കടലാസ് എഴുത്ത്
‘‘ഓന്ത് ആത്മഹത്യ ചെയ്തു, ആത്മഹത്യ കുറിപ്പ് ഇങ്ങനെ
നിറം മാറുന്ന മത്സരത്തിൽ ഞാൻ മനുഷ്യരോട് പരാജയപ്പെട്ടു ’’

ഒന്നു ചിന്തിച്ചാൽ നൂറായിരം അർഥങ്ങൾ കിട്ടുന്ന ഈ വരികൾ കടലാസിൽ കുറിച്ചവയാണ്. അതെ, ഒരു നിമിഷം ചിരിക്കുകയും അടുത്ത നിമിഷം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം കുറിപ്പുകളാണ് കടലാസിലുള്ളത്. വെറുതെ വായിച്ച് ചുരുട്ടിക്കൂട്ടി കളയാൻ പറ്റുന്ന കടലാസല്ല; വായിച്ചാൽ ലൈക്കും ഷെയറും ചെയ്യാൻ തോന്നുന്ന കടലാസാണിത്. ലൈക്കിൽ നിന്ന് ഷെയറിലേക്ക് അറിയാതെ വിരലുകളെത്തിക്കാൻ കഴിയുന്ന മാന്ത്രികതയുള്ള വാക്കുകളാണ് ഈ കടലാസിൻറെ പ്രത്യേകത.
ട്രോൾ പേജുകളും ട്രോൾ വീഡിയോകളും അരങ്ങുവാഴുന്ന സോഷ്യൽ മീഡിയയിൽ ചെറു ചിന്തകളുമായാണ് കടലാസ് ഇടം നേടിയത്. ട്രോൾ പേജുകൾ ആക്ഷേപ ഹാസ്യങ്ങൾ അവതരിപ്പിക്കുന്പോൾ കടലാസ് നാലു വരികളിൽ വലിയ ആശയം പങ്കുവയ്ക്കുകയാണ്് ചെയ്യുന്നത്. കടലാസ് ആരെയും വേദനിപ്പിക്കുന്നില്ല. മറിച്ച് ഒരു നിമിഷം ചിന്തിച്ച് സ്വയം നന്നാകുന്നതിനുള്ള ചൂണ്ടുപലകയാകുന്നു.

കടലാസിന്റെ ചരിത്രം

ചുരുട്ടിക്കൂട്ടിയ കടലാസുകൾ തുറന്നാൽ അവയ്ക്കുള്ളിൽ വാക്കുകൾ കാണാം ഒന്നുകൂടി നോക്കിയാൽ ആ വാക്കുകൾ ചേർന്നുണ്ടാകുന്ന അർഥങ്ങൾ കാണാം. എഴുത്തിനോടും നല്ല ആശയങ്ങളോടുമുള്ള ചങ്ങാത്തമായിരുന്നു 2014 ൽ ബിബിൻ എഴുപ്ലാക്കലിന് ‘കടലാസ്’ എന്ന ഫേസ്ബുക്ക് പേജ് തുടങ്ങാൻ പ്രചോദനമായത്. വെറുതെ കുത്തിക്കുറിക്കുന്നവ എന്നെങ്കിലും നഷ്‌ടപ്പെടുമെന്ന ചിന്തയാണ് അവ ചിത്രങ്ങൾക്കൊപ്പം ഡിസൈൻ ചെയ്തു അവതരിപ്പിക്കുവാൻ കാരണമായത്. കടലാസ് എന്ന പേരിനെ ഏറെ അറിയുന്നവർക്ക് അതിനു പിന്നിൽ ബിബിൻ എഴുപ്ലാക്കൽ എന്നതല്ലാതെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. ഇതിനിടയിലാണ് 2016 നവുബർ 26 ന് കടലാസ് ഫേസ്ബുക്ക് പേജിൻറെ അഡ്മിനായ ബിബിൻ എഴുപ്ലാക്കലിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഇങ്ങനൊരു സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടത്.

എല്ലാവർക്കുമുണ്ട് സ്വപ്നങ്ങൾ
ചിലതിനൊക്കെ ചിറകു മുളയ്ക്കും...
ചിലതൊക്കെ മാഞ്ഞുപോകും...!

