ഗാന്ധിയൻ ചിന്തകളുടെ നിലയ്ക്കാത്ത യാത്ര
തോമസ് ഡൊമിനിക്
Wednesday, October 1, 2025 12:46 AM IST
ട്രെയിൻ യാത്ര മഹാത്മാ ഗാന്ധിക്ക് എന്നും പ്രചോദന സ്രോതസായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിസ്ബർഗിൽ ട്രെയിൻ യാത്രയിൽ ഉണ്ടായ ദുരനുഭവം മോഹൻദാസ് കരംചന്ദ് ഗാന്ധിയെ സത്യത്തിനും നീതിക്കും സമത്വത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള പോരാളിയാക്കി ചെത്തിമിനുക്കിയ പ്രയാണത്തിന്റെ കയ്പേറിയ ശുഭാരംഭമായിരുന്നു.
ദക്ഷിണാഫ്രിക്കക്കാർ അവകാശപ്പെടുന്നത് ഇന്ത്യ അയച്ചത്, സാധാരണ ബാരിസ്റ്റർ, മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ആണെങ്കിൽ അവർ തിരികെ അയച്ചത് ധീരനായ ഒരു മഹാത്മാവിനെയാണ് എന്നാണ്. ഇന്ത്യയുടെ ഏറ്റവും വലിയ പ്രവാസിയായ ഗാന്ധി 1915ൽ സ്വദേശത്തേക്ക് മടങ്ങി.
1915 മുതൽ 1919 വരെ ഇന്ത്യയെ അടുത്തറിയാൻ, കണ്ടെത്താൻ അദ്ദേഹം തുടർച്ചയായി തേർഡ് ക്ലാസിൽ ട്രെയിൻ യാത്ര ചെയ്തു. പൊന്നുരുക്കി പവനൊരുക്കുന്നതുപോലെ ഗാന്ധിയിൽനിന്ന് മഹാത്മയിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം, പരിവർത്തനം സംഭവിച്ചത് ഇന്ത്യൻ റെയിൽവേയിലെ മൂന്നാം ക്ലാസ് കമ്പാർട്ട്മെന്റിലാണ്. മദ്രാസിൽ (ചെന്നൈ) നിന്ന് മധുരക്കുള്ള ട്രെയിൻ യാത്രയിൽ “വസ്ത്രം വാങ്ങാൻ പണമില്ല” എന്ന് ഒരു കർഷകൻ പറഞ്ഞപ്പോഴാണ് ഗാന്ധിജി തന്റെ വിസ്തൃതമായ ഗുജറാത്തി വസ്ത്രധാരണ രീതി ഉപേക്ഷിച്ച് ധോത്തിയിലേക്കും ഷാളിലേക്കും തിരിഞ്ഞത്. അർധനഗ്നനായ ഫക്കിർ എന്നു വിളിച്ച് വിൻസ്റ്റൺ ചർച്ചിൽ അധിക്ഷേപിച്ച വേഷം ലോകമെമ്പാടും ബാപ്പുവിന്റെ ട്രേഡ് മാർക്കായത് ചരിത്രം.
1944 മുതൽ 1948ൽ ഗാന്ധിജിയുടെ മരണം വരെ വി. കല്യാണം ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു. ഗാന്ധിജിയുടെ ജീവിതത്തിലെ രക്തസാക്ഷിത്വം ഉൾപ്പെടെ നിർണായകമായ പല നിമിഷങ്ങൾക്കും അദ്ദേഹം സാക്ഷിയുമായിരുന്നു. ലളിതമായ ജീവിതം നയിച്ചിരുന്ന കല്യാണം, ഗാന്ധിജിയുടെ ആശയങ്ങളെയും തത്വങ്ങളെയും എന്നും മുറുകെ പിടിച്ചു.
ഗാന്ധിജിയുടെ എല്ലാ ട്രെയിൻ യാത്രകളിലും കല്യാണം കൂടെയുണ്ടായിരുന്നു. 2021ൽ, 99-ാം വയസിൽ മരണമടഞ്ഞ കല്യാണത്തെ, ലേഖകൻ ചെന്നൈയിലുള്ള ഭവനത്തിൽ, റേഡിയോ അഭിമുഖത്തിനായി, 2018ൽ സന്ദർശിച്ചിരുന്നു. മഹാത്മയോടോടൊപ്പമുള്ള ട്രെയിൻ യാത്രയുടെ രസകരവും ചിന്തോദ്ദീപകവും ചരിത്രത്തിൽ കുറിക്കപ്പെടാത്തതുമായ ഓർമകൾ കല്യാണം പങ്കുവച്ചു.
