കള്ളാക്കുറിച്ചിയിലെ കണ്ണീർത്തുള്ളി
Tuesday, July 26, 2022 3:09 PM IST
കടലൂരിൽ ചെന്നിറങ്ങുന്പോൾ നേരം പുലരുകയായിരുന്നു. അവളെ നാളെ ഈ പുലരിയിൽ ഈ ഭൂമിയിൽ കാണാനാകില്ലല്ലോ എന്ന വേദനയോടെ കടലൂരിനു മുകളിലേക്ക് സൂര്യൻ തിളച്ചുയർന്നു. ഇന്ന് അവൾ മണ്ണിലേക്ക് മടങ്ങുന്ന ദിവസമാണ്. കടലൂരിലെങ്ങും ആ വിങ്ങലുണ്ട്....
പോലീസുകാർ വേണ്ടത്രയുണ്ട് ഓരോ വഴിയിലും. എപ്പോൾ വേണമെങ്കിലും പ്രശ്നങ്ങളുണ്ടാകാം..അതാണ് ഇത്രയധികം പോലീസ്..അവൾ ജീവനൊടുക്കിയ ദിവസം കള്ളാക്കുറിച്ചി കത്തിയില്ലേ....അതുകൊണ്ടാണ് ഈ മുൻകരുതൽ - കൂടെ വന്ന ചിദംബരത്തെ സുഹൃത്ത് ഒരൽപം പേടിയോടെ പറഞ്ഞു.
ഒരു നഗരത്തിൽ ഒരു അനീതി ഉണ്ടായാൽ അവിടെ കലാപമുണ്ടാകണം. ഇല്ലെങ്കിൽ സന്ധ്യ മയങ്ങും മുൻപ് ആ നഗരം കത്തിച്ചാന്പലാകുന്നതാണ് നല്ലത് എന്ന ബെർതോൾഡ് ബ്രെഹ്തിന്റെ വാക്കുകളാണ് എനിക്കപ്പോൾ മനസിലോടിയെത്തിയത്.
കള്ളാക്കുറിച്ചിയിലെ സാധാരണക്കാർ ബ്രെഹ്തിന്റെ വാക്കുകൾ കേട്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷേ അവരത് നടപ്പാക്കി...
അവളുടെ ജീവിതം ആരൊക്കെയോ മൂലം, എന്തുകൊണ്ടൊക്കെയോ ഇല്ലാതായപ്പോൾ ആ അനീതി ഉണ്ടായ നഗരം അവർ കത്തിച്ചു....
കള്ളാക്കുറിച്ചി ഗൂഗിളിൽ ഇടം പിടിക്കുന്നത് ആ തീ നാളങ്ങളിലൂടെയാണ്.
റീ പോസ്റ്റുമോർട്ടം കഴിഞ്ഞ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അവളുടെ ബോഡി മാതാപിതാക്കൾ ഏറ്റുവാങ്ങുന്നുവെന്ന് കൂട്ടുകാരന്റെ ഫോണിലേക്ക് വിളി വന്നു. ഏതോ ചാനലിൽ ഫ്ളാഷ് ന്യൂസായി അത് അപ്പോൾ മിന്നിമറയുന്നുണ്ടായിരുന്നു. വഴികളിൽ അലസരായി നിന്നിരുന്ന പോലീസുകാർ പെട്ടന്ന് ജാഗരൂകരായ പോലെ. തോക്കേന്തിയ ഏതാനും പോലീസുകാർ തോക്കിൻപാത്തിയിൽ പിടിമുറുക്കുന്നതു കണ്ടു.
ആകാശത്തേക്ക് ആദരപൂർവം ആചാര വെടി മുഴക്കാനല്ല അവർ തോക്കിൽ മുറുകെ പിടിക്കുന്നത് എന്ന് മനസിലായി. ഐഡി കാർഡ് കഴുത്തിലണിഞ്ഞ് മുന്നോട്ടു നീങ്ങുന്പോൾ പോലീസുകാർ തടഞ്ഞു. അപരിചിതരെ അവർക്ക് സംശയമായിരുന്നു. ഐഡി പരിശോധിച്ച് ഞങ്ങളെ കടത്തി വിടുന്പോൾ പോലീസുകാരിൽ ഒരാൾ പതിയെ പറയുന്നത് കേട്ടു -കേരളാവിലെയിരുന്ത് ഇങ്ക വരറത്ക്ക് ഇവളവും പെരിയ ന്യൂസാ ഇത്.......
