയ്ക്കൊടുവിലാണ് കടവുകളില്‍ പലചരക്ക് അടക്കമുള്ളവ ലഭിച്ചിരുന്നത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെയുള്ള യാത്രകളെക്കുറിച്ച് വിവരിക്കുമ്പോള്‍ പഴമക്കാര്‍ക്ക് ഇന്നും നൂറുനാവാണ്.
ഇന്ധനക്ഷാമവും ഹര്‍ത്താലുകളൊന്നും ഇത്തരം കടത്തുകളെ ബാധിച്ചിരുന്നില്ല. മൂന്ന് ആറുകള്‍ സംഗമിക്കുന്ന മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും 20ഓളം കടവുകളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നത്. 1950നു ശേഷം പ്രധാന റോഡുകളെ ബന്ധിപ്പിച്ച് പാലങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതോടെ കടത്തുകാരും വള്ളങ്ങളും പതുക്കെ അപ്രത്യക്ഷമാവുകയായിരുന്നു.
നൂറോളം വള്ളങ്ങളായിരുന്നു മൂവാറ്റുപുഴ പ്രദേശത്ത് കടവുകളോട് യാത്ര പറഞ്ഞത്. പാലങ്ങള്‍ ഉയര്‍ന്ന് റോഡ് ഗതാഗതം സുഗമമായതോടെ ചരക്ക് നീക്കവും റോഡ് മാര്‍ഗമായി. ഇതോടെ ചരക്ക് കയറ്റിയ വള്ളങ്ങളും വഞ്ചിപ്പാട്ടുകളും പുഴകള്‍ക്ക് ഓര്‍മ്മകളായി മാറി.
കടത്ത് വള്ളങ്ങള്‍ പിന്നീട് ഏറെക്കാലം പുഴകളുടെ സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെ ചെലവ് കുറഞ്ഞ തൂക്കുപാലങ്ങളെ കൂടി പുഴകളുടെ കരകളെ ബന്ധിപ്പിച്ച് എത്തിയതോടെ അവശേഷിക്കുന്ന കടത്തുകളും വള്ളങ്ങളും തുഴയൊഴിഞ്ഞു. മൂവാറ്റുപുഴ നഗരത്തില്‍ ഇപ്പോള്‍ ചന്തക്കടവിനെയും കിഴക്കേക്കരയേയും കാവുംപടിയെയും ബന്ധിപ്പിച്ച് ത്രിവേണി സംഗമത്തില്‍ ഒരു കടത്തുവള്ളം മാത്രമാണുള്ളത്.
എന്നാല്‍ ത്രിവേണി സംഗമത്തിലെ കടവില്‍ ഇന്നും യാത്രക്കാരുണ്ട്. കടത്തിനെയും കടത്തുകാരനെയും സ്നേഹിക്കുന്ന കുറച്ചുപേര്‍ ഇപ്പോഴും ഈ കടവിലൂടെ കടത്തു വഞ്ചിയില്‍ കരപറ്റുന്നുമുണ്ട്.
ഒരു കാലത്ത് വിശ്രമമില്ലാതെ നിരവധി വള്ളങ്ങള്‍ തുഴയെറിഞ്ഞാല്‍ മാത്രമേ നാട്ടുകാരെ അക്കരെ എത്തിക്കാന്‍ കഴിയുവെന്ന് 48 വര്‍ഷമായി ത്രിവേണി സംഗമത്തില്‍ ജോലി നോക്കുന്ന ബേബി പറഞ്ഞു. യാത്രക്കാര്‍ വന്നാലും ഇല്ലെങ്കിലും പതിവുപോലെ രാവിലെ ആറിനു തന്നെ ബേബി കടവിലെത്തി തന്റെ ജോലി ആരംഭിക്കും. രാത്രി എട്ടുവരെ അത് തുടരും. വര്‍ഷകാലത്ത് പുഴയുടെ കുത്തൊഴുക്കില്‍ നിറയെ യാത്രക്കാരുമായി പുഴ മുറിച്ച് കടക്കുന്നത് സാഹസികമായിരുന്നുവെന്ന് ബേബി ഓര്‍മിക്കുന്നു.
ഇന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായിരിക്കുകയാണ്. പുഴയോര വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ത്രിവേണി സംഗമത്തിലും തൂക്കുപാലം നിര്‍മിക്കുന്നതിനുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ നേരത്തെ നഗരസഭാധികൃതര്‍ ഉയര്‍ത്തിയെങ്കിലും പിന്നീടത് ശാന്തമാവുകയായിരുന്നു. ഒരു പക്ഷേ ഇത് യാഥാര്‍ഥ്യമായാല്‍ ഇവിടുത്തെ കടത്തും ഓര്‍മകളിലേക്ക് തുഴയെറിഞ്ഞു പോകും.