കാഷ്മീർ: സംസ്ഥാനങ്ങൾക്കും അതീവ ജാഗ്രതാ നിർദേശം
Monday, August 5, 2019 4:40 PM IST
ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിനു പിന്നാലെ രാജ്യത്തെ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും മുഴുവൻ സുരക്ഷാ വിഭാഗങ്ങളോടും അതീവ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും പോലീസ് മേധാവിമാർക്കുമാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദേശം കൈമാറിയത്. ഇതിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാഷ്മീരിൽ നിന്നുള്ള കുട്ടികൾക്ക് സുരക്ഷയൊരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നേരത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് സൈന്യത്തിനും കേന്ദ്രം നിർദേശം നൽകിയിരുന്നു.