ദൈവവിശ്വാസത്തിന് ചരമഗീതം ആലപിക്കുമ്പോൾ?
ഫാ. ജോസഫ് കളത്തിൽ
Wednesday, July 16, 2025 12:16 AM IST
കഴിഞ്ഞ ദിവസം കേരള യുക്തിവാദി സംഘം അവതരിപ്പിച്ച ഒരു പരിപാടിയിൽ ഉന്നതനായ ഒരു ന്യായാധിപൻ പ്രസ്താവിച്ചത് “മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ” എന്നാണ്. മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നവരാണ് അത്തരം കുട്ടികളെന്നും സ്കൂൾ രേഖകളിൽ മതം രേഖപ്പെടുത്തുന്നില്ല എന്ന് തീരുമാനിക്കുന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ന്യായാധിപന്റെ പ്രസ്താവന മതത്തിനും ദൈവവിശ്വാസത്തിനുമെതിരാണ്. കാരണം, ദൈവവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണല്ലോ മതത്തെ മനസിലാക്കുന്നത്. അതിനാൽ മതം ഇല്ലാതാകുമ്പോൾ ദൈവവിശ്വാസവും ഇല്ലാതായിക്കൊള്ളുമെന്ന് കരുതുന്നവരുണ്ട്.
ഇപ്രകാരം ‘ദൈവവും മതവുമില്ലാത്ത ഒരു ലോകത്തെ’ക്കുറിച്ച് വാചാലമാകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഇന്നു കാണാൻ സാധിക്കും. സമാനമായ രീതിയിൽ നമ്മുടെ വിദ്യാഭ്യാസമന്ത്രിയും ഇക്കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സ്കൂളുകളിൽനിന്ന് ഈശ്വരപ്രാർഥന ഒഴിവാക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രവും അടിസ്ഥാനപരമായി ദൈവവിശ്വാസത്തിന് എതിരാണല്ലോ. മതവും ഈശ്വരബോധവും ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഇക്കൂട്ടർ മുന്നോട്ടുവയ്ക്കുന്ന ആശയം.
വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ ഒരു അന്ധവിദ്യാലയത്തിൽ ചെന്ന് അന്നത്തെ കമ്യൂണിസ്റ്റ് വിദ്യാഭ്യാസമന്ത്രി, “ദൈവം ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ അന്ധരായി ജനിക്കില്ലായിരുന്നു” എന്ന് അന്ധരായ വിദ്യാർഥികളോട് പറഞ്ഞതും ഈ അവസരത്തിൽ കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്.
ദൈവവിശ്വാസത്തിന് സംഭവിച്ച മാറ്റം
ഭാഗ്യസ്മരണാർഹനായ ജോൺപോൾ രണ്ടാമൻ മാർപാപ്പ തന്റെ ‘Memory and Identity’ എന്ന ഗ്രന്ഥത്തിൽ ആധുനിക തത്വശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് തത്വചിന്തകനായ റെനെ ഡെക്കാർട്ടിന്റെ കാലം മുതൽ ദൈവവിശ്വാസത്തിന് സംഭവിച്ച മാറ്റത്തെക്കുറിച്ച് പറയുന്നുണ്ട്. ക്രൈസ്തവ വിശ്വാസം മുന്നോട്ടുവയ്ക്കുന്ന ‘വെളിപാടിന്റെ ദൈവം’ എന്ന കാഴ്ചപ്പാട് ‘തത്വചിന്തകരുടെ ദൈവം’ എന്ന കാഴ്ചപ്പാടിലേക്ക് വഴിമാറിയതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഡെക്കാർട്ടിന്റെ പ്രസിദ്ധമായ വാക്യം “Cogito Ergo Sum” (I think, therfore I am) എന്നതാണ്. അതായത് “ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ഉണ്ട്.”