എൻറെ ഒരു സ്വപ്നം ഈ ഡിസംബർ 28ന് യാഥാർഥ്യമാകുകയാണ്, ഞാൻ ഒരു പുരോഹിതനാകുകയാണ്. എൻറെ ഈ സ്വപ്നത്തിലേക്ക് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
വരണം, അനുഗ്രഹിക്കണം
ബിബിൻ എഴുപ്ലാക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന യുവാവ് ഒരു വൈദിക വിദ്യാർഥി ആയിരുന്നുവെന്ന് അന്നാണ് കടലാസിന്റെ വായനക്കാർ അറിഞ്ഞത്. അന്നുവരെ അടുത്ത സുഹൃത്തുക്കൾക്കു മാത്രം അറിയാമായിരുന്ന ഒരു രഹസ്യം പരസ്യമാക്കുകയായിരുന്നു അദ്ദേഹം. ദിവ്യകാരുണ്യ സഭാംഗമാണ് ഫാ. ബിബിൻ എഴുപ്ലാക്കൽ.

ഒളിച്ചുവയ്ക്കാനുള്ളതല്ല കല

‘ഒളിച്ചുവയ്ക്കാനുള്ളതല്ല കല വിളിച്ചു പറയാനുള്ളതാണ്’.. എന്നതാണ് കടലാസ് പേജിൻറെ ഹാഷ്‌ടടാഗ്. കടലാസിൽ എന്തിനെക്കുറിച്ചും എഴുതാം. ജീവിതത്തെക്കുറിച്ച്, പ്രണയത്തെക്കുറിച്ച്, സൗഹൃദത്തെക്കുറിച്ച്, മരങ്ങളെക്കുറിച്ച്, സ്വാതന്ത്ര്യത്തെക്കുറിച്ച്, ഭൂമിയെക്കുറിച്ച്, അമ്മയെക്കുറിച്ച്, അച്ഛനെക്കുറിച്ച് എങ്ങനെ എന്തും. ‘അമ്മയെന്ന ബാങ്കാണ് എന്നെ ആദ്യമായി കടക്കാരനാക്കിയത്’ എന്ന് ജിമ്മി ജോസഫ് എഴുതുന്പോൾ, ‘ലോകം കെട്ടിപ്പിടിച്ചാൽ കിട്ടുന്നതിനേക്കാൾ സുഖം അമ്മയെ കെട്ടിപ്പിടിച്ചാൽ കിട്ടും’ എന്ന് നബീസക്കുട്ടി എഴുതുന്പോൾ ഇവയൊക്കെ ചില ഓർമ്മപ്പെടുത്തലുകളാണ്.

ഒളിച്ചുവയ്ക്കാനുള്ളതല്ല കല വിളിച്ചു പറയാനുള്ളതാണ് എന്നതിലൂടെ കലാകാരനുവേണ്ടിയാണു താൻ സംസാരിക്കുന്നതെന്ന് ബിബിനച്ചൻ പറയുന്നു. ചിന്തകൾ സമൂഹത്തിനു നൽകുന്ന നല്ല പാഠങ്ങളാണ് പേജിനെ നയിക്കുന്നത്. ജീവിത ചുറ്റുപാടുകളെക്കുറിച്ച് സംസാരിക്കുന്ന കടലാസിൽ സമകാലീന രാഷ്ര്‌ടീയവും മതവും കടന്നുവരുന്നില്ല. ചില ഓർമ്മപ്പെടുത്തലുകൾ മാത്രമാണ് കടലാസിൻറെ വിഷയങ്ങൾ. കടലാസിലേക്ക് സജീവമായി ചെറു ചിന്തകൾ അയച്ചു തരുന്ന 35 ഓളം ആളുകളുണ്ട്. അവയിൽ നിന്നു തെരഞ്ഞെടുക്കുന്നവയാണ് ഡിസൈൻ ചെയ്തു പ്രസിദ്ധീകരിക്കുന്നത്.

