അടിയന്തരാവസ്ഥ: തരൂർ കാണാതെ പോയത്
പ്രഫ. റോണി കെ. ബേബി
Saturday, July 12, 2025 12:39 AM IST
ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തിൽ 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനവും അതിനുശേഷമുള്ള സംഭവങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. ഇന്ദിരാഗാന്ധി എന്ന ഇന്ത്യ കണ്ട ഏറ്റവും ധീരയായ പ്രധാനമന്ത്രിയുടെ യശഃസിൽ കറ പരത്താൻ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരവരുടെ താത്പര്യങ്ങൾക്കനുസരിച്ച് പലരും തരാതരം ഉപയോഗിച്ചിട്ടുമുണ്ട്. ഇന്ദിരാഗാന്ധിയോടുള്ള വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം അടിയന്തരാവസ്ഥയുടെ വസ്തുനിഷ്ഠമായ പഠനങ്ങൾ കാര്യമായി നടന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. ഓരോരുത്തരും അവരവരുടെ സ്ഥാപിത താത്പര്യങ്ങൾക്കനുസരിച്ച് അടിയന്തരാവസ്ഥയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകി. അത്തരമൊരു വ്യാഖ്യാനമാണ് ഡോ. ശശി തരൂർ എംപിയുടെ ‘അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്’ എന്ന ലേഖനത്തിലും കാണുന്നത്.
ചരിത്രബോധമില്ലാത്ത വിമർശനങ്ങൾ
ഇന്ദിരാഗാന്ധിയുടെ ചരിത്രത്തെ ആക്ഷേപിക്കാൻ ചരിത്രത്തിന്റെ ഏടുകൾ പരതുന്നവർക്ക് അസ്ഥാനത്ത് വീണുകിട്ടുന്ന ഒരു വടി എന്ന ആഖ്യാനങ്ങൾക്കപ്പുറം അടിയന്തരാവസ്ഥയുടെ സത്യസന്ധമായ വിലയിരുത്തലുകളിലേക്ക് കടക്കാൻ ശശി തരൂരിന്റെ ലേഖനത്തിന് കഴിഞ്ഞിട്ടില്ല. ശശി തരൂർ ലേഖനത്തിൽ പറയുന്ന പൗരസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സെൻസർഷിപ്പ് തുടങ്ങിയ പതിവ് ക്ലീഷേകൾക്കപ്പുറം അടിയന്തരാവസ്ഥ അന്ന് പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ഈ രാജ്യം ഇന്ന് എവിടെ എത്തിനിൽക്കുമായിരുന്നു എന്ന് കാണാതെപോയതെന്തുകൊണ്ട്? ബാരക്കുകളിൽനിന്നു പുറത്തിറങ്ങി പട്ടാളത്തോട് കലാപത്തിന് ആഹ്വാനം ചെയ്ത ജെപിയുടെ ജനാധിപത്യ വിരുദ്ധത ലേഖനം പരാമർശിക്കാത്തത് എന്തുകൊണ്ട്? തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും ജനവികാരം കോൺഗ്രസിന് എതിരാണെന്നും അറിഞ്ഞുകൊണ്ട് 1977 ജനുവരി 18ന് പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ജനങ്ങളുടെ കോടതിയിൽ പോകാനുള്ള ഇന്ദിരാഗാന്ധിയുടെ ഉന്നതമായ ജനാധിപത്യബോധം ശശി തരൂർ ലേഖനത്തിൽ എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
അടിയന്തരാവസ്ഥയ്ക്കു കാരണം ജെപി പ്രസ്ഥാനം
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതിശയോക്തിയോടെയും പർവതീകരിച്ചും അവതരിപ്പിക്കുന്ന ശശി തരൂർ എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു എന്നത് സൗകര്യപൂർവം മറക്കുകയാണ്. കലാപസമാനമായിരുന്നു അന്ന് രാജ്യത്തെ സാഹചര്യങ്ങൾ. 1975 ജൂൺ 26ന് പുലർച്ചെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഓൾ ഇന്ത്യ റേഡിയോയിൽ നടത്തിയ പ്രസംഗത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇന്ദിരാഗാന്ധി ചൂണ്ടിക്കാട്ടിയത്. തന്നെ അധികാരത്തിൽനിന്നു പുറത്താക്കാൻ ജയപ്രകാശ് നാരായൺ ആരംഭിച്ച പ്രസ്ഥാനം രാജ്യത്തിന്റെ സുരക്ഷയും ജനാധിപത്യവും അപകടത്തിലാക്കി എന്നായിരുന്നു ഒന്നാമത്തെ പരാമർശം. ഇന്ത്യയിൽ അന്ന് നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിച്ചാൽ ഇന്ദിരാഗാന്ധിയുടെ ആശങ്കകൾ ശരിയായിരുന്നു എന്നു കാണാം.