ഡെക്കാർട്ടിന്റെ കാലഘട്ടത്തിനു മുമ്പ് തത്വചിന്ത എന്നത് ദൈവത്തിനും സൃഷ്ടലോകത്തിനും കീഴിലായാണ് നിലകൊണ്ടിരുന്നത്. എന്നാൽ, ഡെക്കാർട്ടിന്റെ കാലഘട്ടത്തിനു ശേഷം സ്രഷ്ടാവായ ദൈവം, സൃഷ്ടലോകം എന്നിവ മനുഷ്യമനസിന്റെ ചിന്തയുടെ ഉള്ളടക്കമായി മാറി. ഈ മാറ്റത്തെക്കുറിച്ചാണ് പാപ്പാ തന്റെ ഗ്രന്ഥത്തിൽ പറയുന്നത്. അതായത്, ഇവിടെ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മനുഷ്യമനസിന് സ്വതന്ത്രമായി ആവിഷ്കരിക്കാവുന്ന ഒരു വിഷയമായി മാറി. തിന്മയെക്കുറിച്ചുള്ള കാഴ്ചപ്പാടിനും ഇപ്രകാരം മാറ്റം സംഭവിച്ചു. ക്രിസ്തുവിന്റെ കുരിശിലെ രക്ഷാകര പ്രവൃത്തികളിലൂടെ മനുഷ്യൻ തിന്മയിൽനിന്ന് രക്ഷിക്കപ്പെട്ടു എന്ന കാഴ്ചപ്പാടിന് പകരമായി മനുഷ്യൻ മാത്രമാണ് അവന്റെതന്നെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സ്രഷ്ടാവെന്ന കാഴ്ചപ്പാടിന് മുൻഗണന ലഭിച്ചു. ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും തീരുമാനിക്കുന്നതും മനുഷ്യൻ മാത്രമായി മാറി!
തുടർന്നുള്ള വർഷങ്ങളിൽ വ്യത്യസ്തങ്ങളായ ചിന്താധാരകളും പ്രസ്ഥാനങ്ങളും ആവിർഭവിച്ചതിനെക്കുറിച്ചും അവ ലോകചരിത്രത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മാർപാപ്പ തന്റെ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ജനാധിപത്യ മാർഗങ്ങളിലൂടെ അധികാരത്തിലെത്തിയവർ അധികാര ദുർവിനിയോഗം നടത്തിയതും സോവിയറ്റ് യൂണിയനിലെയും മറ്റു രാജ്യങ്ങളിലെയും മാർക്സിസ്റ്റ് അധിനിവേശങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഹിറ്റ്ലറുടെ ഭരണകാലത്തെ യഹൂദന്മാരുടെയും റൊമാനികളുടെയും വംശഹത്യയെക്കുറിച്ചും കമ്യൂണിസ്റ്റ് ഭരണകാലത്ത് പല സ്ഥലങ്ങളിലായി നടത്തിയ കൂട്ടക്കൊലകളെക്കുറിച്ചും പ്രത്യേകിച്ച്, യുക്രെയ്നിലെ കർഷകരെയും റഷ്യയിലെ ഓർത്തഡോക്സ്-കത്തോലിക്കാ വൈദികരെയും കൂട്ടക്കൊല നടത്തിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.
‘നിയമപരമായ കൂട്ടക്കൊലകൾ’
ദൈവത്തെയും ദൈവിക നിയമങ്ങളെയും മാറ്റിനിർത്തിയ പല രാജ്യങ്ങളിലും ‘നിയമപരമായ കൂട്ടക്കൊലകൾ’ നടക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്! അമ്മയുടെ ഗർഭത്തിലായിരിക്കുമ്പോൾതന്നെ കൊല്ലപ്പെടുന്ന അനേകലക്ഷം കുഞ്ഞുങ്ങൾ ഈ ഗണത്തിൽ പെടുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റുകളാണ് ഗർഭഛിദ്രത്തിന്റെ രൂപത്തിലുള്ള ഇത്തരം കൂട്ടക്കൊലകളെ അംഗീകരിക്കുന്നത് എന്ന വസ്തുത ഞെട്ടിക്കുന്ന ഒരു യാഥാർഥ്യമായി പാപ്പാ ചൂണ്ടിക്കാണിക്കുന്നു! മനുഷ്യവംശത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയാണ് തങ്ങൾ ലക്ഷ്യംവയ്ക്കുന്നതെന്നാണ് ഇത്തരം ഹീനമായ പ്രവൃത്തികൾ ചെയ്യുന്നവർ അവകാശപ്പെടുന്നത്!
ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനം സ്രഷ്ടാവായ ദൈവത്തെ പുറന്തള്ളുകയും മനുഷ്യപ്രകൃതി എന്നത് ദൈവത്തിൽനിന്ന് ദാനമായി നൽകപ്പെട്ട ഒരു യാഥാർഥ്യമാണെന്ന വസ്തുത വിസ്മരിക്കപ്പെടുകയും ചെയ്തതാണെന്ന് പാപ്പാ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. തത്ഫലമായി, മനുഷ്യപ്രകൃതി എന്നത് സാഹചര്യങ്ങൾക്കനുസൃതമായി സ്വതന്ത്രമായി രൂപപ്പെടുകയും മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന ചിന്തയുടെ കേവലം ഒരു ഉത്പന്നമായി മാറ്റപ്പെട്ടു!
