2008ലെ ബെയ്ജിംഗ് ഒളിന്പിക്സിൽ 48 സ്വർണവുമായി ചൈന അമേരിക്കയുടെ കുത്തക തകർത്തിരുന്നു. ബെയ്ജിംഗിൽ അമേരിക്കയ്ക്കു 36 സ്വർണമേ നേടാനായുള്ളൂ. 2000ലെ സിഡ്നി ഒളിന്പിക്സ് മുതലാണു ചൈന അമേരിക്കയ്ക്കു വെല്ലുവിളി ഉയർത്തിത്തുടങ്ങിയത്. സിഡ്നി ഒളിന്പിക്സിൽ അമേരിക്ക 37 സ്വർണവും റഷ്യ 32 സ്വർണവും ചൈന 28 സ്വർണവും നേടി.
2004ലെ ആഥൻസ് ഒളിന്പിക്സിൽ അമേരിക്കയെയും റഷ്യയെയും ഞെട്ടിച്ച് ചൈന കുതിച്ചു. 36 സ്വർണവുമായി അമേരിക്ക ഒന്നാമതെത്തിയെങ്കിലും ചൈനയുടെ കായികവളർച്ച ഞെട്ടിച്ചു. 32 സ്വർണവുമായി ചൈനയായിരുന്നു രണ്ടാമത്.
കുത്തക തകർന്നു2020ലെ ടോക്കിയോ ഒളിന്പിക്സിൽ യുഎസിന്റെ കുത്തകയിനങ്ങളിൽ പലതിനും ഇളക്കം തട്ടി. ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ് ഇനങ്ങളിൽ ഇത്തവണ പ്രതീക്ഷിച്ച മികവ് പുലർത്താനായില്ല. ജിംനാസ്റ്റിക്സിൽ റിയോയിൽ മെഡൽകൊയ്ത് നടത്തിയ സിമോണ് ബെയ്ൽസ് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പിന്മാറിയത് യുഎസിന്റെ സ്വർണപ്രതീക്ഷകൾക്കു തിരിച്ചടിയായി. രണ്ടു സ്വർണം മാത്രമാണു ജിംനാസ്റ്റിക്സിൽനിന്നു ലഭിച്ചത്. സ്വർണപ്രതീക്ഷയോടെയെത്തിയ വനിതാ ഫുട്ബോൾ ടീമിനു വെങ്കലംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ഒരുകാലത്ത് അമേരിക്കയുടെ കുത്തകയായിരുന്ന ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലും നിരാശയായിരുന്നു. ട്രാക് ഇനങ്ങളിൽ നാലു സ്വർണമേ അമേരിക്കയ്ക്കു ലഭിച്ചുള്ളൂ. പുരുഷന്മാരുടെ 4x100 മീറ്റർ റിലേയിൽ അയോഗ്യരായി. പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടി.
വനിതകളുടെ ഇനങ്ങളിൽ മൂന്നു സ്വർണവും ലഭിച്ചു. ഫീൽഡ് ഇനങ്ങളിൽ പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ റയാൻ ക്രൗസർ സ്വർണം നിലനിർത്തി. വനിതകളുടെ പോൾവോൾട്ടിലും ഡിസ്കസ് ത്രോയിലും സ്വർണം നേടി.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