പ്രവേശന പരീക്ഷയും റാങ്ക് നിർണയവും: ഒരു തിരിഞ്ഞുനോട്ടം
അഡ്വ. കുര്യൻ ജോർജ് കണ്ണന്താനം
Monday, July 14, 2025 12:30 AM IST
കീം പരീക്ഷയുടെ റാങ്ക് നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുത്തുകൊണ്ടിരിക്കുകയാണ്. ഒരു അപേക്ഷകന്റെ റാങ്ക് തീരുമാനിക്കുന്പോൾ ആ കുട്ടിക്ക് പ്രവേശന പരീക്ഷയിൽ കിട്ടുന്ന മാർക്കും ബന്ധപ്പെട്ട വിഷയങ്ങൾക്ക് പ്ലസ് ടുവിന് കിട്ടിയ മാർക്കും കൂട്ടി റാങ്ക് നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ പ്രക്രിയയെ സംബന്ധിച്ചാണ് ഇപ്പോഴത്തെ വിവാദങ്ങൾ.
ഈ വിവാദങ്ങളുടെ വ്യാപ്തി മനസിലാവാൻ അല്പം ചരിത്രം അറിഞ്ഞിരിക്കുന്നതു നല്ലതാണ്. കേരളത്തിൽ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ ആരംഭിക്കുന്നത് 2001ലാണ്. 2001 ജൂണിൽ 10 എൻജിനിയറിംഗ് കോളജുകൾക്ക് എഐസിടിഇ അംഗീകാരം നൽകി. അന്ന് കേരളത്തിൽ ഭരണം എ.കെ. ആന്റണി നയിച്ചിരുന്ന യുഡിഎഫ് സർക്കാരായിരുന്നു.
എന്നാൽ, കോളജുകൾ തുടങ്ങാൻ തത്വത്തിൽ തീരുമാനിക്കുന്നതും അതിനുള്ള എൻഒസികൾ കൊടുക്കുന്നതും അതിനു മുന്പുള്ള എൽഡിഎഫ് സർക്കാർ ആയിരുന്നു. അന്ന് പി.ജെ. ജോസഫ് വിദ്യാഭ്യാസമന്ത്രിയും അൽഫോണ്സ് കണ്ണന്താനം ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്നു. 93ലെ സുപ്രീംകോടതി വിധിയനുസരിച്ച് അന്ന് 50 ശതമാനം ഫ്രീ സീറ്റും 50 ശതമാനം പേയ്മെന്റ് സീറ്റുമായിരുന്നു. 2001ൽ 10 കോളജുകൾക്ക് അംഗീകാരം നൽകിയെങ്കിലും അന്നത്തെ സർക്കാർ ഒരു സീറ്റ് പോലും മാനേജ്മെന്റ് ക്വോട്ടയായോ കമ്യൂണിറ്റി ക്വോട്ടയായോ നൽകിയില്ല.
പകുതി സീറ്റുകൾ സർക്കാർ ക്വോട്ടയായും പകുതി സീറ്റുകൾ മാനേജ്മെന്റ് ക്വോട്ടയായും പ്രവേശനം നടത്താമെന്ന ധാരണയിലാണ് കോളജുകൾ അനുവദിച്ചിരുന്നതെന്ന, ഭരണത്തിലിരുന്നവരുടെ പ്രസ്താവനകൾ കളവായിരുന്നു. 2001ലെ സീറ്റ് നിഷേധത്തിനെതിരേ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചു.
15 ശതമാനം മാനേജ്മെന്റ് ക്വോട്ടയായും ന്യൂനപക്ഷ കോളജുകൾക്ക് മറ്റൊരു 15 ശതമാനം കമ്യൂണിറ്റി ക്വോട്ടയായും നൽകാൻ കോടതി ഉത്തരവായി. അതിന് ഒരു കാരണവുമുണ്ടായിരുന്നു. കേരളത്തിൽ അന്ന് മൂന്ന് എയ്ഡഡ് എൻജിനിയറിംഗ് കോളജുകൾ നിലവിലുണ്ടായിരുന്നു. അവർക്ക് 15 ശതമാനം മാനേജ്മെന്റ് ക്വോട്ടയും ഉണ്ടായിരുന്നു. എയ്ഡഡ് കോളജിനു കൊടുക്കുന്ന ആനുകൂല്യങ്ങൾ അണ് എയ്ഡഡ് കോളജുകൾക്ക് നിഷേധിക്കുന്നത് അനീതിയാണെന്നും കോടതി നിരീക്ഷിച്ചു.
