ലോ​ക​ത്തി​ല്‍ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള പൂ​ച്ച..! റോ​സി @ 32
ലോ​ക​ത്തി​ല്‍ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള പൂ​ച്ച..! റോ​സി @ 32
ല​ണ്ട​ൻ: ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള പൂ​ച്ച​യാ​ണ് റോ​സി. ജൂ​ൺ ഒ​ന്നി​നാ​യി​രു​ന്നു റോ​സി​യു​ടെ 32-ാം പി​റ​ന്നാ​ൾ. 1991 ജൂ​ണ്‍ ഒ​ന്നി​നാ​ണ് റോ​സി ജ​നി​ച്ച​ത്. റോ​സി നി​സാ​ര​ക്കാ​രി​യ​ല്ല, ഗി​ന്ന​സ് റെ​ക്കോ​ഡ് നേ​ടി​യ സു​ന്ദ​രി​പ്പൂ​ച്ച​യാ​ണ്.

ലി​ല ബ്രി​സെ​റ്റ് എ​ന്ന ഇം​ഗ്ലീ​ഷു​കാ​രി​യു​ടേ​താ​ണ് പൂ​ച്ച. ലി​ല​യ്ക്ക് ഇ​പ്പോ​ള്‍ 71 വ​യ​സു​ണ്ട്. ഇം​ഗ്ല​ണ്ടി​ലെ നോ​ര്‍​വി​ച്ച് ന​ഗ​ര​ത്തി​ലാ​ണ് ലി​ല​യും അ​വ​രു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ റോ​സി​യും താ​മ​സി​ക്കു​ന്ന​ത്. റോ​സി​യെ ക​ണ്ടു​മു​ട്ടു​മ്പോ​ള്‍ ത​നി​ക്കു കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ല്‍ റോ​സി​യെ വ​ള​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ലി​ല പ​റ​ഞ്ഞു.


മി​ക​ച്ച ആ​രോ​ഗ്യ​മു​ള്ള പൂ​ച്ച​യാ​ണ് റോ​സി. ര​ണ്ടു ത​വ​ണ മാ​ത്ര​മെ അ​വ​ളെ ഡോ​ക്ട​റെ കാ​ണി​ച്ചി​ട്ടു​ള്ളു​വെ​ന്ന് ലി​ല പ​റ​യു​ന്നു. വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​നാ​യാ​ണ് അ​വ​ളെ ആ​ദ്യ​മാ​യി ഡോ​ക്ട​റെ കാ​ണി​ച്ച​ത്. അ​ത് 1991ലാ​യി​രു​ന്നു.

അ​ഞ്ചു വ​ര്‍​ഷം മു​മ്പ് അ​വ​ള്‍​ക്കൊ​രു സി​സ്റ്റ് ഉ​ണ്ടാ​യ​പ്പോ​ള്‍ ചി​കി​ത്സ​യ്ക്കാ​യി വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പോ​യെ​ന്നും ലി​ല. ശാ​ന്ത​യാ​യ പൂ​ച്ച​യാ​ണ് റോ​സി. എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യി മാ​ത്ര​മേ റോ​സി ഇ​ട​പെ​ടാ​റു​ള്ള. സാ​ല്‍​മ​ണ്‍ കേ​ക്ക് ആ​ണ് റോ​സി​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം.