മനസാക്ഷി മരവിക്കുന്ന കേരളം
Saturday, February 3, 2018 12:27 PM IST
മുന്പെങ്ങും കേട്ടിട്ടില്ലാത്ത തരത്തിൽ കേരള ത്തിൽ കൊടുംക്രൂരതകൾ ആവർത്തിക്കപ്പെടു ന്നു. അമ്മയെ വെട്ടിനുറുക്കുന്ന മകൻ, തന്റെ കുഞ്ഞിനെ സ്വന്തം കൈകളാൽ കൊലപ്പെടുത്തുന്ന അമ്മ, കേരളത്തിന്റെ മനഃസാക്ഷിയെപ്പറ്റി ആയിരം ചോദ്യങ്ങൾ ഉയരുന്പോൾതന്നെ വീണ്ടും കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. രാജ്യത്തേക്കാൾ മുൻപന്തിയിലുള്ള വളർച്ചാനിരക്കുമായി മുന്നോട്ടു പോകുന്പോഴും സംസ്ഥാനത്തെ ജയിലുകൾ നിറയുന്നത് ഒഴിവാക്കാൻ ക്രമസമാധാനം സംരക്ഷിക്കുന്നവർക്കു കഴിയുന്നില്ല. രക്തസാക്ഷികളാകുന്ന പാർട്ടിക്കാരുടെ കൊലപാതകങ്ങൾ വർധിക്കാൻ തുടങ്ങിയിട്ടു കാലങ്ങളായെങ്കിലും കുടുംബത്തിനുള്ളിൽ സംഭവിക്കുന്ന അരും കൊലകൾ കേരളത്തിൽ കൂടി വരികയാണ്.
കേരളത്തിന്റെ മനസ് എത്രമാത്രം പ്രക്ഷുബ്ധമാണെന്നു തെളിയുന്നതാണു സംസ്ഥാനത്തു കഴിഞ്ഞ കുറേ നാളുകൾക്കിടെയുണ്ടായ സംഭവങ്ങൾ.
തിരുവനന്തപുരത്തും കൊല്ലത്തുമെല്ലാം അടുത്ത സമയങ്ങളിൽ നടന്നിട്ടുള്ള കൊലപാതകങ്ങൾ ഇതിന് ഉദാഹരണങ്ങൾ മാത്രം. സമൂഹം ഇന്നേവരെ കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളാണ് ഒാരോ ദിവസവും പുറത്തുവരുന്നത്. ഇവിടെയും കാര്യങ്ങൾ ഒതുങ്ങുന്നില്ല. മനസിനെ തകർത്തുകളയുന്ന സംഭവങ്ങൾ കണ്മുന്നിൽ നടന്നാലും ഒരു കൈ സഹായം മുന്നേട്ടുവയ്ക്കാൻ കഴിയാത്ത തരത്തിൽ മലയാളി സമൂഹം മാറിയിരിക്കുന്നു.
നന്ദൻകോട് ആവർത്തിക്കപ്പെടുന്പോൾ
തിരുവനന്തപുരം നന്ദൻകോട് കഴിഞ്ഞ വർഷം ഏപ്രിലിൽ വീട്ടിലെ നാലു പേർ മരിച്ച സംഭവത്തിന്റെ അന്വേഷണം ചെന്നുനിന്നതു കൊല്ലപ്പെട്ട ദന്പതികളുടെ മകനിലാണ്. അച്ഛനമ്മമാരെയും സഹോദരിയെയും ബന്ധുവിനെയും കൊല്ലാൻ വ്യക്തമായി ആസൂത്രണം നടത്തിയ കേഡൽ ജിൻസണ് രാജ മാനസികമായി പ്രശ്നങ്ങൾ അനുഭവിക്കുന്നയാളാണെന്നു വിദഗ്ധരുടെ പരിശോധയിൽ വെളിപ്പെട്ടു. സ്വന്തം മാതാപിതാക്കളോടുപോലും ദേഷ്യം തോന്നിയാൽ കൊലപ്പെടുത്തുന്ന പ്രവണതയാണ് ഈ സംഭവത്തോടെ പുറത്തു വന്നത്. അതിനു മുൻപ് ചെങ്ങന്നൂരിൽ പണം തിരികെ ചോദിച്ച അച്ഛനെ മകൻ കൊലപ്പെടുത്തിശേഷം വെട്ടിമുറിച്ചു പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചിരുന്നു. കൊല്ലത്തെ മകനെ കൊലപ്പെടുത്തിയ അമ്മയുടെ വാർത്തയും ഏതാനും അഴ്ചകൾക്കു മുന്പ് പുറത്തു വന്നു. ചെറിയ കാര്യങ്ങൾക്കുപോലും കൊലപാതകങ്ങൾ അരങ്ങേറുന്നുവെന്ന അവസ്ഥയാണുള്ളത്. സംശയരോഗങ്ങൾ വർധിക്കുന്നതു മൂലം വീടുകളിൽ കഴിയുന്നവർപോലും പരസ്പരവിശ്വാസമില്ലാതെപ്രവർത്തിക്കുന്ന അവസ്ഥയിലേക്കു സമൂഹം എത്തിക്കഴിഞ്ഞതായാണു കാണാൻ കഴിയുക.