രാജ്യത്ത് കലാപവും അട്ടിമറികളും സൃഷ്ടിച്ച് ഭരണം പിടിക്കാനായിരുന്നു ജയപ്രകാശ് നാരായൺ എന്ന ജെപിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ശ്രമിച്ചത്. ജനാധിപത്യ സർക്കാരിനെ അക്രമത്തിലൂടെ അട്ടിമറിക്കാൻ പ്രതിപക്ഷം പദ്ധതിയിടുകയാണെന്ന അഭ്യൂഹം രാജ്യമെമ്പാടും പ്രചരിച്ചിരുന്നു. ജനസംഘവും കമ്യൂണിസ്റ്റുകാരും ആർഎസ്എസുകാരും നക്സലൈറ്റുകളും ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പ്രതിപക്ഷ പാർട്ടികളോടും തന്റെ പ്രസ്ഥാനത്തിൽ ചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ജെപിയുടെ പ്രാഥമിക ദൗത്യം ഇന്ദിരാഗാന്ധിയുടെ സർക്കാരിനെ പുറത്താക്കുകയും കോൺഗ്രസിനെ തകർത്ത് ‘പാർട്ടിരഹിത ജനാധിപത്യം’ സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു. ഇതിന് ഏതു മാർഗം സ്വീകരിക്കാനും അദ്ദേഹം തയാറായിരുന്നു .
1975 ഫെബ്രുവരി 15ന് ജെപി സർക്കാർ ജീവനക്കാരെ അഭിസംബോധന ചെയ്യുകയും സർക്കാർ ഉത്തരവുകൾ പാലിക്കരുതെന്ന് സൈന്യത്തെയും പോലീസിനെയും പ്രേരിപ്പിക്കുകയും ചെയ്തു. ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെ രാജ്യത്തെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ഏറ്റവും ഹീനമായ ശ്രമമാണ് ജെപി പ്രസ്ഥാനത്തിന്റെ അണിയറയിൽ നടന്നത്. 1975 ജൂൺ അഞ്ചിന് ദില്ലിയിൽ വിരാട് റാലിയിൽ ജെപി, രാജ്യത്തെ പോലീസുകാരോടും പട്ടാളത്തോടുമായി ഏറെ വിവാദപരമായ ഒരു ആഹ്വാനം നടത്തി: “നിയമവിരുദ്ധമായ ആജ്ഞകൾ അനുസരിക്കാൻ നിങ്ങൾക്ക് ബാധ്യതയില്ല.” ഇത് പട്ടാളത്തിന് നൽകിയ കലാപാഹ്വാനമായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു പട്ടാള അട്ടിമറിയെപ്പോലും രാജ്യം ഭയപ്പെട്ട നാളുകളായിരുന്നു അത്.
