രാഷ്ട്രനിർമാണത്തിൽ അധ്യാപകരുടെ പങ്ക്
ഡോ. ബ്രൂണോ ഡൊമിനിക് നസ്രത്ത്
Friday, September 5, 2025 1:36 AM IST
പഠിതാക്കളോടുള്ള തങ്ങളുടെ വിശ്വസ്തത വിലമതിക്കപ്പെടുന്നതും അമൂല്യവുമാണെന്ന് തിരിച്ചറിയാൻ അധ്യാപകർക്ക് സമൂഹത്തിൽനിന്നുള്ള പിന്തുണയും പ്രോത്സാഹനവും ആവശ്യമാണ്. അതേസമയം, അധ്യാപകർ ലോകമെമ്പാടും സംഭവിക്കുന്ന മാറ്റങ്ങൾ മനസിലാക്കുകയും അവയുൾക്കൊള്ളാൻ തക്കവിധം പുതിയ തലമുറയെ വളർത്തിയെടുക്കുകയും വേണം.
സമൂഹത്തിന്റെ അടിത്തറയും നിർമാണ ഘടകങ്ങളും ഒരുക്കിയെടുക്കുന്നത് അധ്യാപകരാണെന്നതിനാൽ അവരുടെ ദൃഢനിശ്ചയവും വിശ്വസ്തതയുമാണ് രാജ്യത്തിന്റെ വിധിയെ രൂപപ്പെടുത്തുന്നത് എന്നതിൽ സംശയമില്ല. നല്ല അധ്യാപകർ വെറും പരിശീലകർ മാത്രമല്ല, സ്വഭാവ നിർമാതാക്കൾ കൂടിയാണ്. ബുദ്ധിപരമായും ധാർമികമായും മികച്ചവരായിരിക്കുന്നതിലൂടെ, അവർ മറ്റുള്ളവർക്കു മാതൃകയാകുന്നു. വിദ്യാർഥികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതിൽ അവർ വലിയ പങ്കുവഹിക്കുകയും അവരെ രാജ്യത്തിന്റെ ഉത്തമ പൗരന്മാരായിത്തീരാൻ സഹായിക്കുകയും ചെയ്യുന്നു.
അധ്യാപകന്റെ അടിസ്ഥാന കടമ തന്റെ വിദ്യാർഥികളുടെ വ്യക്തിത്വം വളർത്തിയെടുക്കുകയും അവരുടെ ബൗദ്ധികവും ധാർമികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഒരു ഉത്തമ അധ്യാപകൻ തന്റെ വിദ്യാർഥികളുമായി ശ്രുതിമധുരമായൊരു ബന്ധം നിലനിർത്തുന്നതിലും പരമ്പരാഗത ക്ലാസ്മുറികളുടെ മേഖലകൾക്കപ്പുറത്തേക്ക് അത് വ്യാപിപ്പിക്കുന്നതിലും താത്പര്യമുള്ളയാളാണ്.
വിദ്യാർഥികളുടെ സാമൂഹിക-വൈകാരിക വിദ്യാഭ്യാസത്തിൽ അധ്യാപകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്. പഠനത്തിലേക്ക് കടക്കുന്നതിന് മുമ്പ് കുട്ടികളെ നാം സുരക്ഷിതരാക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർഥികളുടെ അന്തർലീനമായ കഴിവുകളെ ഉത്തേജിപ്പിക്കാനും സമകാലിക പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനും അധ്യാപകർ അവർക്ക് ശരിയായ പ്രോത്സാഹനം നൽകണം.
അധ്യാപകൻ തന്റെ അറിവും കഴിവുകളും നിരന്തരം പുതുക്കുകയും മാറ്റങ്ങൾക്കൊപ്പം പുതുമയെ ഉൾക്കൊണ്ട് നിലനിൽക്കുകയും വേണം. വിദ്യാഭ്യാസത്തോടൊപ്പം ധാർമികതയും പകർന്നു നൽകുന്നതിൽ അധ്യാപകർ ജാഗ്രത പാലിക്കണം. സ്വഭാവരൂപീകരണം, വൈകാരിക ബുദ്ധി, നേതൃത്വപരമായ കഴിവുകൾ, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മേഖലകൾക്കപ്പുറമുള്ള കാര്യങ്ങളിലും മികച്ച വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി അധ്യാപകർ പ്രവർത്തിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ അധ്യാപകരെ ക്ലാസ് മുറികളിൽനിന്നു മാറ്റിനിർത്തുന്നതിനുള്ളതല്ല മറിച്ച്, അധ്യാപനവും പഠനവും കൂടുതൽ അർഥവത്താക്കുന്നതിനുള്ളതാണ്.