സൗഹൃദങ്ങൾ പുതിയ ചിന്തകൾക്ക് വഴി

നല്ല ചിന്തകൾ ഡിസൈൻ ചെയ്ത് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ടപ്പോൾ സുഹൃത്തുക്കളാണ് ഫേസ്ബുക്ക് പേജ് തുടങ്ങാൻ പറഞ്ഞത്. ആലോചിച്ചപ്പോൾ നല്ല ആശയമാണെന്ന് തോന്നി അങ്ങനെയാണ് കടലാസ് എന്ന പേജു തുടങ്ങിയതെന്ന് ഫാ. ബിബിൻ എഴുപ്ലാക്കൽ പറയുന്നു. നല്ല ചിന്തകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് പേജിലൂടെയായെന്നും അദ്ദേഹം പറയുന്നു. സമകാലീന വിഷയങ്ങളാണ് കടലാസിൽ നിറഞ്ഞിട്ടുള്ളത്. കടലാസിലെ വാക്കുകൾ പലരും പലയിടങ്ങളിലും പകർത്തിയെഴുതിയിട്ടുണ്ട്. എന്നാൽ നല്ല ആശയങ്ങൾ പകർത്തപ്പെടുന്നതിൽ നിരാശയില്ല. പകർത്തലുകളിലൂടെ അവ കൂടുതൽ ആളുകളിലേക്ക് എത്തുന്നതിലാണ് തൻറെ സന്തോഷമെന്നും ബിബിനച്ചൻ പറയുന്നു.

2014 ൽ ഫേസ്ബുക്ക് പേജ് തുടങ്ങിയപ്പോൾ ഫാ. ബിബിൻ സമാന ആശയങ്ങളുള്ളവരുടെ ചിന്തകൾ കൂടി പേജിലേക്ക് ഉൾപ്പെടുത്തി തുടങ്ങി. അങ്ങനെയായിരുന്നു കടലാസ് എന്ന ഫേസ്ബുക്ക് പേജിൻറെ വളർച്ച. ഇപ്പോൾ രണ്ടര ലക്ഷത്തിലധികം ലൈക്കുകളാണ് കടലാസ് പേജിനുള്ളത്. മറ്റുള്ളവർ പങ്കുവയ്ക്കുന്ന ആശയങ്ങളിൽ നല്ലതെന്നു തോന്നുന്നവ തെരഞ്ഞെടുത്ത് ആകർഷകമായ ഡിസൈനിൽ ചിത്രങ്ങളടക്കമാണ് പ്രസിദ്ധീകരിക്കുന്നത്. ദിവസവും നിരവധി ആശയങ്ങളാണ് പലരും അയച്ചുതരുന്നതെന്നും ബിബിനച്ചൻ പറയുന്നു.

കടലാസിൽ എഴുതിയവ ചരിത്രങ്ങളാണ്

കടലാസിൽ എഴുതിയവ ചരിത്രങ്ങളാണ്. ജിഷാ വധക്കേസിലും മറ്റ് സമകാലീന വിഷയങ്ങളിലുമെല്ലാം കടലാസിൽ എഴുതപ്പെട്ട ആശയങ്ങൾ നിരവധി പേർ ഏറ്റെടുത്തിരുന്നു. ആഷിക് അബു, ഉണ്ണി മുകുന്ദൻ, നജീം അർഷാദ്, അഹമ്മദ് സിദ്ദിക് തുടങ്ങിയ പ്രമുഖരെല്ലാം കടലാസിനെ ഏറ്റെടുത്തിട്ടുണ്ട്. മലയാളത്തിൻറെ പ്രിയ എഴുത്തുകാരൻ ഉണ്ണി ആർ ‘കടലാസിന് കടലായുസുണ്ടാകട്ടെ’ എന്നാണ് ആശംസിച്ചത്. എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് കടലാസിൽ കടലാസിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നിരുന്നു. ഫേസ്ബുക്കിനു പുറമേ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും കടലാസ് സജീവമാണ്.

കടലാസിലെത്താനും എഴുതാനും
www.facebook.com/kadalassa
wwwt.wtiter.com/kadalassa
www.instagram.com/kadalassa