ശരിയാണ് ആ പോലീസുകാരന്റെ സംശയം. പത്രങ്ങളുടെ ചരമക്കോളത്തിൽ ഒരു മൂലയിൽ ഒതുങ്ങിപോകുമായിരുന്ന ആത്മഹത്യയാണ് ഇന്ന് ഇന്ത്യയിൽ കുറച്ചുപേരെങ്കിലും ചർച്ചചെയ്യുന്നത്. ഏതോ ഒരു അച്ഛനും അമ്മയ്ക്കും മാത്രം സംഭവിച്ച ദുരന്തമായി അവഗണിക്കാതെ അവരുടെ കണ്ണുനീരിൽ ആരൊക്കെയോ പങ്കുചേരുന്നത്. അവൾക്കായി ശബ്ദമുയർത്തുന്നത്. കലാപങ്ങൾ എന്ന മുദ്രചാർത്തുന്ന പ്രതിഷേധങ്ങളുയർത്തുന്നത്..
വെയിൽ മൂക്കുന്പോഴും കടലൂരിൽ കണ്ണീർമഴ പെയ്യുന്നുണ്ടായിരുന്നു. പലരുടേയും മനസിൽ.
കടലൂരിലെ പെരിയനെസലൂർ ഗ്രാമത്തിലേക്ക് എവിടെ നിന്നൊക്കെയോ ആളുകൾ വന്നണഞ്ഞുകൊണ്ടേയിരുന്നു. കൂട്ടത്തിൽ ദേശീയ മാധ്യമങ്ങളുടെയടക്കം പ്രതിനിധികളും.
സമയം രാവിലെ ഏഴുമണിയാകുന്നതേയുള്ളു. കള്ളാക്കുറിച്ചി ജനറൽ ആശുപത്രിയിൽ നിന്ന് അവളുടെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് കടലൂരിലേക്ക് തിരിച്ചതായ വാർത്ത പെട്ടന്ന് ഗ്രാമത്തിൽ പരന്നു.
ജനറൽ ആശുപത്രി മോർച്ചറിയിൽ റീ പോസ്റ്റുമോർട്ടം കഴിഞ്ഞ് സൂക്ഷിച്ചിരുന്ന പൊന്നുമോളുടെ മൃതദേഹം ഏറ്റുവാങ്ങുന്നതായുള്ള രേഖയിൽ ഒപ്പിടുന്പോൾ ആ അച്ഛന്റെ കൈവിറച്ചുകൊണ്ടിരുന്നു.
ചുറ്റും ഉയർന്ന വാവിട്ട കരച്ചിലുകൾക്കിടെ തങ്ങളുടെ പൊന്നുമോളുടെ തുണിയിൽ പൊതിഞ്ഞ ജീവനില്ലാത്ത ശരീരം ഏറ്റുവാങ്ങുന്പോൾ ആ മാതാപിതാക്കൾ കടവുളേ എന്നാർത്തു നിലവിളിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ പോസ്റ്റുമോർട്ടത്തിനു ശേഷം രണ്ടാമത്തെ പോസ്റ്റുമോർട്ടവും കഴിഞ്ഞ് കൈകളിലേക്ക് കിട്ടിയ പൊന്നുമോളുടെ മൃതദേഹം ഇരുവരും വാരിപ്പുണരുന്പോൾ അവരെ പിടിച്ചുമാറ്റാൻ സാധിക്കാതെ ബന്ധുക്കളും നാട്ടുകാരും വിഷമിച്ചത്രെ.
കണ്ണീർമഴയായിരുന്നു കള്ളാക്കുറിച്ചി ജനറൽ ആശുപത്രി പരിസരത്ത് ആ നശിച്ച പ്രഭാതത്തിൽ പെയ്തൊടുങ്ങിയത്. വിദ്യാർഥിനിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാതാപിതാക്കൾ ഏറ്റുവാങ്ങുന്പോൾ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ ആശുപത്രിയും പരിസരവും കനത്ത പോലീസ് വലയത്തിലായിരുന്നു. മോർച്ചറിയിൽ നിന്ന് മൃതദേഹം പുറത്തേക്കെടുത്തപ്പോഴേക്കും കൂടി നിന്നവർ വാവിട്ടു നിലവിളിച്ചു. അതുവരെ പിടിച്ചുനിന്ന മാതാപിതാക്കൾക്കും സങ്കടമടക്കാനായില്ല.
