കൊല്ലുന്നത് ലഹരിയാകുമ്പോൾ
ആറ്റിങ്ങലിൽ അടുത്തടുത്തായി നടന്ന രണ്ട് കൊലപാതകങ്ങളുടേയും ചോരപുരണ്ടത് ഒരു കൈയിൽ ആണെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ അന്ധാളിപ്പിലാണ് ആറ്റിങ്ങലുകാർ.
മദ്യപിക്കുന്നതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് ആദ്യത്തെ കൊലപാതകമെങ്കിൽ രണ്ടാമത്തേതിന്റെ പിന്നിലെന്തെന്ന കാര്യത്തിലാണ് ഇപ്പോഴും സംശയം. എന്തായാലും രണ്ട് കൊലപാതകങ്ങൾക്കും പ്രതിക്ക് കൂട്ട് മദ്യത്തിന്റെ ലഹരിയാണെന്നതിൽ സംശയമില്ല. പൂവമ്പാറ കൊച്ചുവീട്ടിൽ മനു കാർത്തികേയന്റെ (33)കൊലപാതകമാണ് തെക്കൻ കേരളത്തെ നടുക്കിക്കൊണ്ട് ആദ്യം നടന്നത്. മനുവിന്റെ മരണത്തിന് നാലാം നാൾ തൊപ്പിച്ചന്തയ്ക്കുസമീപം ശാരദയെന്ന വൃദ്ധ കൊല്ലപ്പെട്ടു. പക്ഷേ വൃദ്ധ മരിക്കുന്നതിനു മുമ്പ് കൊലയാളിയുടെ പേര് വിളിച്ചു പറഞ്ഞു. തുടർന്നാണ് മണികണ്ഠനെന്ന കൊടും കുറ്റവാളിയെ നമ്മളെല്ലാം തിരിച്ചറിയുന്നതും ആദ്യത്തെ കൊലപാതകത്തിന് ചുരുളഴിയുന്നതും.

ഹിന്ദി സിനിമയിലെ കൊലപാതക രംഗം

ആലംകോട് തൊപ്പിച്ചന്ത പനയിൽക്കോണം ചരുവിളപുത്തൻവീട്ടിൽ മണികണ്ഠൻ(30) നടത്തിയ ആദ്യകൊലപാതകം തികച്ചും ആസൂത്രിതമായിരുന്നു. കാത്തിരുന്ന് നടത്തിയ കൊലപാതകം എന്നുതന്നെ പറയാം.

മനു കാർത്തികേയന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് പോലീസ് പറയുന്നു. മണികണ്ഠനൊപ്പം മേലാറ്റിങ്ങൽ പന്തുകളം ചരുവിളപുത്തൻവീട്ടിൽ അശോക(44) നും കേസിൽ അറസ്റ്റിലായി. വീടിന് സമീപത്തെ കടയിൽവച്ച് മനുവും സുഹൃത്തും മണികണ്ഠനും അശോകനുമായി വഴക്കിട്ടിരുന്നു. ചെറിയ തോതിൽ കൈയേറ്റവുമുണ്ടായി. അവിടെ നിന്നു പോയ മണികണ്ഠനും അശോകനും മനുവിനെയും സുഹൃത്തിനെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. അന്നുമുതൽ ഇവരെ കണ്ടാൽ ആക്രമിക്കാൻ കത്തിയുമായിട്ടായിരുന്നു മണികണ്ഠന്റെ നടപ്പ്. ജോലിക്ക് പോകാതെ ഒരാഴ്ചയോളം താൻ മനുവിനെ പിന്തുടർന്നിരുന്നുവെന്ന് മണികണ്ഠൻ പോലീസിനോട് പറഞ്ഞു.

സംഭവദിവസം കൂട്ടുകാരുമായി സംസാരിച്ച് നില്ക്കുന്ന മനുവിനെ കണ്ട മണികണ്ഠൻ അശോകനെ ിളിച്ച് വിവരമറിയിച്ചു. ബൈക്കുമായി മനുവിന്റെ വീടിന് സമീപത്തെ റോഡിൽ കാത്ത് നില്ക്കണമെന്നറിയിച്ചു. തുടർന്ന് മനുവിന്റെ വീടിന് സമീപമെത്തി മുറ്റത്തോട് ചേർന്ന അടുത്ത വീടിന്റെ മതിലിന്റെ മറവിൽ ഒളിച്ചിരുന്നു. ബൈക്കിൽ വീട്ടുമുറ്റത്തെത്തിയ മനുവിന്റെ പിൻകഴുത്തിൽ കുത്തിയശേഷം കത്തി ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു. അടുത്തിടെയിറങ്ങിയ ഒരു ഹിന്ദി സിനിമയിൽ നിന്നാണ് പിൻകഴുത്ത് പ്രധാന മർമസ്‌ഥാനമാണെന്നും ഇവിടെ മുറിവേല്പിച്ചാൽ മരിക്കുമെന്നും മനസിലാക്കിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

