"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കുന്നു. പാനിപ്പൂരിയുടെ പുതിയ വെറൈറ്റി, "എഗ് പാനിപ്പൂരി!' വളരെ ലളിതമാണ് ഇതിന്റെ പാചകരീതി.
പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചശേഷം മഞ്ഞക്കരു നീക്കി ഒരു പ്ലേറ്റില്‍ വയ്ക്കുന്നു. തുടര്‍ന്ന് തക്കാളി സോസ്, ക്രീം, ചീസ്, മസാല എന്നിവ നിറയ്ക്കുന്നു. എഗ് പാനിപ്പൂരി റെഡി! ഇത് തയാറാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതേസമയം, എഗ് പാനിപ്പൂരിക്കെതിരേ വ്യാപകവിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിചിത്രമായ പാചകക്കുറിപ്പാണെന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. ഇതിനു പാനിപ്പൂരിയുമായി എങ്ങനെ ബന്ധം വരുമെന്നാണ് ചിലര്‍ ചോദിക്കുന്നത്.
സാധാരണ പാനിപൂരിയില്‍ ഉപയോഗിക്കുന്ന ചേരുവകളൊന്നും എഗ് പാനിപ്പൂരിയില്‍ ചേര്‍ക്കാത്തതാണ് ഭക്ഷണപ്രിയരില്‍ അതൃപ്തി ജനിപ്പിച്ചത്. പുതിയ വിഭവത്തെ വാനോളം പുകഴ്ത്തുന്നവരും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. എന്തൊക്കെയായാലും എഗ് പാനിപ്പൂരിക്ക് സൂപ്പര്‍ സ്റ്റാര്‍ പദവി കിട്ടിക്കഴിഞ്ഞു!