സ്നേഹത്തണലായി ഗാന്ധിഭവൻ
ഇവിടെയാണ് ഈശ്വരസാന്നിധ്യം. മാനവസേവയാണ് യഥാർഥ ഈശ്വരസേവ എന്ന ചിന്തയിലേക്കാണ് പത്തനാപുരം ഗാന്ധിഭവൻ നമ്മെ നയിക്കുന്നത്. ആരോരുമില്ലാത്തവർക്ക് ആശങ്കവേണ്ട. അവർക്കായി ഗന്ധിഭവന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ, ഭർതൃപീഡനങ്ങളിൽ മുറിവേറ്റർ, രോഗബാധിതർ, വികലാംഗർ,വിധവകൾ, ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടി ആത്മഹത്യാവക്കിലെത്തിയവർ, എച്ച്ഐവി ബാധിതർ, ബുദ്ധിവൈകല്യം സംഭവിച്ചവർ തുടങ്ങിയ നിലയിലുള്ളവരെ സമൂഹം അറപ്പും വെറുപ്പും കാട്ടി ആട്ടിപ്പായിക്കുമ്പോഴാണ് ഗാന്ധിഭവന്റെ സ്നേഹകൂടാരം അവരെ സഹർഷം സ്വീകരിച്ച് പരിചരിക്കുന്നത്. ഇത്തരത്തിൽ 1200ഓളം അന്തേവാസികൾ ഗാന്ധിഭവന് സ്വന്തമാണ്. മൂന്നുവയസുള്ള കൈക്കുഞ്ഞുമുതൽ 102വയസുള്ള വൃദ്ധജനങ്ങൾവരെ ഗാന്ധിഭവന്റെ തണലിൽ കഴിയുന്നു. ഇവിടെ കാപട്യമില്ല. ദു:ഖങ്ങളെല്ലാം മറന്ന് സന്തോഷിക്കുന്ന അമ്മമാർ, സഹോദരങ്ങൾ ഇവരെല്ലാം പരസ്പരം താങ്ങും തണലുമായി സ്നേഹവാത്സല്യങ്ങളുടെ മൂർത്തീഭാവമായി കഴിയുന്നു.

തെരുവോരങ്ങളിൽനിന്ന് സ്നേഹക്കൂടാരത്തിലേക്ക്

തെരുവോരങ്ങളിൽ അവശരായി കിടക്കുന്നവരെ കണ്ടെത്തി അവരെ ഗാന്ധിഭവനിലെത്തിക്കുന്നു. അവരെ സ്വീകരിച്ച് പരിചരിക്കാൻ ഏത് സമയത്തും ഗാന്ധിഭവനിൽ ആളുണ്ട്. അവർക്ക് യഥാസമയം ആഹാരവും മരുന്നും നൽകി ശുശ്രൂഷിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഗാന്ധിഭവന്റെമാത്രം പ്രത്യേകതയാണ്. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തിലെത്തുന്നവർ വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിച്ച് ആഹ്ലാദപൂർണമായ ജീവിതത്തിലെത്തിച്ചേരുന്നു. ജാതിയോ മതമോ, പണമോ, കീർത്തിയോ തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാൽ ഇവിടെ കാണുന്നതെന്തും സ്നേഹമയമാണ്. ആത്മീയതയിൽ ഉയരുന്ന പ്രാർഥനാ ഗീതങ്ങൾ സർവ മതത്തിനും അതീതമാണ്. മനുഷ്യജീവിതം കണ്ടുപഠിക്കേണ്ടവർ ഗാന്ധിഭവനിലെത്തി ഒരു നിമിഷം കണ്ണോടിച്ചാൽ ദൈവത്തിന്റെ സാന്നിധ്യം കൂടുതലുള്ളത് ഭൂമിയിലാണെന്ന് ഹൃദയാലുക്കൾക്ക് തോന്നിയേക്കും. ഇവിടെയെത്തുന്ന ഓരോ അന്തേവാസിക്കും ഓരോ കഥപറയാനുണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ജീവിത കഥകൾ. ഈ കൂടാരത്തിൽവന്ന് ഏറെ നാൾ കഴിയുംമുമ്പ് കഥകളെല്ലാം കടങ്കഥകളാകും. കദനങ്ങളെല്ലാം ഇല്ലാതാകും. പിന്നെ പശ്ചാത്താപമില്ല. പാപബോധമില്ല. ആരോടും പരിഭവമോ വിദ്വേഷമോ ഇല്ല. എല്ലാവരോടും സ്നേഹവും സഹിഷ്ണുതയും. അതാണ് ഗാന്ധിഭവന്റെ പ്രത്യേകതയും.ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളും സ്പെഷൽ സ്കൂളും