അടിമാലിയിലേത് നിസാരമല്ല
വഴിവിട്ട ബന്ധം കാണാനിടയായതിനെത്തുടർന്നു മരുമകളും കാമുകനും ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ച സംഭവം കഴിഞ്ഞ 31നാണ് അടിമാലിയിൽ നടന്നത്. മാങ്കുളം വിരിപാറ മാങ്കൊന്പിൽ അച്ചാമ്മ (70)യാണു മരിച്ചത്. കഴിഞ്ഞ നവംബറിൽ അച്ചാമ്മയുടെ മകന്റെ ഭാര്യയും കാമുകനും ചേർന്നാണ് അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പോലീസ് പറയുന്നു. കാമുകനുമൊത്തുള്ള വഴിവിട്ട ബന്ധം അച്ചാമ്മ കാണാനിടയായതിനെ തുടർന്നായിരുന്നു ഇരുവരും ചേർന്ന് അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പോലീസ് വ്യക്തമാക്കുന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്തു ഭർത്തൃമാതാവ് കുഴഞ്ഞു വീണു പരിക്കേറ്റു എന്നായിരുന്നു മരുമകൾ പരിസരവാസികളെയും ഭർത്താവിനെയും ബന്ധുക്കളെയും ആദ്യം അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളെയും കാമുകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
രഞ്ജിനിമാർ കുറയുന്നു
കേരളത്തിന്റെ മനസാക്ഷിക്കു തീരാക്കളങ്കമായി മാറിയ സംഭവമാണു കഴിഞ്ഞ ദിവസം കൊച്ചിയിലെ പദ്മ ജംഗ്ഷനിൽ അരങ്ങേറിയത്. ലോഡ്ജ് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണു ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്നയാളെ കണ്ടിട്ടും അവിടെ കൂടിനിന്ന ആരും അദ്ദേഹത്തെ രക്ഷിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല. തലയിൽനിന്നു ചോര വാർന്ന് ഒരാൾ കിടന്നപ്പോൾ അതു കാണാത്തപോലെ നടന്നുപോവുകയായിരുന്നു ചെറുപ്പക്കാർ അടക്കമുള്ളവർ ചെയ്തത്. ഇതു കണ്ടു സഹായത്തിനെത്തിയ രഞ്ജിനി എന്ന അഭിഭാഷക അഭ്യർഥിച്ചപ്പോഴും കൂട്ടം കൂടി നിന്ന ആളുകളിൽ ചിലർ മാത്രമാണു മുന്നോട്ടുവന്നത്. ഈ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നപ്പോളാണു പുറംലോകം കാര്യങ്ങൾ അറിഞ്ഞത്.
പ്രാകൃതം പള്ളിപ്പുറത്ത് നടന്നത്
ചെറായി പള്ളിപ്പുറത്ത് മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ കൂട്ടം കൂടി മർദിച്ച സംഭവത്തെ പ്രാകൃതമെന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരാളെ അയൽവാസികളായ ഒരു പറ്റം സ്ത്രീകൾ സംഘം ചേർന്നു ക്രൂരമായ രീതിയിൽ മർദിച്ച് അവശയാക്കുകയായിരുന്നു. ഈ സംഭവത്തിൽ ആക്രമണത്തിന് ഇരയായ വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്തു മൂന്നു സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തു.