ദേശീയ വികസനത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസം ഒരു താക്കോലാണ്. മികവുറ്റതും ഉന്നതവുമായ ജീവിതനിലവാരം കൈവരിക്കുന്നതിനായി വ്യക്തിക്ക് പ്രബുദ്ധതയും ശക്തീകരണവും നൽകുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അധ്യാപകരുടെ ഗുണനിലവാരം, കഴിവ്, സ്വഭാവം എന്നിവയാണ് വിദ്യാഭ്യാസത്തിന്റെ മൂല്യത്തെയും ദേശീയ വികസനത്തിലേക്കുള്ള അതിന്റെ സംഭാവനയെയും സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ്മയിലൂടെയും അശ്രാന്തപരിശ്രമത്തിലൂടെയും മാത്രമേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയൂ.
ഗുരുവന്ദനം
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
ഗുരു എന്ന ഒരു ഇരട്ടാക്ഷരപദം; അനന്തമായ അറിവിന്റെയും ആദർശങ്ങളുടെയും, അർഥങ്ങളുടെയും അന്തരാർഥങ്ങളുടെയും ആഴക്കടൽ! ഗുരു എന്ന നാമത്തിനു നിർവചനങ്ങൾ ചികഞ്ഞെടുത്തു നിരത്തിവയ്ക്കാൻ നിരവധി ചിന്തകർ ഉദ്യമിച്ചു. ഗുരുവിനെ വർണങ്ങളിൽ വരയ്ക്കാനും വാക്കുകളിൽ വിശേഷിപ്പിക്കാനും വളരെയേറെ കലാകാരന്മാരും കവികളും പരിശ്രമിച്ചു. അവരിൽ പലരെയും ലോകം അംഗീകരിച്ചു, ആദരിച്ചു. എന്നാൽ, അനുഭവങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ചെഴുതപ്പെടുന്ന ഗുരുചിത്രത്തിനാണ് എന്നും ചാരുതയേറെ.
മനുഷ്യൻ എക്കാലവും എത്തിയിട്ടുള്ള ഏറ്റവും എളുപ്പമുള്ളതും സമീപസ്ഥവുമായ വിജ്ഞാനമണ്ഡലം എന്ന വാച്യാർഥത്തിൽ ഗുരു എന്ന നിത്യവിസ്മയത്തിന്റെ സർവസാരവും സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. അറിവിന്റെ അങ്ങേയറ്റം അന്വേഷിക്കുന്നവനാണ് മനുഷ്യൻ. ആകാശസമം വിശാലമായ വിജ്ഞാനത്തിന്റെ സീമകളിലേക്ക് ആവുന്നത്ര പറന്നടുക്കാൻ അവന്റെ ജിജ്ഞാസയുടെ ചിറകുകൾ വെന്പൽകൊള്ളാറുണ്ട്. കാരണം, അറിവില്ലാത്തവർ ചവറാണ് എന്നൊരു ഉൾബോധ്യത്തിന്റെ ഉഗ്രബലം അവനെ അവിടേക്ക് വല്ലാതെ വലിച്ചടുപ്പിക്കുന്നു.
പരിജ്ഞാനത്തിന്റെ പൂർണത മനുഷ്യന് അപ്രാപ്യമാണ്. എല്ലാറ്റിനെപ്പറ്റിയും എല്ലാമറിയുന്നവരായി, സർവജ്ഞാനിയായ ദൈവമൊഴികെ, ആരുമില്ല. പക്ഷേ, മനുഷ്യന് അവന്റെ ദൈവദത്തമായ സർഗശേഷികളുടെ സഹായത്തോടെ ഒരു പരിധിവരെ അറിവിലേക്ക് അടുക്കാൻ സാധിക്കും. അപ്രകാരം മനുഷ്യന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന വിജ്ഞാനമണ്ഡലമാണ് അവന്റെ ഗുരു. ഗുരു ഒരു വ്യക്തിയോ പുസ്തകമോ വസ്തുവോ അനുഭവമോ അവബോധമോ ആകാം. ഒരു ഗുരുവിനെ സ്വന്തമാക്കാൻ നമുക്ക് കാര്യമായ ബുദ്ധിമുട്ടൊന്നുമില്ല.
