ആടലോടകം
ആടലോടകം
ആരോഗ്യം ആയുർവേദത്തിലൂടെ
നാട്ടുചികിത്സാ ശാഖയിൽ പ്രമുഖസ്‌ഥാനമുള്ള ഔഷധച്ചെടിയാണ് ആടലോടകം. നെഞ്ചിലെ കഫക്കെട്ടുമാറ്റാൻ അദ്ഭുത കഴിവുള്ള ഈ ഔഷധ സസ്യം ആയുർവേദ ഔഷധ നിർമാണത്തിൽ ഏറെ പ്രധാനമാണ്. ഇന്നു ലഭിക്കുന്ന എല്ലാ കഫ് സിറപ്പുകളിലേയും മുഖ്യഘടകമാണ് ഇത്.

വാശാരിഷ്‌ടത്തിലെ പ്രധാന ചേരുവ ആടലോടകമാണ്. കനകാസവത്തിനും ഈ ചെടിയുടെ വേര് ഉപയോഗിക്കുന്നു. ഈ സസ്യം കേരളത്തിലുടനീളം കാണപ്പെടുന്നു. കാലവർഷാരംഭത്തിൽ കമ്പുകൾ മുറിച്ച് നട്ട് തെങ്ങിൻതോപ്പുകളിലും പറമ്പുകളിലും വളർത്താം. ചാണകപ്പൊടി വളമായി ഉപയോഗിക്കാം. ഓരോ വീട്ടുവളപ്പിലും ഈ സസ്യം നട്ടുവളർത്തിയാൽ കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഗൃഹവൈദ്യമായി ഉപയോഗപ്പെടുത്താം.

കൊച്ചുകുട്ടികൾക്കു ജലദോഷത്തോടൊപ്പം കഫം ഇളകി മാറ്റുന്നതിനും ആടലോടക ഇലയുടെ സ്വരസം അഞ്ച് മില്ലി തുല്യ അളവിൽ തേനും ചേർത്ത് ദിവസം പലതവണ കൊടുക്കാം. ആടലോടകം സമൂലം അരിഞ്ഞ് 30 ഗ്രാം 750 മില്ലി വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി അല്പം തിപ്പല്ലിപ്പൊടി ചേർത്ത് സേവിക്കുന്നത് ചുമയ്ക്കും ശ്വാസവൈഷമ്യത്തിനും സിദ്ധൗഷധമാണ്. രക്‌തപിത്തം എന്ന അസുഖത്തിന് ആടലോടകത്തിന്റെ സ്വരസവും ചന്ദനവും അരച്ച് 15 മില്ലി വീതം രാവിലെയും വൈകുന്നേരവും പതിവായി ഉപയോഗിച്ചാൽ രക്‌തപിത്തം ശമിക്കും. ആർത്തവം അധികമായാൽ ആടലോടകത്തിന്റെ ഇലയുടെ നീര് കഴിക്കുന്നത് നന്ന്. ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് പുരട്ടിയാൽ പ്രസവം വളരെ വേഗത്തിൽ നടക്കും.


കുടുംബം: അക്കാൻ തേസി
ശാസ്ത്രനാമം: അടത്തോവാസിക്കനിസ്
സംസ്കൃതം: വാശാ, വാസക, വിഷ്ണു

തയാറാക്കിയത്: എം.എം. ഗാഥ, വെള്ളിയൂർ