2002ലും ഇതേ നില തുടർന്നു. 2002 അവസാനമായപ്പോഴേക്കും സുപ്രീംകോടതിയുടെ പ്രസിദ്ധമായ ടിഎംഎ പൈ കേസിന്റെ വിധിവന്നു. ഒരു കോളജിൽ രണ്ടുതരം ഫീസ് (ഫ്രീ സീറ്റ് ആൻഡ് പേയ്മെന്റ് സീറ്റ്) പറ്റില്ല എന്ന് കോടതി വിധിച്ചു. ഇതിനെ മറികടക്കാൻ 2006ലെ ഇടതുപക്ഷ സർക്കാർ പുതിയ നിയമം കൊണ്ടുവന്നു. ഫ്രീ സീറ്റ്/പേയ്മെന്റ് സീറ്റ് എന്ന സങ്കല്പവും മെരിറ്റ് സീറ്റ്/മാനേജ്മെന്റ് സീറ്റ് എന്ന സങ്കല്പവും നിയമത്തിലൂടെ വീണ്ടും കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചു. നിയമം വീണ്ടും കോടതികയറി. നിയമത്തിലെ പ്രസ്തുത വകുപ്പുകൾ കോടതി അസാധുവാക്കി. ഇനിയാണ് കോളജുകളിലെ പ്രവേശന രീതിയെപ്പറ്റിയുള്ള തർക്കങ്ങൾ.
കേരളത്തിൽ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളുടെ എണ്ണം ക്രമേണ കൂടിവന്നു. ആദ്യകാലങ്ങളിൽ പ്രവേശനം പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. അന്ന് എല്ലാ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്കുംകൂടി ഒരു സംഘടനയേ ഉണ്ടായിരുന്നുള്ളൂ. 2006ലെ പ്രവേശനങ്ങൾ കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയപ്പോൾ കോളജുകൾക്ക് ഒരു കാര്യം മനസിലായി. പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടുന്നവരല്ല, കോളജിൽ പഠനത്തിന് ഉയർന്ന നിലവാരം പുലർത്തുന്നതെന്ന്.
കോച്ചിംഗ് സെന്ററുകളിൽ പോയി ട്രെയിനിംഗ് കഴിഞ്ഞു പ്രവേശന പരീക്ഷ എഴുതുന്നവർക്കു പരീക്ഷ എഴുതാനുള്ള സ്കിൽ ആണ് കൂടുതലായുള്ളതെന്നും ബന്ധപ്പെട്ട വിഷയങ്ങളിൽ സ്കൂളിൽ നന്നായി പഠിച്ച കുട്ടികൾക്കാണ് അറിവും പരിജ്ഞാനവും കൂടുതലെന്നും കണ്ടെത്തി. അതിനാൽ റാങ്ക് തീരുമാനിക്കുന്പോൾ എൻട്രൻസ് പരീക്ഷയുടെ മാർക്കും ബന്ധപ്പെട്ട വിഷയങ്ങൾക്ക് പ്ലസ് ടു പരീക്ഷയ്ക്കു കിട്ടുന്ന മാർക്കും കൂട്ടി റാങ്ക് തീരുമാനിക്കണമെന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് രാജഗിരി എൻജിനിയറിംഗ് കോളജിന്റെ അന്നത്തെ ഡയറക്ടർ ആയിരുന്ന ഫാ. ജോസ് അലക്സ് ഒരുതായപ്പള്ളി സിഎംഐ ആയിരുന്നു. അങ്ങനെയായാൽ ഗ്രാമീണമേഖലകളിലെ സ്കൂളുകളിൽ നന്നായി പഠിക്കുന്ന കുട്ടികൾക്കും നല്ല റാങ്ക് നേടാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യ എൻജിനിയറിംഗ് കോളജുകളിലെ പ്രവേശനത്തിന് മേൽപറഞ്ഞ പുതിയ രീതി അനുവദിക്കണമെന്നു കാണിച്ച് അന്നത്തെ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിക്ക് അപേക്ഷ കൊടുത്തു. പ്രസ്തുത കമ്മിറ്റി അതു നിരാകരിച്ചു. അതിനെതിരേ സെൽഫ്- ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് 2007 ജൂൺ ഏഴിന് അത് അംഗീകരിച്ചു. അന്നുമുതൽ സ്വകാര്യ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ടായിലേക്കുള്ള പ്രവേശന മാനദണ്ഡം അങ്ങനെയായി. അഞ്ചു വർഷങ്ങൾക്കുശേഷം സർക്കാരും ആ രീതി അംഗീകരിക്കുകയായിരുന്നു.