സംസാരിക്കുന്ന തെളിവുകൾ
ഇന്ദിരാഗാന്ധി ആരോപിച്ച ഗൂഢാലോചനാ സിദ്ധാന്തം അക്കാലത്ത് വലിയ ചർച്ചയാകാതെ പോയതിനു പ്രധാന കാരണം തെളിവുകളുടെ അഭാവമായിരുന്നു. തത്ഫലമായി ഇന്ദിരാഗാന്ധി ഏകാധിപതിയും അധികാരമോഹിയും ജനാധിപത്യവിരുദ്ധയുമായി ചിത്രീകരിക്കപ്പെട്ടു. പക്ഷേ ഇന്ന് ഇന്ദിരാ ഗാന്ധി സംശയിച്ചിരുന്ന ഗൂഢാലോചനയെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. 2005ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പരസ്യപ്പെടുത്തിയ അമേരിക്കയുടെ നയതന്ത്ര രേഖകളും 2010 മുതൽ വിക്കിലീക്സ് ചോർത്തി പരസ്യമാക്കിയ വൈറ്റ് ഹൗസ് ടേപ്പുകളും 2024ൽ പോൾ എം. മാക്ഗ്രാർ എഴുതി കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Spying in South Asia എന്ന പുസ്തകത്തിലെ വിശദാംശങ്ങളും ഗൂഢാലോചനാ വാദത്തെ സാധൂകരിക്കുന്നതാണ്.
വിക്കിലീക്സ് 2006ൽ ചോർത്തിയ രേഖകളിൽ 1975 മാർച്ച് 11ന് ഇന്ദിരാഗാന്ധി ഇന്ത്യയിൽ സിഐഎ നടത്തുന്ന രഹസ്യനീക്കങ്ങളെക്കുറിച്ച് പരാമർശിച്ചതായി പറയുന്നു. ‘ALLEGED CIA ACTIVITIES IN INDIA’ എന്ന പ്രത്യേക തലക്കെട്ടിൽ UNCLASSIFIED 1975NEWDE03523 എന്ന നമ്പറിലുള്ള രഹസ്യരേഖയാണ് വിക്കിലീക്സ് ചോർത്തി പുറത്തുവിട്ടത്. 2024ൽ പോൾ എം. മാക്ഗ്രാർ, ഇന്ത്യയിൽ സിഐഎയുടെ ഇടപെടലുകൾ ഇന്ദിരാഗാന്ധി പ്രതീക്ഷിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിലെ എട്ടാം അധ്യായത്തിൽ “The Foreign Hand: Indira Gandhi and the Politics of Intelligence” എന്ന തലക്കെട്ടിൽ ഇതിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമായി രാജ്യത്തിനുള്ളിൽ നടക്കുന്ന പല പ്രശ്നങ്ങൾക്കും പിന്നിൽ സിഐഎയുടെ ദുരുദ്ദേശ്യപരമായ കൈകളുണ്ടെന്ന് ഇന്ദിരാഗാന്ധി വിശ്വസിച്ചിരുന്നു.