കുഞ്ഞുങ്ങൾക്ക് മതിയായ സ്നേഹപരിചരണങ്ങൾ നൽകുന്ന കാര്യത്തിൽ തികഞ്ഞ ജാഗ്രതയിലാണ് ഗാന്ധിഭവൻ. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി സ്പെഷൽ സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു. സംസ്‌ഥാന വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആംഗൻവാടി മുതൽ ഡിഗ്രി എൻജിനിയറിംഗ് തലംവരെ പഠിക്കുന്ന 100ലേറെ കുട്ടികൾ ഗന്ധിഭവനിലുണ്ട്. വിവിധ തൊഴിലുകളിൽ പരിശീലനം നൽകി അവരെ പ്രാപ്തരാക്കുന്നു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള കേന്ദ്രസർക്കാരിന്റെ നാഷണൽ ട്രസ്റ്റിന്റെ അംഗീകാരവും ഗാന്ധിഭവനുണ്ട്. ഒരമ്മപെറ്റ മക്കളെപ്പോലെ സ്നേഹം പകർന്ന് കളിയും ചിരിയും കൊച്ചുവർത്തമാനങ്ങളുമായി കുഞ്ഞുങ്ങൾ തികഞ്ഞ ആഹ്ലാദത്തിലാണ്.

ഗാന്ധിവചനങ്ങളുടെ പ്രകാശവീഥികൾ

ഗാന്ധിജിയുടെ ജീവിത ലക്ഷ്യങ്ങളെ ഉൾക്കൊണ്ട് അതിന്റെ കരുത്ത് സമൂഹത്തിന് പകരുകയാണ് ഗാന്ധിഭവൻ. കേന്ദ്രസർക്കാർ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റെ അക്രഡിറ്റേഷൻ സെന്ററായ ഗന്ധിഭവൻ സ്റ്റഡിസെന്ററിൽ വൃദ്ധപരിചരണ നഴ്സിംഗ് കോഴ്സ്, ഹോമിയോപ്പതിക് ഡിസ്പെൻസറി കോഴ്സ്, യോഗ തുടങ്ങിയ നിരവധി കോഴ്സുകൾ നടത്തിവരുന്നു. പഞ്ചായത്ത്, കുടുംബശ്രീ, ജാഗ്രതാസമിതികൾ, സന്നദ്ധസംഘടനകൾ എന്നിവയുമായി ചേർന്ന് കുടുംബകൂട്ടായ്മ, ബോധവൽക്കരണക്ലാസുകൾ, സെമിനാറുകൾ അദാലത്തുകൾ എന്നിവ നടത്തിവരുന്നു. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ നിയോഗിച്ച പ്രൊവൈഡറാണ് ഗാന്ധിഭവൻ. പാവപ്പെട്ടവർക്ക് നിയമസഹായം നൽകുന്നതിനുള്ള കെൽസയുടെ നീതിഭവനും ഇവിടെ പ്രവർത്തിക്കുന്നു. കേരള ഹൈക്കോടതിയുടെ കീഴിലുള്ള ഈ സ്‌ഥാപനം അനേകം ദമ്പതികളെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

ലഹരിവിരുദ്ധ പുനരധിവാസകേന്ദ്രം

ലഹരികൾക്ക് അടിമകളായവരെ സംരക്ഷിച്ച് അവരെ അതിൽനിന്ന് മോചിതരാക്കാനുള്ള കർമപദ്ധതികൾ ഗാന്ധിഭവനുണ്ട്. ചികിത്സകളും ഫാമിലികൗൺസലിംഗും നൽകി മദ്യം,മയക്കുമരുന്ന് തുടങ്ങിയവയിൽനിന്ന് അവരെ പൂർണമായി മോചിപ്പിക്കുന്നു. ഇവർക്കുവേണ്ടി അടൂർ മിത്രപുരത്ത് കസ്തൂർബാഗാന്ധി ഭവൻ പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള ഈ സ്‌ഥാപനം ചിട്ടയായ പ്രവർത്തനമാണ് നടത്തുന്നത്. കൗൺസലിംഗ്, യോഗ, ധ്യാനം തുടങ്ങിയവയിലൂടെ ലഹരിയോടുള്ള താൽപ്പര്യം കുറയ്ക്കുന്നു. ഇവിടെ പ്രതിവർഷം 300 ഓളം രോഗികളാണ് ചികിത്സതേടിയെത്തുന്നത്.