പിന്നെ മൃതദേഹവുമായി ആംബുലൻസിൽ അവൾക്കൊപ്പം മാതാപിതാക്കളുടെ അവസാന യാത്ര..കടലൂരിലേക്ക്...വഴി നീളെ അവളെ അറിയുന്നവരും അറിയാത്തവരുമായ ആൾക്കൂട്ടം അവസാനമായി ഒരു നോക്കുകാണാൻ തടിച്ചുകൂടിയിരുന്നു. വഴി നീളെ പോലീസ് നിലയുറപ്പിച്ചിരുന്നു. ആരൊക്കെയോ ആംബുലൻസ് കടന്നുപോകുന്പോൾ പൂക്കൾ വിതറുന്നുണ്ടായിരുന്നു.
ആംബുലൻസിനകത്ത് ചേതനയറ്റ് രണ്ടു തവണ കീറിമുറിക്കപ്പെട്ട പൊന്നുമോളുടെ ശരീരത്തിൽ അച്ഛനും അമ്മയും തലോടിക്കൊണ്ടിരുന്നു. പണ്ടവളെ ലാളിക്കുന്പോൾ തലോടിയപോലെ...ഇനി അൽപ സമയം കൂടി മാത്രമല്ലേ അവളെ ഇങ്ങനെ തലോടാനാകു എന്നോർത്ത് ചങ്കു പിടഞ്ഞ്....
പുറത്തവളുടെ കൂട്ടുകാരികൾ വിതുന്പിക്കൊണ്ട് എവിടെയൊക്കെയോ ഇരിക്കുന്നുണ്ടായിരുന്നു.
സംസ്കാരത്തിനായി അവളുടെ മൃതദേഹം കൊണ്ടുവരുന്പോഴേക്കും വീടും പരിസരവും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. അവളുടെ സഹപാഠികളടക്കമുള്ളവർ കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. വീടിനകത്ത് അവളുടെ സ്കൂൾ ബാഗും പുസ്തകങ്ങളും യൂണിഫോമും ഓർമകൾ ബാക്കിയാക്കി കിടപ്പുണ്ടായിരുന്നു.
കടലൂരിലെ വീട്ടിലും പരിസരത്തും പോലീസ് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി നിലയുറപ്പിച്ചിരുന്നു. എപ്പോൾ വേണമെങ്കിലും സംഘർഷത്തിന് സാധ്യതയേറെയുള്ളതിനാൽ പോലീസ് അതീവജാഗ്രതയിലായിരുന്നു.
പൂമാലകൾ ചാർത്തിയ അവളുടെ ശരീരം പിന്നെ പച്ചമണ്ണിലേക്ക് പതിയെ ചേർന്നലിഞ്ഞു. മന്ത്രിമാരടക്കമുള്ളവർ സാക്ഷികളായി.
ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി അവസാനിപ്പിച്ച ഒരു ജീവിതത്തിന് അവസാന ഗുഡ്ബൈ പറയാൻ ആരൊക്കെയോ എത്തി.
തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കൻററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത് തമിഴ്നാട്ടിനെ പിടിച്ചുകുലുക്കിയ സംഭവമായി. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. കെമിസ്ട്രി, കണക്ക് അധ്യാപകർ തന്നെ വല്ലാതെ മാനസിക സംഘർഷത്തിൽ ആക്കുന്നുവെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
താൻ പഠിക്കാത്ത കുട്ടിയാണെന്ന് അധ്യാപകർ എല്ലാവരോടും പറയുന്നു. രസതന്ത്രത്തിലെ സമവാക്യങ്ങൾ ഓർമയിൽ നിൽക്കുന്നില്ല. എല്ലാവരും കളിയാക്കുന്നു. തന്നെ മാത്രമല്ല, മറ്റ് കുട്ടികളേയും കണക്ക് ടീച്ചർ ഈ വിധം വഴക്കുപറയാറുണ്ട്. എന്നിങ്ങനെയാണ് കുട്ടി എഴുതിയിരിക്കുന്നത്. സ്കൂൾ ഫീസ് തൻറെ അമ്മയ്ക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
തിരികെ മടങ്ങുന്പോൾ അവളുടെ വീട്ടിലേക്കൊന്നു പാളി നോക്കി. അവൾ കളിച്ചുവളർന്ന വീട്...അവളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന വീട്...കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ എന്ന ദേശാടനത്തിലെ പാട്ടോർത്തു...
ഇനി ആ വീട്ടിൽ അവളില്ല...അവളുടെ കളിചിരിയില്ല...
രണ്ടു ദിവസം കഴിഞ്ഞ് തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർഥിനികൂടി ആത്മഹത്യചെയ്ത വാർത്ത വന്നു...
മറ്റൊരു കള്ളാക്കുറിച്ചി...
മറ്റൊരു കണ്ണുനീർത്തുള്ളി....
ഋഷി