സിറിയക്ക് നിധീരി നവോത്ഥാനഘട്ടത്തിലെ കർമയോഗി
ഡോ. കുര്യാസ് കുന്പളക്കുഴി
Friday, September 5, 2025 1:43 AM IST
കേരള കത്തോലിക്കാസമൂഹം ജന്മം നല്കിയ പ്രതിഭാശാലികളിൽ പ്രമുഖനാണ് യശഃശരീരനായ സിറിയക്ക് നിധീരി. ബഹുമുഖമായ പ്രവർത്തനങ്ങൾകൊണ്ടു ചരിത്രത്തിൽ ഇടംനേടിയ അദ്ദേഹത്തിന്റെ ചരമം 67-ാം വയസിൽ 1925 സെപ്റ്റംബർ ആറിനായിരുന്നു.
ആ ധന്യസ്മരണയ്ക്കിപ്പോൾ ഒരു നൂറ്റാണ്ട് പ്രായമെത്തിയിരിക്കുന്നു. ഒട്ടേറെ പ്രതിഭാശാലികൾക്കു ജന്മംനല്കിയ കുറവിലങ്ങാട്ട് നിധീരിത്തറവാട്ടിൽ മഹാനായ മാണിക്കത്തനാരുടെ ഇളയ സഹോദരനായി കൊല്ലവർഷം 1033 മകരം 28നായിരുന്നു സിറിയക്കിന്റെ ജനനം. പിതാവ് ഇട്ടിയവിരാ നിധീരിയുടെ മൂന്നാം വിവാഹത്തിലെ പുത്രനായിരുന്നു സിറിയക്ക്. അമ്മ പുതുപ്പള്ളി ഇളംതുരുത്തിൽ യാക്കോബ് ജഡ്ജിയുടെ മകൾ മറിയം.
സിറിയക്കിന്റെ പ്രാഥമിക വിദ്യാഭ്യാസം തറവാട്ടിൽതന്നെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ചുമതലപ്പെടുത്തിയിരുന്ന അധ്യാപകരിൽനിന്നായിരുന്നു. തുടർന്ന് എറണാകുളത്തെ ഗവ. സ്കൂളിൽ ഉപരിപഠനം. പഠനത്തിൽ അതിസമർഥനായിരുന്ന സിറിയക്കിന് സ്കൂൾ പ്രിൻസിപ്പൽ സീലി സായ്പ് ഡബിൾ പ്രമോഷൻ നല്കിയിരുന്നു. പിന്നീട് എറണാകുളം മഹാരാജാസ് കോളജിൽ ചേർന്ന് 1880ൽ മട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. തുടർന്ന് അവിടെത്തന്നെ പഠിച്ച് 1882ൽ എഫ്എ പരീക്ഷയും വിജയിച്ചു. കേരള കത്തോലിക്കാ സമുദായത്തിൽനിന്ന് ആദ്യമായി മട്രിക്കുലേഷനും എഫ്എയും നേടിയത് സിറിയക്ക് നിധീരിയാണ്.
1902ൽ നിയമപരീക്ഷയുംകൂടി വിജയിച്ച സിറിയക്കിനെ ജില്ലാ മുൻസിഫ് ആയി നിയമിക്കാൻ തിരുവിതാംകൂർ ഗവൺമെന്റ് താത്പര്യം പ്രകടിപ്പിച്ചു. പക്ഷേ, സർക്കാർ ഉദ്യോഗം തന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്നു ശങ്കിച്ച സിറിയക്ക് ആ വാഗ്ദാനം നിരസിക്കുകയാണ് ചെയ്തത്. തുടർന്നു കുറെക്കാലം അദ്ദേഹം തടി വ്യാപാരത്തിൽ ഏർപ്പെട്ടു. ഇക്കാലത്ത് അദ്ദേഹത്തിന്റെ വിവാഹം നടന്നു. ആലപ്പുഴയിലെ വലിയ ഭൂവുടമ നിരയത്ത് കാക്കിമാപ്പിളയുടെ ഏകമകൾ മറിയമായിരുന്നു വധു. വിവാഹാനന്തരം സിറിയക്ക് ഭാര്യാഗൃഹത്തിൽ താമസമാക്കി. തന്റെ സഹോദരൻ ബിസിനസിലും മറ്റ് ഇടപെട്ട് ഭാവി നഷ്ടപ്പെടുത്തും എന്നു മനസിലാക്കിയ മാണിക്കത്തനാർ സിറിയക്കിനോട് തിരുവനന്തപുരത്തു പോയി നിയമത്തിൽ ഉപരിപഠനം നടത്താൻ ഉപദേശിച്ചു.
