ഒളിമ്പിക്സും ഇന്ത്യയും പിന്നെ 14 സെക്കൻഡും
ഒളിമ്പിക്സും ഇന്ത്യയും പിന്നെ 14 സെക്കൻഡും
ഒളിമ്പിക്സിന് കൊടിയിറങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ ഉടനെയെങ്ങും ഒളിമ്പിക്സുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് തിരശീല വീഴില്ല. ട്രോളുകൾ ഒരു ഐറ്റമായി ഒളിമ്പിക്സിന് ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇന്ത്യയ്ക്കും ഒരു സ്വർണം ഉറപ്പ്. ഋഷിരാജ് സിംഗിന്റെ പതിനാല് സെക്കൻഡും ഒളിമ്പിക്സുമായിരുന്നു കഴിഞ്ഞ ആഴ്ചകളിലെ സോഷ്യൽ മീഡിയയിലെ പ്രധാന ഇരകൾ. ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണം നേടിയ മൈക്കിൾ ഫെൽപ്സും ഇതിഹാസ താരം ഉസൈൻ ബോൾട്ടുമെല്ലാം ട്രോളുകൾക്ക് ഇരയായി.

ട്രോളിൽപ്പെട്ട് ഇതിഹാസ താരങ്ങൾ

മൈക്കിൾ ഫെൽപ്സിന് ഒരുപാട് പെങ്ങന്മാരുണ്ടെന്നും അതിനാലാണ് ഇത്രയും സ്വർണം വാരിക്കൂട്ടുന്നതെന്നുമാണ് ട്രോളാന്മാരുടെ കണ്ടുപിടുത്തം. മാത്രമല്ല ഇത്രയും സ്വർണവുമായി എയർപോർട്ടിൽ ചെന്നാൽ സ്വർണക്കടത്തിന്റെ പേരിൽ ഫെൽപ്സിനെ അധികൃതർ പിടിക്കുമെന്നും സോഷ്യൽ മീഡിയിലെ നിരാശനായ ട്രോളൻ ഫേസ്ബുക്കിൽ കുറിക്കുന്നു. ബോൾട്ട് ഇന്ത്യയിലാണ് ജനിച്ചതെങ്കിൽ ഇപ്പോൾ ബിടെക് കഴിഞ്ഞ് ബാങ്ക് ടെസ്റ്റ് കോച്ചിംഗിന് പോയേനെ എന്ന ട്രോളിനു പിന്നിൽ ഏതോ എൻജിനിയറിംഗ് ബിരുദധാരിയാണെന്ന നിഗമനത്തിലാണ് സോഷ്യൽ മീഡിയ. ഈ ട്രോൾ സോഷ്യൽ മീഡിയയിലെ ജനപ്രിയതാരമാണ്.

ആവേശമായി സിന്ധുവും സാക്ഷിയും

ഇന്ത്യക്കു വേണ്ടി മെഡൽ വാങ്ങിയ സിന്ധുവിനെയും സാക്ഷിയെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്രോളുകളും ഏറെയാണ്. ഒളിമ്പിക്സ് തുടങ്ങുന്നതിനുമുമ്പ് സാനിയയും സൈനയും അഭിനവ് ബിന്ദ്രയുമായിരുന്നു എല്ലാവരുടെയും പ്രതീക്ഷയും ഇഷ്‌ടതാരങ്ങളും. എന്നാൽ ഇപ്പോൾ സിന്ധുവും സാക്ഷിയുമായി ഇന്ത്യക്കാരുടെ ആവേശം.

ഈ ആവേശം അധികം നാളുകൾ കാണില്ലെന്നും വൈകാതെ ക്രിക്കറ്റ് താരങ്ങളാവും എല്ലാവരുടെയും ചർച്ചയാവുകയെന്നും ട്രോളേഴ്സ് പറയുന്നു. ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രകടനം മോശമായതിന്റെ കാരണങ്ങളും സോഷ്യൽ മീഡിയിലെ ‘ബ്രോസ്’ നിരത്തുന്നുണ്ട്. സ്കൂളുകളിലെ പിടി ക്ലാസുകളിൽ മറ്റ് അധ്യാപകർ വന്നു ക്ലാസ് എടുക്കുന്നതുകൊണ്ടാണ് ഇന്ത്യയിൽ നിന്ന് കായികതാരങ്ങൾ ഉയർന്നുവരാത്തതെന്നാണ്ഇവർ പറയുന്നത്.


<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016മൗഴ23ൗമ2.ഷുഴ മഹശഴി=ഹലളേ>

പതിനാല് സെക്കൻഡും ഋഷിരാജും

ഒളിമ്പിക്സിനൊപ്പം തന്നെ ട്രോളുകൾ നേടിയതാണ് ഋഷിരാജ് സിംഗിന്റെ പതിനാല് സെക്കൻഡിലധികം സമയം പെൺകുട്ടിയെ നോക്കിയാൽ കേസെടുക്കാമെന്ന പ്രസംഗവും. ഫ്രീക്കന്മാരും പുവാലന്മാരും ഋഷിരാജ് സിംഗിനെ നോട്ടമിട്ട ലക്ഷണമാണ് സോഷ്യല് മീഡിയയിൽ കാണുന്നത്. പൂവാലൻ തന്നെ പതിനാല് സെക്കൻഡിലധികം നോക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുന്ന പെൺകുട്ടിയുടെ കണ്ണിൽ കൂടുതൽ സമയം നോക്കിയെന്ന പേരിൽ അറസ്റ്റിലായ ഐ സ്പെഷലിസ്റ്റും, പതിനാല് സെക്കൻഡ് നോക്കിയതിന് അറസ്റ്റ് ചെയ്യാൻ വന്ന വനിതാ പോലീസിനെ പതിമൂന്ന് സെൻഡുകൊണ്ട് നോക്കി വീഴ്ത്തിയ വിരുതനും സോഷ്യൽ മീഡിയകളിലെ ഹിറ്റ് താരങ്ങളാണ്.

നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും, ഒളിമ്പിക്സ് മെഡൽ നേടിയ സിന്ധുവിനെ പതിനാല് സെക്കൻഡിൽ കൂടുതൽ സമയം നോക്കിയിരുന്നുപോയെന്ന ട്രോളിന് സോഷ്യൽ മീഡിയയിൽ ലൈക്കുകളുടെയും ഷെയറുകളുടെയും കൂമ്പാരമാണ്.

ഒളിമ്പിക്സും ഋഷിരാജും കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിലെ താരങ്ങളായിരുന്നുവെങ്കിൽ ഈ ആഴ്ച മൃഗസ്നേഹികളും കണ്ണൂരിലെ ബോംബ് സ്ഫോടനവുമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്.