അടിയന്തരാവസ്ഥയ്ക്കു മുന്‍പ് ഇന്ദിരയുടെ ജീവന് സിഐഎയില്നിന്നു ഭീഷണിയുണ്ടെന്ന് റഷ്യയുടെ ചാരസംഘടനയായ കെജിബിയുടെ ഏജന്റുമാര്‍ നിരന്തരം ഇന്ദിരാഗാന്ധിയെയും സര്‍ക്കാരിലെ ഉന്നതരെയും അറിയിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. കെജിബി ആസ്ഥാനത്ത് ആര്‍ക്കൈവ്സിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന വാസിലി മിത്രോഖിന്‍ ഒളിച്ചുകടത്തിയ 2000ത്തിലധികം പേജുള്ള രഹസ്യരേഖകളെ അടിസ്ഥാനമാക്കി മിത്രോഖിനും ബ്രിട്ടീഷ് എഴുത്തുകാരനായ ക്രിസ്റ്റഫര്‍ ആന്‍ഡ്രുവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘The Mitrokhin Archive : The KGB and the World’ എന്ന പുസ്തകത്തിന്റെ രണ്ട് വാല്യങ്ങളിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്. കൂടാതെ, സോവിയറ്റ് യൂണിയന്റെ ഡല്‍ഹി എംബസിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്ന യൂറി ബ്രസ്മനോവും, ഇന്ദിരാഗാന്ധിയെ അട്ടിമറിക്കാൻ സിഐഎ നടത്തിയ ഗൂഢാലോചനകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
ആവിയായിപ്പോയ ഷാ കമ്മീഷൻ റിപ്പോർട്ട്
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ശശി തരൂർ ആരോപിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ഷാ കമ്മീഷൻ റിപ്പോർട്ടിന് എന്തു സംഭവിച്ചു എന്ന് പരിശോധിക്കണം. ഇന്ദിരാഗാന്ധിക്കെതിരേ മുൻപ് പല തവണ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ജസ്റ്റീസ് ജെ.സി. ഷായുടെ പക്ഷപാതിത്വം വിമർശനവിധേയമായിരുന്നു. ബാങ്ക് ദേശസാത്കരണം പോലെയുള്ള ഇന്ദിരാഗാന്ധിയുടെ നടപടികളെ അതിരൂക്ഷമായി ജസ്റ്റീസ് ജെ.സി. ഷാ വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ ജനതാപാർട്ടി സർക്കാർ 1977 മേയ് 28നാണ് കമ്മീഷൻസ് ഓഫ് എൻക്വയറി ആക്ടിലെ സെക്ഷൻ മൂന്ന് പ്രകാരം ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ജെ.സി. ഷായുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിക്കെതിരേ അന്വേഷണ കമ്മീഷനെ നിയമിച്ചത്. കമ്മീഷൻ അന്തിമ റിപ്പോർട്ട് 1978 ഓഗസ്റ്റ് ആറിന് സമർപ്പിച്ചു. എന്നാൽ, അടിയന്തരാവസ്ഥയുടെ പേരിൽ അതിനിശിതമായി ഇന്ദിരാഗാന്ധിയെ വിമർശിച്ചിരുന്ന ജനതാ പാർട്ടിയുടെ നേതാക്കന്മാർ റിപ്പോർട്ടിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്.
ഇന്ദിരയുടെ പരാജയം
അടിയന്തരാവസ്ഥയല്ല മറിച്ച് തെരഞ്ഞെടുപ്പിൽ രൂപംകൊണ്ട പ്രതിപക്ഷ ഐക്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിനെ പരാജപ്പെടുത്തിയത് എന്ന് കാണാം. തെരഞ്ഞെടുപ്പിനു മുമ്പ് നെടുകെ പിളർന്നിട്ടും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് 34.52 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസിലെ പിളര്‍പ്പിനെത്തുടര്‍ന്ന് രൂപീകരിക്കപ്പെട്ട സംഘടനാ കോണ്‍ഗ്രസിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനം നേടാനായിരുന്നു. മൊറാര്‍ജി ദേശായിയുടെ നേതൃത്വം ഇതിൽ വലിയ പങ്കുവഹിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബാബു ജഗജീവന്‍ റാം പ്രതിപക്ഷ മുന്നണിയിലേക്കു നീങ്ങിയത് ഇന്ദിരാഗാന്ധിയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നൽകി. ഉത്തേരന്ത്യയില്‍ ആര്‍എസ്എസിനുണ്ടായിരുന്ന സ്വാധീനം ജനതാ പാർട്ടിക്ക് വലിയ ഗുണം ചെയ്തു. തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, ലോക്ദള്‍ എന്നിവ ഒന്നിച്ചപ്പോൾ ഇന്ദിരാഗാന്ധിക്കെതിരേ വലിയ ശക്തിയായി മാറി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനംതന്നെ ജയപ്രകാശ് നാരായണ്‍ ജനതാ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയതിലൂടെ ഇന്ദിരയ്ക്കെതിരേ ശക്തമായ പ്രതിപക്ഷ ഐക്യനിര അഖിലേന്ത്യാ തലത്തില്‍തന്നെ രൂപപ്പെട്ടു.
