പിതൃദിനത്തിനുമുണ്ട്, ഒരു കഥ
Monday, June 19, 2017 2:10 AM IST
അങ്ങനെ ഒരു പിതൃദിനംകൂടി കടന്നുപോയി. അച്ഛന്മാർക്കു സമ്മാനങ്ങളും സ്നേഹാശംസകളും നേർന്നു പിതൃദിനം ആഘോഷിച്ചവരായിക്കും ഭൂരിഭാഗംപേരും. എന്നാൽ, എങ്ങനെയാണ് അച്ഛന്മാർക്കായി ഒരു പ്രത്യേക ദിനമുണ്ടായി എന്നു ചിന്തിച്ചവരുണ്ടോ? ഒരച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് പിതൃദിനത്തിന്റെ ചരിത്രത്തിനും പറയാനുള്ളത്. വർഷം 1882. അന്നായിരുന്നു പിതൃദിനാചരണത്തിന് ആരംഭംകുറിച്ച സൊനോരാ ഡോഡ് എന്ന അമേരിക്കൻ സ്വദേശിനിയുടെ ജനനം. അച്ഛൻ സെബാസ്റ്റ്യൻ കൗണ്ടിയുടെയും അമ്മയുടെയും വാത്സല്യം വേണ്ടുവോളമനുഭവിച്ച് അവൾ വളർന്നു. എന്നാൽ, ഡോഡിന്റെ അമ്മയെ അവളുടെ പതിനേഴാം വയസിൽ വിധി തട്ടിയെടുത്തു. പിന്നീട് ഡോഡിനെയും ഇളയ സഹോദരങ്ങളെയും വളർത്തിയത് അവരുടെ അച്ഛനാണ്. മാതൃസ്നേഹത്തിന്റെ അഭാവം ആ കുട്ടികൾക്ക് തെല്ലും അനുഭവപ്പെട്ടില്ല. കാരണം, ആ അച്ഛൻ അവർക്കു പകർന്നത് അമ്മയുടെ സ്നേഹംകൂടിയായിരുന്നു. അങ്ങനെ വർഷങ്ങൾ മുന്നോട്ടു പോയി.
1909ൽ തന്റെ അച്ഛനുമൊത്ത് ലോക മാതൃദിനം ആഘോഷിച്ചപ്പോഴാണ് ഡോഡിനു ആ തോന്നലുണ്ടായത്. എന്തുകൊണ്ട് അച്ഛന്മാർക്കായി ഒരു ദിനമില്ല. തന്റെ അച്ഛന്റെ ജന്മദിനമായ ജൂണ്‍ അഞ്ചിനുതന്നെ പിതൃദിനം കൊണ്ടാടാൻ ഡോഡ് തീരുമാനിച്ചു. എന്നാൽ, ആഘോഷങ്ങളെല്ലാം നടപ്പായി വന്നപ്പോഴേക്കും ജൂണ്‍ 19 ആയി. അങ്ങനെ 1910 ജൂണ്‍ 19നു സൊനാരോ ഡോഡിന്റ ആഭിമുഖ്യത്തിൽ ആദ്യ പിതൃദിനാഘോഷം ലോകത്ത് അരങ്ങേറി. ഡോഡിന്റെ പിതൃദിനാഘോഷം അമേരിക്ക മുഴുവൻ പ്രശസ്തി നേടിയതോടെ സ്ഥിരമായി ഒരു പിതൃദിനം വേണമെന്ന ആവശ്യം വ്യാപകമായി. ഇതിനേക്കുറിച്ച് ചർച്ചചെയ്യാൻ 1921ലും 1936ലും അമേരിക്കയിൽ രണ്ടു കമ്മിറ്റികൾ രൂപീകൃതമായി. തുടർന്ന് 1957ൽ യുഎസ് സെനറ്റർ മാർഗരറ്റ് ചേസ് പിതൃദിനാഘോഷത്തിനായി ബിൽ അവതരിപ്പിച്ചു.
എന്നാൽ, വർഷങ്ങൾ പിന്നെയും വേണ്ടിവന്നു ഡോഡ എന്ന പെണ്‍കുട്ടിയുടെ സ്വപ്നസാഫല്യത്തിനായി. 1966ൽ അന്നത്തെ പ്രസിഡന്റ് ലിൻഡോണ് ജോണ്സണ് ജൂണിലെ മൂന്നാം ഞായർ പിതൃദിനമായി പ്രഖ്യാപിച്ചു.
1972ൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണും ഈ പ്രഖ്യാപനം ആവർത്തിച്ചതോടെ ജൂണിലെ മൂന്നാം ഞായർ പിതൃദിനമായി അംഗീകരിക്കപ്പെടുകയായിരുന്നു.