6 ന് രാത്രി 9.45 ഓടെയാണ് മനുവിനെ പരിക്കേറ്റ നിലയിൽ വീട്ടുമുറ്റത്ത് കണ്ടത്. വൈകിട്ട് പുറത്ത് പോയിരുന്ന മനു വീട്ടിലെത്തി. ബൈക്ക് മുറ്റത്ത് നിർത്തുന്ന ശബ്ദത്തിന് പിന്നാലേ നിലവിളി കേട്ടു. വീട്ടുകാർ പുറത്തിറങ്ങുമ്പോൾ മനു ചോരയിൽ കുളിച്ച നിലയിൽ മുറ്റത്ത് കിടക്കുന്നതാണ് കണ്ടത്. ബൈക്ക് ഇയാളുടെ ദേഹത്തുകൂടി മറിഞ്ഞ നിലയിലായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനുവിന്റെ കഴുത്തിന് പിൻവശത്തേറ്റ ആഴത്തിലുളള മുറിവാണ് മരണത്തിനിടയാക്കിയതെന്ന് വ്യക്‌തമായതോടെ ഇത് കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ചു. എന്നാൽ പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും കണ്ടെത്താനായില്ല. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്താൻ കഴിയാഞ്ഞതാണ് അന്വേഷണം വഴിമുട്ടിച്ചത്.

മനുവിന്റെ കൊലപാതകം സംബന്ധിച്ച് യാതൊരു തുമ്പും കിട്ടാതെ പോലീസ് സംഘം പരക്കംപായുമ്പോഴും ലഹരിയിൽ മുങ്ങി നടക്കുകയായിരുന്നു മണികണ്ഠൻ. സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളും നാട്ടുകാരിൽ നിന്നും സമീപവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളും ശത്രുതയിലേക്ക് നയിക്കാനിടയുളള ചില സംഭവങ്ങൾ പോലീസ് കണ്ടെത്തി. ഇതിലാണ് മദ്യപസംഘവുമായുണ്ടായ വഴക്ക് സംബന്ധിച്ച വിവരം പോലീസിന് കിട്ടിയത്. മനുവുമായി വഴക്കുണ്ടായ അശോകനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് മണികണ്ഠനെക്കുറിച്ച് വിവരം ലഭിച്ചു. മനുവിനെ കൊലപ്പെടുത്തിയ കേസ് പോലീസിന് വെല്ലുവിളിയായി മാറിയിരുന്നു. മനുവിന്റെ യാത്രാരേഖകൾ പരിശോധിച്ചതിൽ നിന്ന് മനു ഒരു തവണ വീട്ടുകാരറിയാതെ കൊച്ചിയിൽ വന്നുപോയതായി വിവരം ലഭിച്ചു. എന്നാൽ ആ വഴിക്ക് അന്വേഷണം നീങ്ങുന്നതിന് മുമ്പ് തന്നെ മണികണ്ഠനെന്ന പ്രതി പോലീസിന് മുന്നിലെത്തുകയായിരുന്നു. ശാരദയെ കൊന്ന കേസിൽ മണികണ്ഠൻ അറസ്റ്റിലായിരുന്നില്ലെങ്കിൽ മനുവിന്റെ കൊലപാതകവും ചുരുളഴിയാതെ അവശേഷിച്ചേനേ.


സഹായിച്ചത് സോഷ്യൽ മീഡിയ

മദ്യലഹരിയിൽ കുടവൂർക്കോണം കൊടിക്കകത്ത് വീട്ടിൽ ശാരദയെ(70) വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മണികണ്ഠൻ അറസ്റ്റിലായപ്പോൾ ഇയാളുടെ ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഈ ചിത്രം കണ്ടാണ് ഇയാളുമായാണ് മനുവും സുഹൃത്തും വഴക്കിട്ടിരുന്നതെന്ന വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചത്. ഉടൻതന്നെ പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു.

