ഭക്‌തൻ ദൈവത്തോടു സംസാരിക്കുന്നവനാണ്. മനുഷ്യനോടു സംസാരിക്കാൻ മനുഷ്യന്റെ ഭാഷയിലും ശരീരത്തിലും മനുഷ്യനെ സമീപിച്ച ദൈവത്തോടു താനായിരിക്കുന്ന അവസ്‌ഥയിൽ അവൻ സംസാരിക്കുന്നു. ലോകം നടുങ്ങുമാറ് ഉച്ചത്തിൽ നിലവിളിച്ചാലേ ദൈവം കേൾക്കൂ എന്നും ഭൂമി പിളരുന്നതുപോലെ ഒച്ചയുണ്ടാക്കിയാലെ അതു ദൈവസ്തുതിയാവൂ എന്നും ചിന്തിക്കുന്നതു ഭക്‌തിയെ കീഴ്പ്പെടുത്തി ഉന്മാദം മുമ്പിൽ നിൽക്കുമ്പോഴാണ്. ഭക്‌തി ജീവിതത്തിലുടനീളം പ്രവഹിക്കുന്ന ഒന്നാണ്. ഭക്‌തന് എല്ലാ മാനുഷിക വികാരങ്ങളുമുണ്ട്.
പക്ഷേ അവയുടെയെല്ലാം പ്രകടനങ്ങളിൽ അവനെ വ്യതിരിക്‌തനാക്കുന്ന ഒന്ന് അവനു സമ്മാനിക്കാൻ ഭക്‌തിക്കു കഴിയുന്നു. ഭക്‌തിയെന്നതു ദൈവബന്ധമാണ്. അതിന് ഒരു സ്‌ഥായീഭാവമുണ്ട്. ഉയർച്ചയിലും താഴ്ചയിലും ദൈവത്തോടു ചേർന്നുനിൽക്കുന്ന ഒരു രഹസ്യമാണത്. ജീവിക്കാൻ തുടങ്ങിയ കാലം മുതൽ നാം ശ്വസനപ്രക്രിയ നടത്തുന്നവരാണ്. ശ്വസിക്കുക എന്നതു മടുപ്പായി തോന്നാറില്ലല്ലോ.
അതുപോലെ തന്നെയാണു വിശ്വാസിയുടെ ദൈവബന്ധവും. സംശുദ്ധവും നിർമലവുമായ ആ ബന്ധത്തിൽ കരയാനും ചിരിക്കാനും ഓശാന വിളിക്കാനും വിശ്വാസിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഭക്‌തി എന്നതു ലഹരിയുടെ അവസ്‌ഥയിലേക്കു തരംതാഴുമ്പോൾ ഭക്‌തൻ അപകടകാരിയാവും. ഭക്‌തിയിൽ ഉന്മാദം കലരുമ്പോൾ അതു മനുഷ്യനെ നേരായ ദൈവബന്ധത്തിൽ നിന്നു നീക്കുക മാത്രമല്ല വൈകൃതങ്ങളിലേക്കു വഴി നടത്തുകയും ചെയ്യുന്നു. നിർമലമായ ഭക്‌തി നോമ്പിനെ ചൈതന്യവത്താക്കട്ടെ.