ഒപ്പമുണ്ട് പോലീസ്, പിന്നാലെ ഗുണ്ടകളും!
Friday, December 24, 2021 12:11 AM IST
സ്ഥലം: ഗുണ്ടാക്കമ്മിറ്റി ഓഫീസ് തീരുവനന്തപുരം. ഗുണ്ടാശ്രീ വടിവാൾ വാസു പതിയെ തന്റെ കസേരയിൽനിന്ന് എഴുന്നേറ്റു. പ്രിയപ്പെട്ട ഗുണ്ടാ സുഹൃത്തുക്കളേ, നമ്മൾ ഇന്ന് ഇവിടെ അടിയന്തര സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തിരിക്കുന്നത് നമ്മുടെ നാട്ടിൽ അരങ്ങേറുന്ന ചില സംഭവങ്ങളുടെ വെളിച്ചത്തിൽ ചില ഗൂഢാലോചനകൾ നടത്തുന്നതിനും തീരുമാനമാക്കുന്നതിനുമാണ്.
ഇത്രയുമായപ്പോൾ ലോക്കൽ ഗുണ്ടാ കമ്മിറ്റിയംഗം പാലാരിവട്ടം പരമു എഴുന്നേറ്റു: ആശാനെ എനിക്കൊരു കാര്യം പറയാനുണ്ട്, ഈ പോലീസുകാർ “ഓപ്പറേഷൻ കാവൽ’’ എന്നും പറഞ്ഞൊരു ഇടപാടുമായി ഇറങ്ങിയിട്ടുണ്ട്. നമ്മുടെ നിരവധി അണികൾ ഇതിനകം അകത്തായിക്കഴിഞ്ഞു. ഇതു ചർച്ച ചെയ്യണം.
“പരമു നീ ഇരിക്കവിടെ. തോക്കിൽ കയറി വെടിവയ്ക്കരുത്. അതു തന്നെയാണ് പറഞ്ഞുവരുന്നത്. പാവപ്പെട്ട ഗുണ്ടകളെ ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലയിലായിട്ടുണ്ട് കാര്യങ്ങൾ. പോലീസുകാർ ഇങ്ങനെ പട്രോളിംഗ് എന്നു പറഞ്ഞു നാടുമുഴുവൻ പെട്രോളും കത്തിച്ചു പാഞ്ഞു നടന്നാൽ നമ്മൾ എങ്ങനെ പണിയെടുത്തു ജീവിക്കും?
കുറെക്കാലമായി മാസ്കും ഹെൽമറ്റും വയ്ക്കാത്തവരായിരുന്നു പോലീസിന്റെ നോട്ടത്തിൽ ഏറ്റവും വലിയ ഗുണ്ടകൾ! പോലീസ് അവർക്കു പിന്നാലെ നടന്നപ്പോൾ നമുക്കു സ്വൈരമുണ്ടായിരുന്നു.’’
പ്രസംഗം ഇത്രയുമായപ്പോൾ ക്വട്ടേഷൻ സ്പെഷലിസ്റ്റ് കഠാര സലി എഴുന്നേറ്റു : ആശാനെ, ഗുണ്ടാ ആക്രമണം പെരുകിയെന്ന് ഈ രാഷ്ട്രീയക്കാരാണ് ബഹളം കൂട്ടിയത്. അതുകൊണ്ടാണ് പോലീസ് ഇപ്പോൾ രംഗത്തിറങ്ങിയത്.’
“ശരിയാണ്, കഠാര പറഞ്ഞത്. അവർക്കു വേണ്ടി തട്ടാനും മുട്ടാനും വെട്ടാനും നമ്മൾ വേണം. എന്നാൽ, കാര്യം കഴിഞ്ഞു നാട്ടുകാർക്കു മുന്നിൽ അവർ പ്ലേറ്റ് മറിക്കും. നാട്ടിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്ന് അവർ പരദൂഷണം പറയും. ഇതാണ് ഇന്നു ഗുണ്ടകൾ നേരിടുന്ന ഏറ്റവും വലിയ ക്രമസമാധാന പ്രശ്നം!
