അടുത്ത കാലം വരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സെഞ്ചുറികൾ സച്ചിൻ തെണ്ടുൽക്കറിന്റെയും വിരാട് കോഹ്ലിയുടെയുമൊക്കെയായിരുന്നു. എന്നാൽ, മിന്നൽ വേഗത്തിൽ സെഞ്ചുറി തികച്ചുകൊണ്ട് മന്ത്രാലയത്തിനു വേണ്ടി ബാറ്റ് ചെയ്യുന്ന പെട്രോൾ പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. കുറച്ചുകാലമായി മിന്നും ഫോമിൽ ക്രീസിൽ തുടരുകയായിരുന്നു താരം.
പെട്രോളിനെ പിടിച്ചുകെട്ടാൻ ജനം പ്രതിഷേധത്തിന്റെ ഫാസ്റ്റ് ബോളും അപേക്ഷയുടെ സ്പിന്നും വിലാപത്തിന്റെ ഗൂഗ്ലിയുമൊക്കെ എറിഞ്ഞുനോക്കിയെങ്കിലും പെട്രോളിനെ പുറത്താക്കാനായില്ല. എന്നു മാത്രമല്ല ദിവസവും സിക്സുകളും ഫോറുകളും ഗാലറിയിലേക്കു പറത്തി പുള്ളി സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്നു. ജനത്തിന്റെ അപ്പീലുകൾ പലതും കേന്ദ്രത്തിന്റെ അന്പയർമാർ നിഷ്കരുണം തള്ളി.
മൂന്നാം അന്പയർ ആണെങ്കിൽ ഒന്നുമറിയാത്ത ഭാവത്തിൽ താടിയും തടവി ഈ തീക്കളി കണ്ടു രസിക്കുന്നു. കുറഞ്ഞ ബോളിൽ സെഞ്ചുറി തികച്ച പെട്രോളിനു ഡബിൾ സെഞ്ചുറി ലക്ഷ്യത്തിലേക്ക് ഇനി ബാറ്റ് വീശാം. താരത്തിന്റെ ഫോം വിലയിരുത്തുന്പോൾ അത് അത്ര വിഷമമുള്ള കാര്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്തായാലും അവർ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും അടിക്കട്ടെ, നമുക്ക് ഇഞ്ചുറി കൊണ്ട് തൃപ്തിപ്പെടാം!
മിസ്ഡ് കോൾ= പാൽവില ഇനിയും കൂട്ടണമെന്നു മിൽമ, കൂട്ടില്ലെന്നു മന്ത്രി.
- വാർത്ത= കുടിക്കില്ലെന്നു ജനം!