നാളിതുവരെയുള്ള നമ്മുടെ ജീവിതയാത്ര എത്രയോ ഗുരുകരങ്ങളുടെ പിന്തുണയോടും പ്രോത്സാഹനങ്ങളോടും കൂടിയായിരുന്നു! അവരാരുംതന്നെ നമ്മുടെ വഴിയിൽ വിലങ്ങുതടികളാകുന്നില്ല. അപകർഷതയോ ആശങ്കയോ മുൻവിധികളോ കൂടാതെ അവരെ സമീപിക്കാൻ ഇന്നും നമുക്ക് അനായാസം കഴിയും. പ്രയാസങ്ങളെ നിഷ്പ്രയാസങ്ങളും അഗ്രാഹ്യങ്ങളെ ഗ്രാഹ്യങ്ങളുമാക്കി മാറ്റുന്നവരാണവർ. അവരുടെ ശിക്ഷണങ്ങളും ഉപദേശങ്ങളും ഉദ്ബോധനങ്ങളും ശിരസാവഹിച്ചാൽ അനുദിനപ്രതിസന്ധികളെ തരണംചെയ്യാനും ജീവിതവഴി കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനും ആർക്കും കഴിയും.
മനുഷ്യന് ഏറ്റവും സമീപസ്ഥമായ വിജ്ഞാനമണ്ഡലമാണ് അവന്റെ ഗുരു. അധ്യാപകരോളം അടുത്തുള്ളവരായി വേറെ ആരാണുള്ളത്? ഒരു കൈദൂരമകലെ അവരുണ്ട്; എത്തിപ്പിടിച്ചാൽമാത്രം മതി. അറിവുതേടി അകലങ്ങളിൽ അധികം അലയേണ്ട ആവശ്യമില്ല. അരികിലുള്ള അധ്യാപകരെ ആശ്രയിച്ചാൽ മതി. നാം ആദരിക്കുന്ന, ആത്മാവിൽ പൂജിക്കുന്ന അധ്യാപകരുടെ സാമീപ്യം എത്രയോ അനുഗൃഹീതമാണ്! അറിവന്റെ കാണാപ്പുറങ്ങളിലേക്ക് നമ്മെ ചേർത്തുപിടിച്ചു നടത്തുന്ന ഗുരുവിന്റെ കാണാക്കരങ്ങളോളം അമൂല്യമായവ ഭൂമിയിൽ അധികമൊന്നുമില്ല.
ഗുണം, രുചി എന്നീ പദങ്ങളുടെ പ്രഥമാക്ഷരങ്ങൾ ചേർത്തെഴുതിയാൽ ഗുരു ആകും. ഗുണം എന്നാൽ നന്മ എന്നർഥം. അങ്ങനെയാകുന്പോൾ ഗുരു നന്മരുചിയാണ്. തിന്മയുടെ ചവർപ്പകറ്റുന്ന അറിവെന്ന നന്മമധുരം അർഥികൾ നുണഞ്ഞറിയുന്നത് അധ്യാപകരിൽനിന്നാണ്. അമൂല്യവും അക്ഷയവുമായ ഒരു നിധിയാണ് ഗുരു. ഗുരുവിനേക്കാൾ ശ്രേഷ്ഠരാകാൻ ആർക്കും ആവില്ല. “ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല” (മത്താ 10:24) എന്നത് ക്രിസ്തുമൊഴി. ഓർക്കണം, വിജ്ഞാനത്തിന്റെ വെട്ടത്തിൽ ചരിക്കുന്പോൾ പിന്നിട്ട വഴിദൂരത്ത് എവിടെയെങ്കിലും വച്ച് ഏതെങ്കിലും വിധത്തിൽ നിന്നെ സ്വാധീനിച്ച ഒരു ഗുരുരൂപത്തോട് നിന്റെ നിഴലിനു സമാനതയുണ്ടായിരിക്കും.
അനുഗൃഹീതമായ ഈ അധ്യാപകദിനത്തിൽ വിശുദ്ധമായ ഗുരുസ്മരണകളാൽ മനം നിറയ്ക്കാം. അതുവഴി ഐശ്വര്യങ്ങൾക്കും ആശിസുകൾക്കും അർഹരാകാം. പ്രപഞ്ചമൊട്ടാകെയുള്ള സുപരിചിതരും അപരിചിതരുമായ അസംഖ്യം ഗുരുചരണങ്ങളിൽ അക്ഷരമലരുകളെയും അവയിലെ അറിവിന്റെ മധുകണങ്ങളെയും പ്രണയിക്കുന്ന ഈ തൂലികാശലഭത്തിന്റെ ശതകോടി പ്രണാമം!