നിരാലംബരുടെ ശരണാലയവും സ്വപ്ന പദ്ധതിയും

അക്ഷാരാർഥത്തിൽ നിരാലംബരുടെ ശരണാലയമാണ് ഗാന്ധിഭവൻ. ആരോരുമില്ലാത്ത വൃദ്ധജനങ്ങൾക്കായി ജില്ലാപഞ്ചായത്തുമായി സഹകരിച്ച് കരീപ്രയിൽ ശരണാലയം എന്ന സ്‌ഥാപനംതന്നെ ഗാന്ധിഭവൻ നടത്തിവരുന്നു. 65പേർ ഇവിടെ ചികിത്സയിലുണ്ട്. ഇന്ത്യയിലെ മുഴുവൻ യാചകരെയും കണ്ടെത്തി തൊഴിൽ പരിശീലനവും വിദ്യാഭ്യാസവും നൽകിപുനരധിവസിപ്പിക്കാനുള്ള പദ്ധതികളാണ് ഗാന്ധിഭവൻ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഗാന്ധിഭവനെ നയിക്കുന്ന ഡോ.പുനലൂർ സോമരാജൻ പറയുന്നു. ജനകീയ മെഡിക്കൽകോളജ് എന്ന സ്വപ്നപദ്ധതിയും ലക്ഷ്യത്തിലെത്തേണ്ടതുണ്ട്. ഇന്ത്യയിലെ മുഴുവൻ പാവങ്ങൾക്കും സൗജന്യചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന് കരുത്തുപകരുന്ന ഒരു ജനവിഭാഗത്തെ വാർത്തെടുക്കാൻ ജീവകരുണ്യസർവകലാശാലയും സ്വപ്നപദ്ധതിയാണെന്ന് സോമരാജൻ വ്യക്‌തമാക്കുന്നു.


ഗാന്ധിഭവൻ സന്ദർശിച്ച പ്രതിഭകൾ പറയുന്നു...

ഗാന്ധിഭവന്റെ ചരിത്രം അതിന്റെ സ്‌ഥാപകനും മനുഷ്യസ്നേഹിയുമായ സോമരാജന്റെ ചരിത്രം കൂടിയാണെന്ന് തിരിച്ചറിയുമ്പോഴാണ് ഗാന്ധിഭവന്റെ മഹത്വം വാഴ്ത്തപ്പെടുന്നത്. ജന്മം കൊണ്ട് മനുഷ്യനും കർമം കൊണ്ട് ഈശ്വരതുല്യനുമാണ് അദ്ദേഹം.

മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾകലാം, മുൻ ഐഎസ്ആർഒ ഡയറക്ടർ ഡോ.എം.ചന്ദ്രദത്ത്, ആർസിസി മുൻ ഡയറക്ടർ ഡോ.പി.വി ഗംഗാധരൻ തുടങ്ങിയ നിരവധി പ്രതിഭകൾ ഗാന്ധിഭവൻ സന്ദർശിച്ചിട്ടുണ്ട്. 1200ഓളം അന്തേവാസികളെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ലോകത്ത് ഒരു തറവാട്ടിലെ മക്കളായ് കണ്ട് സംരക്ഷിക്കുന്നതിന് എങ്ങനെ കഴിയുന്നുവെന്നത് ഈ പ്രതിഭകളെ അത്ഭുതപ്പെടുത്തി. അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കാത്ത സോമരാജന് ജനഹൃദയങ്ങളിൽ സ്‌ഥാനമേറെയാണ്. എല്ലാ നന്മകളും പടിയിറങ്ങിയിട്ടില്ല.ഹൃദയത്തിൽ കാരുണ്യമുള്ളവരുടെ സഹായം ഇവിടെയെത്തും. കഷ്ടപ്പാടുകളിലൂടെ നടന്നുകയറിയ സോമരാജൻ മാതൃകാപുരുഷനാണെന്ന വിധിയെഴുത്തിലൂടെയാണ് ഇവിടെയെത്തുന്ന ഓരോരുത്തരും പടിയിറങ്ങുന്നത്. സ്നേഹത്തിന്റെ പാഠം പഠിക്കാൻ, ചിട്ടയായ ജീവിതശൈലി രൂപപ്പെടുത്താൻ, മനുഷ്യനേയും മനുഷ്യത്വത്തേയും കുറിച്ച് കൂടുതലറിയാൻ ഗാന്ധിഭവനല്ലാതെ മറ്റൊരിടമില്ല എന്ന് അറിയാത്തവരായിട്ട് ആരുമില്ല.