തിരുവനന്തപുരം റൂറൽ എസ്. പി. കെ. ഷെഫീൻ അഹമ്മദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എ. എസ്. പി. ആർ. ആദിത്യ, ഡി. വൈ. എസ്. പി മാരായ അനിൽകുമാർ, സുരേഷ്കുമാർ, സി. ഐ. മാരായ ജി. സുനിൽകുമാർ, എം. അനിൽകുമാർ, എസ്. ഷാജി, ജി. ബി. മുകേഷ്, എസ്. ഐ. മാരായ വി. എസ്. പ്രശാന്ത്, സിജി. കെ. എൽ. നായർ, തൻസീം അബ്ദുൽസമദ്, അനിൽകുമാർ, പ്രസാദ് ചന്ദ്രൻ, ശ്രീകുമാർ,. സി. പി. ഒ മാരായ ഫിറോസ്, ദിലീപ്, ബിജുകുമാർ, ബിജുഹക്ക്, ജ്യോതിഷ്, റിയാസ്, സുൽഫി, കൃഷ്ണലാൽ, അജിത്ത്, ഹെർബർട്ട്, വനിതാപോലീസുകാരിയായ ശ്രീലത എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. നൂറിലധികം പേരെ ചോദ്യം ചെയ്തു. മനുവിന്റെ ഗൾഫിലെയും നാട്ടിലെയും ഇടപാടുകളെ സംബന്ധിച്ച് അന്വേഷിച്ചു. വീട്ടിലറിയാതെ മനു ഇടയ്ക്ക് കൊച്ചിയിൽ വന്നുപോയിരുന്നതായി പാസ്പോർട്ടിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് അന്വേഷണം കൊച്ചിയിലേക്ക് വ്യാപിപ്പിക്കാൻ പോലീസ് തയാറെടുക്കുന്നതിനിടിയിലാണ് പുതിയ വഴിത്തിരിവുണ്ടായത്. തൊപ്പിച്ചന്ത സ്വദേശിയായ ഒരു യുവതിയെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ അറസ്റ്റിലായ മണികണ്ഠൻ റിമാന്റിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയാണ് പുതിയ കൊലപാതകങ്ങൾ നടത്തിയത്. രണ്ട് പേരെ ദാരുണമായി കൊലപ്പെടുത്തിയ മണികണ്ഠൻ മദ്യത്തിന്റെ അടിമയാണെന്ന് പോലീസ് പറയുന്നു. മേസൻപണിക്കാരനായ ഇയാൾ പലപ്പോഴും ജോലിക്ക് പോകാറില്ല. രാത്രിയിൽ വാഹനങ്ങളിൽ പോകുന്നവരെ തൊപ്പിച്ചന്ത ഭാഗത്ത് തടഞ്ഞ് നിർത്തി പണം തട്ടുന്നതും ഉപദ്രവിക്കുന്നതും ഇയാളുടെ പതിവായിരുന്നു. ലഹരിക്കുവേണ്ടി ഇയാൾ എന്തും ചെയ്യും.

സഹോദരിയുടെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷമാണ് മണികണ്ഠൻ ശാരദയുടെ വീട് ലക്ഷ്യമാക്കി നീങ്ങിയത്. മദ്യത്തിനടിപ്പെട്ട മണികണ്ഠൻ ശാരദയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചു. അയാളെ ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് കയ്യിൽക്കിട്ടിയ വെട്ടുകത്തികൊണ്ട് വൃദ്ധയെ തലങ്ങും വിലങ്ങും വെട്ടിയത്. രണ്ട് കൊലപാതകങ്ങളും നടത്തിയിട്ടും പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഇയാളുടെ മുഖത്ത് അല്പം പോലും കുറ്റബോധം നിഴലിച്ചിരുന്നില്ല.

മനുവിനെ കുത്തിയ കത്തി കണ്ടെടുക്കാനായിരുന്നു പോലീസിന്റെ ആദ്യശ്രമം. കുത്തി വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ കത്തി കുളത്തിലേക്കെറിഞ്ഞെന്നായിരുന്നു പ്രതിയുടെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രതിയെ സ്‌ഥലത്തെത്തിച്ച് കുളത്തിലും പരിസരത്തും തെരച്ചിൽ നടത്തിയ പോലീസ് കുളത്തിന്റെ കരയിൽ പുല്ലിനിടയിൽ നിന്ന് കത്തി കണ്ടെത്തുകയായിരുന്നു. മനുവിന്റെ കൊലപാതകത്തെ തുടർന്ന് പോലീസ് പിടിക്കുമെന്ന പേടിയിൽ മണികണ്ഠൻ നാടുവിടാൻ തീരുമാനിച്ചിരുന്നു. ഇതിനായി ശാരദയുടെ കഴുത്തിലുളള മാല പിടിച്ചുപറിക്കാനുളള ശ്രമത്തിനിടെയാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ അവസാനം വ്യക്‌തമാക്കിയിട്ടുളളത്. മദ്യം അടിമയാക്കിയ മണികണ്ഠന്റെ കൊടും ക്രൂരതയ്ക്ക് പ്രവാസി യുവാവും കാൻസർ രോഗിയായ വൃദ്ധയും ബലിയാടാകുകയായിരുന്നു.

– ഷിജു ആറ്റിങ്ങൽ