എന്നാൽ, അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ തലത്തില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ വന്‍ വിജയമാണു നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷം നേടുകയും ചെയ്തു. ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാർ ഓഫീസുകള്‍, കാര്യക്ഷമമായി നടക്കുന്ന വിദ്യാലയങ്ങള്‍, ക്രമക്കേടില്ലാത്ത പൊതുവിതരണ സമ്പ്രദായം എന്നിവയെല്ലാം വലിയ രീതിയില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ സഹായിച്ചു. 1976 ഒക്ടോബര്‍ 13ന് നിയമസഭയില്‍ നല്കിയ മറുപടിയില്‍ കേരളത്തില്‍ 93 കള്ളക്കടത്തുകാരെയും 306 പൂഴ്ത്തിവയ്പുകാരെയും അറസ്റ്റ് ചെയ്തായി സര്‍ക്കാര്‍ മറുപടി പറഞ്ഞു. ഇതൊരു ചെറിയ കണക്കല്ല. 1976 മാര്‍ച്ച് ഒമ്പതിന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി നല്കിയ മറ്റൊരു മറുപടി പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ക്രമരഹിതമായി പെരുമാറിയ 237 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അഴിമതി, കൈക്കൂലി, കൈയേറ്റം തുടങ്ങിയ കേസുകളില്‍ 89 പോലീസുകാര്‍ക്കെതിരേയും നടപടി എടുത്തതായി അറിയിച്ചു. അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായ ജനവികാരം കേരളത്തിൽ രൂപപ്പെടുന്നതിന് ഇതു കാരണമായി.
അനിവാര്യമാകുന്ന പുനർവായനകൾ
അടിയന്തരാവസ്ഥയുടെ ചരിത്രത്തിന്റെ 50 വർഷങ്ങൾ ആഘോഷമാക്കുമ്പോൾ എന്തായിരുന്നു യഥാർഥ ചരിത്രമെന്ന് ശശി തരൂരിനെപ്പോലെയുള്ള നേതാക്കൾ മറന്നുപോകരുത്. വസ്തുതകൾക്ക് മുകളിൽ നിക്ഷിപ്ത താത്പര്യങ്ങൾ സ്വാധീനം ചെലുത്തുമ്പോൾ സ്വാഭാവികമായും അടിയന്തരാവസ്ഥയുടെ കളങ്കം മുഴുവൻ ചാർത്തപ്പെടുക ഇന്ദിരാഗാന്ധി എന്ന ഒരു വ്യക്തിയിലാകും; അതാണ് ശശി തരൂരിന്റെ ലേഖനത്തിലുള്ളത്.
‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ അടക്കം ഒട്ടേറെ പുസ്തങ്ങൾ ഇന്ത്യയെക്കുറിച്ച് വിശദമായി പഠിച്ച് എഴുതിയ ഡൊമനിക്ക് ലാപ്പിയർ, ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയുംകുറിച്ചു നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണ്; “അവരുടെ കോട്ടങ്ങൾ വല്ലാതെ പർവതീകരിക്കപ്പെട്ടു. നേട്ടങ്ങൾ വേണ്ട രീതിയിൽ എടുത്തുകാട്ടപ്പെട്ടതുമില്ല. ആ അർഥത്തിൽ ഇന്ത്യയുടെ ലോസ്റ്റ് പ്രൈം മിനിസ്റ്റർ തന്നെയാണ് ഇന്ദിരാഗാന്ധി.”
(കെപിസിസി മാധ്യമസമിതി അംഗമാണ് ലേഖകൻ)
ഇന്ദിരയെ അട്ടിമറിക്കാൻ സിഐഎ ഗൂഢാലോചന!