അഹംഭാവവും അബദ്ധവും
ദൈവത്തെ ഒഴിവാക്കുന്ന ഒരു ലോകത്തിനു സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2007 നവംബർ 30ന് പുറപ്പെടുവിച്ച ‘പ്രത്യാശയിൽ രക്ഷ’ എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു: “പുരോഗതിക്ക് അധർമികളുടെ കൈകളിൽ തിന്മയിലുള്ള പുരോഗതിയായിത്തീരാൻ കഴിയും. സാങ്കേതിക പുരോഗതി അതിനു ചേർന്ന മനുഷ്യന്റെ ധാർമിക പരിശീലനത്തോട് ഒത്തുപോകണം. അങ്ങനെ ചെയ്തില്ലെങ്കിൽ അത് പുരോഗതിയേ അല്ല, പിന്നെയോ മനുഷ്യനും ലോകത്തിനും ഭീഷണിയാണ്” (No.22). 19, 20 നൂറ്റാണ്ടുകളിൽ രൂപപ്പെട്ട നിരീശ്വരവാദ പ്രസ്ഥാനങ്ങളെക്കുറിച്ച് പാപ്പാ ഇവിടെ സൂചിപ്പിക്കുന്നു. ഈ ലോകത്തിലെ സഹനങ്ങൾക്കു മുമ്പിൽ ദൈവത്തെ ചോദ്യം ചെയ്യുകയും നീതി സൃഷ്ടിക്കാൻ ദൈവം ഇല്ലാത്തതുകൊണ്ട് നീതി സ്ഥാപിക്കാൻ മനുഷ്യൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നതാണ് ഈ നിരീശ്വരപ്രസ്ഥാനങ്ങളുടെ അന്തഃസത്ത. ദൈവത്തിന് ചെയ്യാൻ കഴിയാത്ത കാര്യം മനുഷ്യവംശത്തിന് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഇത്തരം മനോഭാവം അഹംഭാവവും അബദ്ധവും നിറഞ്ഞതാണെന്ന് പാപ്പാ വ്യക്തമാക്കുന്നു. ഇത്തരം കാഴ്ചപ്പാട് ക്രൂരതയുടെയും നീതി ലംഘനത്തിന്റെയും ഏറ്റവും വലിയ രൂപങ്ങളിലേക്ക് നയിച്ചു എന്ന യാഥാർഥ്യം മാർപാപ്പ ഇവിടെ ചൂണ്ടിക്കാണിക്കുന്നു(No.42). ലോകത്തിലെ വിവിധ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും നാസി ജർമനിയിലും നടന്ന അനേക ലക്ഷം ജനങ്ങളുടെ കൂട്ടക്കൊലകളെയാണ് പാപ്പാ ഇവിടെ പരാമർശിക്കുന്നത്.
ഇന്ന് സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവർ ദൈവത്തെയും ദൈവവിശ്വാസത്തെയും പരസ്യമായി ചോദ്യം ചെയ്യുന്നത് ഏറെ ഖേദകരമാണ്. ദൈവവും മതവിശ്വാസവും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് വാചാലരാകുന്നവർക്ക് അത്തരത്തിലുള്ള ഒരു ലോകം ചരിത്രത്തിൽ വരുത്തിവച്ച ഭവിഷ്യത്തുകളെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുമോ? ഓരോരുത്തർക്കും തങ്ങളുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് ജീവിക്കാനുള്ള അവകാശം മതേതര രാഷ്ട്രമായ ഇന്ത്യയിലുണ്ടെന്ന യാഥാർഥ്യം ഇക്കൂട്ടർ ഓർക്കേണ്ടതാണ്.
മതങ്ങളെയും ദൈവവിശ്വാസത്തെയും പരിഹസിക്കുകയല്ല, മറിച്ച് നീതിയിലധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പൊതുസമൂഹത്തെ സഹായിക്കുകയാണ് ഭരണാധികാരികളും ന്യായാധിപന്മാരും ചെയ്യേണ്ടത്. ദൈവവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 2,000 വർഷങ്ങൾക്കു മുമ്പ് ഈശോമിശിഹാ നടത്തിയ അർഥപൂർണമായ പ്രസ്താവന ഇന്നും ഒളിമങ്ങാതെ ശോഭിക്കുന്നു: “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” (മത്താ 22:21).