രണ്ടു ദിവസം ഈ സ്ത്രീകൾ പൊതുയിടത്തിൽവെച്ചു മാനസിക പ്രശ്നങ്ങളുള്ള വീട്ടമ്മയെ മർദിച്ചു. വടികൾ ഉപയോഗിച്ചു തല്ലിയതിനു പുറമെ കുഴഞ്ഞു വീണ വീട്ടമ്മയുടെ കാൽപ്പാദത്തിൽ ചട്ടുകം കൊണ്ടു പൊള്ളലുമേൽപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. തന്നിലേക്കു മാത്രം ഒതുങ്ങി നിൽക്കുന്ന ചിന്ത മാത്രമാകുന്പോഴാണു മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സ്വാർഥ ചിന്തകൾ വർധിക്കുന്നതെന്നു മാനസിക വിദ്ഗധർ പറയുന്നു.
കുടുംബ ബന്ധങ്ങൾ തകരുന്നു
മുന്പ് കൂട്ടുകുടുംബമായിരുന്നപ്പോഴും പിന്നീട് അണുകുടുംബമായി മാറിയപ്പോഴും മലയാളികൾ കുടുംബബന്ധങ്ങൾക്കു വലിയ വിലയാണു കൽപ്പിച്ചുപോന്നിരുന്നത്. മാതാപിതാക്കളെ ദൈവത്തപ്പോലെ കണ്ടിരുന്ന സംസ്കാരം ഇവിടെ നിലനിന്നുപോയിരുന്നു. പക്ഷേ, അടുത്ത കാലത്തായി കുടുംബ ബന്ധങ്ങൾ ശിഥിലമായി മാറുകയാണ്. ഒരു വീട്ടിൽ താമസിക്കുന്നവർ തമ്മിൽ പോലും സംസാരിക്കാത്ത സ്ഥിതി സംജാതമായി. കുടുംബത്തിലുള്ളവരെ പോലും കൊലപ്പെടുത്തുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയതിന്റെ പിന്നിൽ ഇക്കാര്യങ്ങളാണെന്നു വിദഗ്ധർ പറയുന്നു.
നവംബർ വരെ 264 കൊലപാതകങ്ങൾ
കേരളത്തിൽ കഴിഞ്ഞ ഒന്പതു വർഷങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,449 കൊലപാതകങ്ങളാണ്. കഴിഞ്ഞ വർഷം നവംബർ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 264 കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 543 കൊലപാതക ശ്രമങ്ങളുമുണ്ടായി. പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനത്താണ് ഇത്രയധികം സംഭവങ്ങൾ ഉണ്ടാകുന്നത്. ഓരോ വർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും വർധിച്ചുവരികയാണ്.
മദ്യത്തെയും ലഹരിയെയും അകറ്റണം
സമൂഹത്തിൽ പൊതുവായുണ്ടാകുന്ന കുറ്റവാസനയുടെ വർധന കുടുംബങ്ങളിലേക്കും വന്നുകഴിഞ്ഞുവെന്നു മാനസികരോഗ വിദഗ്ധനായ ഡോ. സി.ജെ. ജോണ് പറയുന്നു. മാനസിക രോഗമെന്നു പൂർണമായി ഇതിനെ പറയാനാകില്ല. സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റമെല്ലാം പരസ്പരം ആശയവിനിമയത്തിനുള്ള സാഹചര്യങ്ങൾ കുറച്ചു. സങ്കടം വന്നാലും സന്തോഷം വന്നാലും എല്ലാം പരസ്പരം തുറന്നുപറയുന്ന അവസ്ഥ പല കുടുംബങ്ങളിലും ഇന്നില്ല. കുട്ടികൾക്കു നന്നായി വളരാൻ സാധിക്കാതെ വരുന്നു. സംശയരോഗത്തിനും വിഷാദരോഗത്തിനും പലരും അടിമപ്പെടുന്നു. മദ്യവും ലഹരി വസ്തുക്കളും വീടിനുള്ളിലെ ഹിംസാത്മക കാര്യങ്ങളെ വർധിപ്പിക്കാൻ ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിബിൻ ബാബു