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അടുത്ത പ്രധാനപ്പെട്ട കാരണമായി അതേ റേഡിയോ പ്രക്ഷേപണത്തിൽ ഇന്ദിരാഗാന്ധി ചൂണ്ടിക്കാട്ടിയത്, ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ദുർബലപ്പെടുത്താനും ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഇടപെടലുകളായിരുന്നു. “എനിക്കെതിരേ വ്യാപകമായി നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടെന്നാണ് എന്റെ വിശ്വാസം.” ഈ വാക്കുകളോടെയാണ് ഓൾ ഇന്ത്യ റേഡിയോയിലെ തന്റെ പ്രസംഗം ഇന്ദിരാഗാന്ധി അവസാനിപ്പിച്ചത്. അന്നത്തെ ലോകരാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന സംഭവവികാസങ്ങൾ സാകൂതം നിരീക്ഷിച്ചാൽ ഇന്ദിരാഗാന്ധിയുടെ ഭയം അസ്ഥാനത്തായിരുന്നില്ല എന്ന് മനസിലാകും.
1974ൽ ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുണ്ടായ റെയിൽവേ സമരവും ഗുജറാത്തിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന നവനിർമാൺ പ്രക്ഷോഭവും ബിഹാറിൽ ജയപ്രകാശ് നാരായൺ നേതൃത്വം നൽകിയ പ്രതിഷേധങ്ങളും ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇന്ദിരാഗാന്ധി ഉറച്ചുവിശ്വസിച്ചിരുന്നു. അമേരിക്കയുടെ ബദ്ധശത്രുവായ തന്നെ സ്ഥാനഭ്രഷ്ടയാക്കാനുള്ള അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ കരങ്ങളും ഈ ഗൂഢാലോചനയിൽ ഇന്ദിരാഗാന്ധി സംശയിച്ചു. 1978 നവംബറിൽ തെയിംസ് ടെലിവിഷന്റെ ജോനാഥൻ ഡിംബിൾബിയുമായി നടത്തിയ അഭിമുഖത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനു പിന്നിലെ ഗൂഢാലോചനാ വാദവും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധതയും ഇന്ദിരാഗാന്ധി ആവർത്തിക്കുന്നുണ്ട്. രാജ്യം അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും വീഴുന്നതു തടയാൻ ആവശ്യമായ നടപടിയായി അഭിമുഖത്തിൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചു.
തന്നെ അധികാരത്തിൽനിന്നു പുറത്താക്കാൻ സിഐഎയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നതായി ഇന്ദിരാഗാന്ധി സംശയിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെല്ലാം തങ്ങൾക്ക് അനഭിമതരായ രാഷ്ട്രനേതാക്കളെ അധികാരത്തിൽനിന്നു പുറത്താക്കാനും പകരം തങ്ങളുടെ പാവകളായ പട്ടാള ഭരണാധികാരികളെ അധികാരത്തിൽ കൊണ്ടുവരുവാനും സിഐഎ രാജ്യത്തിനകത്തുള്ള പ്രതിലോമശക്തികളുമായി ഗൂഢാലോചന നടത്തുന്നതായി ഇന്ദിരാഗാന്ധി ഉറച്ചുവിശ്വസിച്ചിരുന്നു.1970നു ശേഷം അത്യന്തം വഷളായ ഇന്ത്യ-അമേരിക്ക ബന്ധവും അമേരിക്കയുടെ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സണ് തന്നോടുള്ള വ്യക്തിപരമായ ശത്രുതയും ഒരു അട്ടിമറിസാധ്യതയെ ഇന്ദിരാഗാന്ധി ഭയപ്പെടുന്നതിന് കാരണമായി.