മീൻ പിടിച്ചവന് ആ മീനുമായി ഈ നാട്ടിലിറങ്ങി നടക്കാനും വേണമെങ്കിൽ കച്ചവടം ചെയ്യാനും യാതൊരു തടസവുമില്ല. തേങ്ങയിടാൻ പോകുന്നവന് ആ തേങ്ങയുമായി ഏതു വഴി വേണമെങ്കിലും പോകാം, ആരും ചോദിക്കില്ല.
എന്നാൽ, നമ്മൾ ഗുണ്ടകളുടെ അവസ്ഥ എന്താണ്? വെട്ടിയെടുത്ത ഒരു കൈയോ കാലോ അവിടെ ഇട്ടിട്ടു പോകാനല്ലാതെ കൊണ്ടുനടക്കാൻ അവകാശമുണ്ടോ? നമ്മുടെ സഹോദര തൊഴിലാളികളിൽ രണ്ടു പേർ പണികഴിഞ്ഞു കിട്ടിയ ഒരു കാലുമായി ബൈക്കിൽ സഞ്ചരിച്ചെന്നു പറഞ്ഞ് എന്തൊരു ബഹളവും കോലാഹലവുമാണ് ഈ നാട്ടിൽ നടക്കുന്നത്? രാഷ്ട്രീയക്കാരുടെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. സേവനദാതാക്കളോട് അല്പം മര്യാദ കാണിക്കാൻ അവർ തയാറാകണം.
എത്ര പരിമിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരാണ് ക്വട്ടേഷൻകാരും ഗുണ്ടകളും എന്നത് ആരും മറന്നുപോകരുത്. ടെക്നോളജി ഇത്രയും വികസിച്ച ഈ 2021ലും വടിവാളും വെട്ടുകത്തിയും മുളകുപൊടിയുമായി ജോലിക്കു പോകേണ്ട ഗതികേട് മറ്റാർക്കെങ്കിലുമുണ്ടോ?
ഒരു മെഷീൻ ഗണ്, രണ്ടു ഗ്രനേഡ്, കൊള്ളാവുന്ന രണ്ടു റിമോട്ട് കണ്ട്രോൾ ബോംബ്... ഇതൊക്കെ നമുക്കും മോഹമില്ലേ.. പക്ഷേ, ഇതൊക്കെ വേണമെന്നു പറഞ്ഞ് ആരെയെങ്കിലും ശല്യപ്പെടുത്തിയിട്ടുണ്ടോ? നാടു മൊത്തം കൊള്ളയടിക്കുന്നവർക്കിവിടെ ക്ഷേമപദ്ധതിയും പെൻഷനുമുണ്ട്.. എന്നാൽ, വല്ലപ്പോഴും ഒന്നോ രണ്ടോ പേരെ തടഞ്ഞു നിർത്തി പിടിച്ചുപറിക്കുന്ന നമുക്കു പെൻഷനുമില്ല, ഗ്രാറ്റുവിറ്റിയുമില്ല!
പുറത്തുള്ളതിനെക്കാൾ വലിയ ക്രിമിനലുകൾ പാർലമെന്റിനും നിയമസഭയ്ക്കും അകത്തുവരെ കയറിട്ടും നമ്മുടെ കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടാകുന്നില്ല എന്നതു വിചിത്രമാണ്. ഈ അവഗണനയ്ക്കെതിരേ പണിമുടക്കും ഹർത്താലും ആലോചിക്കണം’’ - വടിവാൾ വാസു പറഞ്ഞുനിർത്തി.
നാട്ടുകാരുടെ പണി തീരുന്നതിനു മുന്പേ ഇവരുടെ പണിമുടക്കാൻ പോലീസിനു കഴിയുമെന്നു പ്രതീക്ഷിച്ചു വീണ്ടും കാത്തിരിക്കുന്ന പാവം നമ്മൾ!
മിസ്ഡ് കോൾ
സംസ്ഥാനത്ത് 25 കേസുകളിൽ കൂടുതലുള്ള ഗുണ്ടകൾ ആയിരത്തിലേറെ.
-വാർത്ത
രജതജൂബിലി നിറവിൽ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്