പിതാവിന്റെ കാൽപ്പാടുകൾ പിൻതുടർന്ന്

ഗാന്ധിഭവൻ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ പിറവിക്ക് കാരണം പിതാവ് ചെല്ലപ്പന്റെ പ്രചോദനമാണെന്ന് സോമരാജൻ പറയുന്നു. പിതാവ് പലപ്പോഴും പട്ടിണികിടന്നിട്ട് മറ്റുള്ളവർക്ക് അന്നവും വസ്ത്രവും നൽകിയിരുന്നു. തെരുവിൽഅലയുന്ന യാചകരെ വീട്ടിൽകൊണ്ടുവന്ന് കുളിപ്പിച്ച് ആഹാര വസ്ത്രാദികൾ നൽകിയിരുന്നത് കണ്ടാണ് സോമരാജൻ വളർന്നത്. കൊട്ടാരക്കര കോക്കാട് എന്ന സ്‌ഥലത്ത് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട പാറുക്കുട്ടി എന്ന 85കാരിയെ പത്തനാപുരത്ത് ഒരു വാടകവീടെടുത്ത് സംരക്ഷിച്ചതിലൂടെ തുടങ്ങിവച്ച കരുണ്യപ്രവർത്തനമാണ് ഇന്നത്തെനിലയിൽ വളർന്ന് പന്തലിച്ച ഗാന്ധിഭവൻ എന്ന മഹാപ്രസ്‌ഥാനത്തിന്റെ തുടക്കമെന്നുപറയുമ്പോൾ സോമരാജന്റെ മുഖത്തെ തിളക്കം തികഞ്ഞ കർത്തവ്യബോധത്തിന്റെ പ്രകാശകിരണമാണ്. വാടകക്കെട്ടിടം മതിയാകാതെ വന്നപ്പോൾ സ്വന്തം പുരയിടവും മറ്റും വിറ്റ് ഭൂമിവാങ്ങി. മറ്റുള്ളവരുടെ സഹായ സഹകരണങ്ങൾ ലഭിച്ചതോടെ അന്തേവാസികൾക്ക് കിടപ്പാടവും ഒരുങ്ങി. സോമരാജനും ഭാര്യ പ്രസന്നയും മക്കളായ അമൽരാജും അമിതാരാജും ഗാന്ധിഭവനിലെ അന്തേവാസികളോടൊപ്പമാണ് താമസം. മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യ മാസികയായ സ്നേഹരാജ്യത്തിന്റെ ചുമതലക്കാരനായ അമൽരാജും ഒട്ടേറെ കർമപദ്ധതികളുടെ ചുക്കാൻ പിടിക്കുന്ന അമിതാരാജും പ്രസന്നയുമെല്ലാം സേവനപ്രവർത്തനങ്ങളിൽ സദാ വ്യാപൃതരാണ്.

