യുഎഇയുടെ സ്നേഹാദരങ്ങൾ എറ്റുവാങ്ങി ഫ്രാൻസിസ് മാർപാപ്പ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ
യുഎഇയുടെ സ്നേഹാദരങ്ങൾ എറ്റുവാങ്ങി ഫ്രാൻസിസ് മാർപാപ്പ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ
ഇസ്‌ലാമിന്‍റെ പിറന്ന മണ്ണിലേക്ക് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ യുഎഇ വരവേറ്റത് പതിവില്ലാത്ത ആദരവോടെയും സ്‌നേഹത്തോടെയും. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനും ചേര്‍ന്നാണ് മാര്‍പാപ്പയെ സ്വീകരിച്ചത്.

യുഎഇയുടെ ഔപചാരിക ക്ഷണം സ്വീകരിച്ച് അറബ് ലോകത്ത് ആദ്യമായെത്തി മാര്‍പാപ്പയ്ക്ക് രാജ്യം നല്‍കാവുന്ന ഉന്നതമായ സ്വീകരണമാണ് നല്‍കിയത്. ചടങ്ങിനായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പയെ കാറിനടുത്തേക്കു ചെന്ന് ആശ്ലേഷിച്ചായിരുന്നു ഇരുവരുടെയും വരവേല്‍പ്. തുടര്‍ന്ന് കൊട്ടാരത്തിനുള്ളിലേക്ക് ഇരുവരും ചേര്‍ന്ന് മാര്‍പാപ്പയെ ആനയിച്ചു.

ലോകത്തിലെ രണ്ടു വലിയ മതങ്ങള്‍ തമ്മിലുളള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടിയുറപ്പിച്ച മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം മേഖലയിലാകെ പുതിയ ഉണര്‍വും ആവേശവുമായെന്ന് യുഎഇ സര്‍ക്കാര്‍ പറഞ്ഞു.



$ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവിലുളള ആദരസൂചകമായി അബുദാബിയില്‍ വ്യോമസേനാ ജെറ്റ് വിമാനങ്ങളുടെ മനോഹരമായ അഭ്യാസ പ്രകടനം. വത്തിക്കാന്‍റെ പേപ്പല്‍ പതാകയുടെ നിറത്തിലുള്ള മഞ്ഞയും വെള്ളയും പുകച്ചുരുളുകളോടെയായിരുന്നു വിമാങ്ങളുടെ പറക്കല്‍. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നടന്ന സമയത്ത് വിമാനങ്ങള്‍ നഗരത്തിനു മുകളിലെ ആകാശം മഞ്ഞയും വെള്ളയും നിറങ്ങളില്‍ മുക്കിയത് പതിനായിരങ്ങളാണ് ആവേശത്തോടെ ദര്‍ശിച്ചത്.


$ സമ്പൂര്‍ണ സൈനിക ബഹുമതികളോടെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നല്‍കിയ ആചാരപരമായ വരവേല്‍പില്‍ സൈനിക ബാന്‍ഡിന്‍റെ സംഗീതം പ്രത്യേക വിരുന്നായി. കൊട്ടാരത്തിനു മുന്നില്‍ മാര്‍പാപ്പ വന്നിറങ്ങിയതോടെ രാജ്യം നല്‍കുന്ന ഏറ്റവും ഉന്നതമായ ബഹുമതികളോടെയായിരുന്നു സ്വീകരണം.



$ ഞായറാഴ്ച രാത്രി പത്തിന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയെ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനും രാജകുടുംബത്തിലെ മറ്റു സഹോദരന്മാരും ഉന്നത സൈനിക, സര്‍ക്കാര്‍ മേധാവികളും ചേര്‍ന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചത് രാജ്യത്തിന്‍റെ ഏറ്റവും സുപ്രധാന ആദരത്തിന്‍റെ പ്രകടനവുമായി. മാര്‍പാപ്പയുടെ ബഹുമാനാര്‍ഥം സൈനിക പരേഡും ഉണ്ടായിരുന്നു.

ജോർജ് കള്ളിവയലിൽ



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.