ഇന്ദിരാഗാന്ധി ഭയപ്പെട്ടതുപോലെ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് രണ്ടു മാസത്തിനുള്ളിൽ ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന ഷേക്ക് മുജീബുർ റഹ്മാൻ 1975 ഓഗസ്റ്റ് 15നും, രണ്ടു വർഷത്തിനുശേഷം 1977 ജൂലൈ അഞ്ചിന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയും അട്ടിമറിക്കപ്പെട്ടു. ഇരുവരും കൊല്ലപ്പെടുകയും തത്സ്ഥാനങ്ങളിൽ അമേരിക്കയ്ക്ക് താത്പര്യമുള്ള പട്ടാള ഭരണാധികാരികൾ അധികാരത്തിൽ വരികയും ചെയ്തു; ബംഗ്ലാദേശിൽ ജനറൽ സിയാ ഉൾ റഹ്മാനും പാക്കിസ്ഥാനിൽ ജനറൽ സിയാ ഉൾ ഹക്കും.
ഇന്ദിരയെ വെറുത്ത റിച്ചാർഡ് നിക്സൺ

അമേരിക്കൻ പ്രസിഡന്റായ റിച്ചാർഡ് നിക്സൺന്റെ ശത്രുപട്ടികയിൽ താൻ ഒന്നാമതാണ് എന്ന് ഇന്ദിരയ്ക്ക് നന്നായിട്ടറിയാമായിരുന്നു. സിഐഎ പ്രതിപക്ഷവുമായി ചേർന്നുകൊണ്ട് തന്റെ സർക്കാരിനെ മറിച്ചിടാൻവരെ സാധ്യതയുണ്ടെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു. 1971ല്‍ അമേരിക്കയില്‍ നടന്ന ഒരു സര്‍വേയില്‍ ലോകത്തെ ഏറ്റവും ആരാധ്യയായ നേതാവായി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അമേരിക്കക്കാരുടെ മാനസിക വൈകല്യമാണ് ഇതിനു പിന്നിലെന്നാണ് നിക്സന് പറഞ്ഞത്.
1970നും 1974നും ഇടയിലുണ്ടായ മൂന്ന് സംഭവങ്ങളാണ് ഇന്ദിരയെ അമേരിക്കയുടെ മുൻപിൽ നോട്ടപ്പുള്ളിയാക്കിയത്. സിക്കിം ഇന്ത്യയുടെ ഭാഗമായത്, 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം,1974 മേയ് 18ന് രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ നടന്ന ആണവ പരീക്ഷണം എന്നിവയാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.
ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗമല്ലാത്ത ഒരു രാജ്യം ആണവായുധ ശേഷി കൈവരിച്ചുവെന്ന സത്യം ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. സിഐഎയ്ക്കുപോലും ഇന്ത്യയുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ആണവ ബോംബ് പരീക്ഷിച്ചുവെന്ന് ഇന്ത്യ അറിയിച്ചതോടെ ആദ്യം ഞെട്ടിയത് അമേരിക്കയായിരുന്നു.1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ട് റിച്ചാർഡ് നിക്സണും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹെൻറി കിസിംഗറും തമ്മിലുള്ള ടേപ്പ് ചെയ്ത സംഭാഷണങ്ങൾ 2005ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പരസ്യപ്പെടുത്തിയിരുന്നു.
1971 ജൂണിൽ ഓവൽ ഓഫീസിൽ നിക്സണും കിസിംഗറും അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് എച്ച്.ആർ. ഹാൽഡെമാനും തമ്മിൽ നടന്ന സംഭാഷണത്തിൽ ഇന്ദിരാഗാന്ധിക്കെതിരേ വംശീയമായ പരാമർശങ്ങൾ നടത്തിയിരുന്നു. നിക്സണ് ‘ഓള്‍ഡ് വിച്ച്’എന്നും കിസിംഗർ ‘ബിച്ച്’ എന്നുമാണ് ഇന്ദിരയെ വിശേഷിപ്പിച്ചത്.