ഗാന്ധിഭവനിലും തെരഞ്ഞെടുപ്പുചൂട്

പഞ്ചായത്ത് തെരഞ്ഞെടുപ്പു മാതൃകയിൽ പത്തനാപുരം ഗാന്ധിഭവനിലും സ്നേഹഗ്രാമം പഞ്ചായത്ത് എന്ന പേരിൽ തെരഞ്ഞെടുപ്പ് നടത്താറുണ്ട്.മത്സരിക്കുന്നതും വോട്ടു ചെയ്യുന്നതും അന്തേവാസികൾ തന്നെ. തെരഞ്ഞെടുപ്പിൽ ഇത്തവണയും ജനകീയ മുന്നണിക്ക് വിജയം. ആകെയുള്ള 9 സീറ്റിൽ ഏഴ് സീറ്റ് ജനകീയ മുന്നണി നേടി. സൗഹൃദമുന്നണിയാണ് മറ്റ് രണ്ട് സീറ്റുകൾ നേടിയത്. കഴിഞ്ഞ മൂന്നുവർഷമായി സ്നേഹഗ്രാമം പഞ്ചായത്ത് പ്രസിഡന്റായി തുടരുന്ന വിജയലക്ഷ്മിദേവരാജന്റെ നേതൃത്വത്തിലുള്ള ജനകീയ മുന്നണിയിലെ സോമശേഖരൻപിള്ള, ടി.ജി.ലത, ശ്രീദേവി അമ്മാൾ, തങ്കപ്പൻപിള്ള, നിർമലരാധാകൃഷ്ണൻ, ചന്ദ്രൻ.എസ് എന്നിവരാണ് വിജയിച്ചത്. പോരുവഴി പഞ്ചായത്ത് മുൻ മെമ്പറും ഇപ്പോൾ ഗാന്ധിഭവൻ അന്തേവാസിയുമായ ദിവാകരൻ മലനട നേതൃത്വം നൽകുന്ന സൗഹൃദമുന്നണിയിൽനിന്ന് അദ്ദേഹത്തെ കൂടാതെ ലിബ മാത്രമാണ് വിജയിച്ചത്. എല്ലാ സീറ്റിലും മത്സരിച്ച പഴയകാല പത്രപ്രവർത്തകൻ ഗാനപ്രിയൻ എല്ലാസീറ്റിലും പരാജയപ്പെട്ടു. സ്നേഹഗ്രാമം പഞ്ചായത്തിലേക്ക് കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ 84 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി. വോട്ടർ പട്ടികയിൽ പേരില്ലാത്ത ഒരാൾ വോട്ടുചെയ്തു എന്ന ആക്ഷേപത്തെതുടർന്ന് ഒരു ബൂത്തിൽ റീ പോളിംഗ് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിനുനടന്ന റീപോളിംഗിൽ സൗഹൃദമുന്നണി സ്‌ഥാനാർഥിയാണ് വിജയിച്ചത്. റിപോളിംഗ് ഫലം വന്നതോടെ സ്നേഹഗ്രാമം പഞ്ചായത്ത് പ്രസിഡന്റായായി വീണ്ടും വിജയലക്ഷ്മി ദേവരാജനെ തെരഞ്ഞെടുത്തു. ക്ഷേമകാര്യ ചെയർമാനായി നിർമല രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു. ശ്രീദേവി അമ്മാളാണ് വൈസ് പ്രസിഡന്റ്. പഞ്ചായത്ത് സമിതിയുടെ കാലാവധി ഒരുവർഷമാണ്. ഗാന്ധിഭവനിലെ ഭക്ഷണകാര്യങ്ങൾ, ഇൻമേറ്റ്സിന്റെ ക്ഷേമം, ശുചിത്വം, അച്ചടക്കം, കൃഷി എന്നിവയുടെ ചുമതലയാണ് സ്നേഹഗ്രാമം പഞ്ചായത്തിനുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സെപ്റ്റംബർ മാസം തെരഞ്ഞെടുപ്പും ഗാന്ധിജയന്തി ദിനത്തിൽ സത്യപ്രതിജ്‌ഞയും നടക്കും.

ഇത്തവണ സത്യവാചകം ചൊല്ലിക്കൊടുത്തത് എം.നന്ദകുമാർ ഐഎഎസാണ്. ഗാന്ധിഭവൻ അന്തേവാസികളും സ്റ്റാഫ് അംഗങ്ങളും ഉൾപ്പടെ ആയിരത്തിൽപ്പരം വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിച്ചത്. ഒരാഴ്ച നീണ്ടതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന വീറും വാശിയും പ്രകടമായിരുന്നു.

തങ്ങൾ അനാഥരല്ല കർമശേഷിയുള്ള ഭരണാധികാരികളാണ് , ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാണ് എന്ന ചിന്തയിലൂടെ ഗാന്ധിഭവൻ കുടുംബാംഗങ്ങളെ ശക്‌തിപ്പെടുത്തുക കൂടിയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.

രാജീവ് ഡി. പരിമണം