1875 മുതൽ തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിയമപഠന ക്ലാസുകൾ നടത്തുന്നുണ്ടായിരുന്നു. അതിൽ ചേർന്നു നിയമപരീക്ഷ പാസായ സിറിയക്ക് ആദ്യം കോട്ടയം കോടതിയിലും 1905 മുതൽ ആലപ്പുഴ ജില്ലാക്കോടതിയിലും സീനിയർ അഭിഭാഷകനായി പ്രാക്ടീസ് തുടർന്നു. പിന്നീടുള്ള 20 വർഷം അദ്ദേഹം ആലപ്പുഴ കോടതിയിൽ തന്നെയായിരുന്നു.
കുറഞ്ഞകാലംകൊണ്ടുതന്നെ സിറിയക്ക് നിധീരി പ്രഗത്ഭനായ അഭിഭാഷകനെന്നു പേരെടുത്തു. എങ്കിലും അഭിഭാഷകവൃത്തിയിൽ തന്റെ ജീവിതം പൂർണമായും തളച്ചിടാൻ അദ്ദേഹം ആഗ്രഹിച്ചില്ല. സാമൂഹികവും സാമുദായികവുമായ കാര്യങ്ങളിൽ ജാഗ്രതയോടെ ഇടപെടാൻ അദ്ദേഹം ശ്രദ്ധവച്ചു.
1905 അധ്യയനവർഷാരംഭത്തിൽ തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിൽ പഠിച്ചിരുന്ന ചങ്ങനാശേരി രൂപതക്കാരായ ഏതാനും യുവവിദ്യാർഥികൾ ചേർന്ന് ചങ്ങനാശേരി രൂപതയിലെ സുറിയാനി കത്തോലിക്കർക്കുവേണ്ടി ഒരു അല്മായ സംഘടന രൂപീകരിക്കാൻ തീരുമാനമെടുത്തു. ഇക്കാര്യമറിഞ്ഞ സഭാനേതൃത്വവും അല്മായ പ്രമുഖരും ഒരു രൂപതയിലെ അംഗങ്ങൾക്കുവേണ്ടി മാത്രം സംഘടന രൂപീകരിക്കാനുള്ള നീക്കം അഭിലഷണീയമല്ലെന്നുകണ്ട് അക്കാര്യത്തിൽ ഇടപെടാൻ സിറിയക്ക് വക്കീലിനോട് അഭ്യർഥിച്ചു. അതു ചരിത്രപരമായ ഒരാവശ്യമാണെന്നു മനസിലാക്കിയ അദ്ദേഹം ആ വർഷംതന്നെ ആ യുവവിദ്യാർഥികളുടെയും സമാന ചിന്താഗതിക്കാരുടെയും ഒരു യോഗം ആലപ്പുഴയിലെ തന്റെ വസതിയിൽതന്നെ വിളിച്ചുചേർത്തു. അവിടെ നടന്ന ചർച്ചകൾക്കൊടുവിൽ വടക്കുംഭാഗം സുറിയാനി സാമൂഹ്യ സമ്മേളനം എന്നപേരിൽ ഒരു സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനമായി.
ആ തീരുമാനമനുസരിച്ച് വടക്കുംഭാഗം സുറിയാനിക്കാരുടെ ഒന്നാം സാമൂഹ്യസമ്മേളനം 1906 ഏപ്രിലിൽ ആലപ്പുഴയിൽ ചേർന്നു. സിറിയക്ക് നിധീരിയായിരുന്നു സമ്മേളനാധ്യക്ഷൻ. തുടർന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 1917 വരെ പതിനൊന്നു സാമൂഹ്യസമ്മേളനങ്ങൾ നടന്നു.
1914ൽ ഇരിങ്ങാലക്കുടയിൽ നടന്ന സമ്മേളനത്തിലും സിറിയക്ക് നിധീരിയായിരുന്നു അധ്യക്ഷൻ. 1917ൽ അതിരന്പുഴയിൽ സി. അന്തപ്പായിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം, വടക്കുംഭാഗം സുറിയാനി സാമഹ്യ സമ്മേളനം എന്ന പേര് കേരളീയ കത്തോലിക്കാ മഹാജനസഭ എന്നു പരിഷ്കരിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് 1918 മുതൽ 1929 വരെയുള്ള സമ്മേളനങ്ങൾ പുതിയ പേരിലാണ് നടന്നത്.
1929ൽ അതിരന്പുഴയിൽ ചേർന്ന കത്തോലിക്കാ മഹാജന സമ്മേളനം വീണ്ടും സംഘടനയുടെ പേര് പരിഷ്കരിക്കാൻ തീരുമാനിച്ചു. അഖിലകേരള കത്തോലിക്കാ കോൺഗ്രസ് എന്നായിരുന്നു പുതിയ പേര്. ഈ പുതിയ പേരിൽ ആദ്യസമ്മേളനം നടന്നത് 1930ൽ ചേർത്തലയിലാണ്. അതേപേരിലും സ്വഭാവത്തിലും സംഘടന ഇന്നും പ്രവർത്തനം തുടർന്നുപോരുന്നു.
1906ൽ സ്വന്തം വീട്ടിൽ ചേർന്ന ആലോചനായോഗത്തിൽനിന്ന് സിറിയക്ക് നിധീരിയുടെ ആശയത്തിലും നേതൃത്വത്തിലും രൂപമെടുത്ത വടക്കുംഭാഗം സുറിയാനി സാമൂഹ്യസമ്മേളനമാണ് പേരുകൾ മാറിമാറി ഇന്ന് അഖില കേരള കത്തോലിക്കാ കോൺഗ്രസായി പ്രവർത്തിക്കുന്നതെന്നു വ്യക്തമാണല്ലോ. ഇക്കാരണത്താൽ കത്തോലിക്കാ കോൺഗ്രസിന്റെ സ്ഥാപകനായി തീരാനുള്ള ചരിത്രപരമായ നിയോഗമാണ് സിറിയക്ക് നിധീരി ഏറ്റെടുത്തതെന്നു നിസംശയം പറയാം.
സിറിയക്ക് നിധീരിയുടെ നിർണായകമായ ഇടപെടൽ ചരിത്രപ്രസിദ്ധമായ മലയാളി മെമ്മോറിയൽ സമർപ്പണത്തിലുമുണ്ട്. 1891 ജനുവരി ഒന്നിനു തിരുവിതാംകൂർ മഹാരാജാവിനു സമർപ്പിച്ച മെമ്മോറിയൽ എഴുതിയുണ്ടാക്കിയത് സിറിയക്ക് നിധീരിയാണെന്നൊരു വാദമുണ്ട്. അതല്ല, സി.വി. രാമൻപിള്ളയാണതു തയാറാക്കിയതെന്നും അതുമല്ല, ബാരിസ്റ്റർ ജി.പി. പിള്ളയാണു മെമ്മോറിയൽ ശില്പിയെന്നും ചരിത്രത്തിൽ കാണുന്നു. അതെന്തായാലും മെമ്മോറിയൽ സമർപ്പണത്തിനുശേഷം രാജാവിനെയും ദിവാനെയും കണ്ട ആറംഗ നിവേദക സംഘത്തിലെ ഏക ക്രൈസ്തവൻ സിറിയക്ക് നിധീരിയായിരുന്നു എന്നത് അദ്ദേഹത്തിന്റെ നിർണായക പങ്ക് അടയാളപ്പെടുത്തുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി ശ്രീമൂലം പ്രജാസഭയിൽ അവതരിപ്പിച്ച സഞ്ചാരസ്വാതന്ത്ര്യ പ്രമേയത്തെ അനുകൂലിച്ച് അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. രാഷ്ട്രീയ കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന സിറിയക്ക് നിധീരി ഒരുതവണ അന്പലപ്പുഴയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നിട്ടുണ്ട്. ഇങ്ങനെ കേരളത്തിന്റെ സാമൂഹിക സാമുദായിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്നു നവോത്ഥാനഘട്ടത്തിലെ ആ കർമയോഗി.