ഗാന്ധിജിയുടെയും അനുഗമിക്കുന്ന അനുയായികളുടെയും മാധ്യമ പ്രവർത്തകരുടെയും ഉപയോഗത്തിനായി ഒരു ട്രെയിൻ ബോഗിതന്നെ സർക്കാർ നൽകിയിരുന്നെങ്കിലും ബാപ്പു എല്ലായ്പ്പോഴും ടിക്കറ്റ് വാങ്ങിത്തന്നെ യാത്ര ചെയ്തിരുന്നു. യാത്രയുടെ റൂട്ട് മുൻകൂട്ടി തീരുമാനിച്ചിരുന്നതിനാൽ എല്ലാ സ്റ്റേഷനുകളിലും ജനക്കൂട്ടം ബാപ്പുവിനെ കാണാൻ തടിച്ചുകൂടിയിരുന്നു.
ഒരിക്കൽ യാത്ര ഏതാനും മണിക്കൂർ പിന്നിട്ടപ്പോൾ ബാപ്പു കല്യാണത്തോട് ടിക്കറ്റ് എടുത്തിരുന്നോ എന്ന് തിരക്കി. “അങ്ങേക്കായി ഒരു ബോഗി സർക്കാർ നൽകിയിട്ടുള്ളതുകൊണ്ട് ടിക്കറ്റ് എടുത്തില്ല” കല്യാണം മറുപടി പറഞ്ഞു. ഗാന്ധിജി പറഞ്ഞു “അത് തെറ്റാണ്, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്, അതുകൊണ്ട് അടുത്ത സ്റ്റേഷൻ എത്തുമ്പോൾ സ്റ്റേഷൻ മാസ്റ്ററോട് എന്നെ വന്ന് കാണാൻ പറയണം.” അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ, കല്യാണം, സ്റ്റേഷൻ മാസ്റ്ററുമായി ഗാന്ധിജിയുടെ അടുത്തെത്തി. ഗാന്ധിജി സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞു “
എന്റെ സെക്രട്ടറി ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ട് നിയമപരമായ പിഴയിടണം. കൂടാതെ, തുടക്കം മുതലുള്ള ടിക്കറ്റ് നിരക്കും ഈടാക്കണം.” ഗാന്ധിജിയെ നേരിൽ കാണാൻ സാധിച്ചതിൽ അതീവ സന്തോഷവാനായ സ്റ്റേഷൻ മാസ്റ്റർ വിനീതനായി പറഞ്ഞു “അങ്ങയോടും കൂടെയുള്ളവരോടും ആരും ടിക്കറ്റ് ചോദിക്കില്ല, ഈ ബോഗി മുഴുവൻ അങ്ങേക്കുള്ളതാണ്. അതുകൊണ്ട് അങ്ങ് വിഷമിക്കേണ്ട.” സ്റ്റേഷൻ മാസ്റ്ററുടെ മറുപടി കേട്ട ഗാന്ധിജി ക്രൂദ്ധനായി. “ഇങ്ങനേയാണോ നിയമം ലംഘിക്കുന്ന എല്ലാവരോടും താങ്കൾ പെരുമാറുന്നത്? ഏല്പിച്ച ജോലിയിൽ ഉത്തരവാദിത്വം കാട്ടേണ്ട താങ്കൾ നിയമ ലംഘനത്തിന് കൂട്ടുനിൽക്കുന്നു. ഇദ്ദേഹത്തിൽനിന്ന് പിഴയും യാത്രാക്കൂലിയും ഈടാക്കിയില്ലെങ്കിൽ താങ്കൾക്കെതിരേ കൃത്യവിലോപത്തിന് ഞാൻ പരാതി നൽകും. താങ്കളുടെ ജോലി നഷ്ടപ്പെടും.” ഭയന്ന് വിറച്ച സ്റ്റേഷൻ മാസ്റ്റർ ഉടൻതന്നെ കല്യാണത്തിൽനിന്നു പിഴയും ടിക്കറ്റിന്റെ തുകയും ഈടാക്കി. ചട്ടങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്. ആരും നിയമത്തിന് അതീതരല്ല. വേർതിരിവ്, പക്ഷപാതം എന്നിവ പാടില്ല. കൃത്യനിർവഹണത്തിൽനിന്നും ഏല്പിച്ച ജോലി സത്യസന്ധമായി ചെയ്യുന്നതിൽനിന്നും കർമം ചെയ്യുന്നതിൽനിന്നും പിൻവാങ്ങരുതെന്ന പാഠം ബാപ്പു പഠിപ്പിച്ചു എന്നാണ് കല്യാണം പറഞ്ഞത്.
എല്ലാ തിങ്കളാഴ്ചയും ഗാന്ധിജി മൗനവ്രതം കർശനമായി പാലിച്ചിരുന്നു. ട്രെയിൻ യാത്രയിലും അദ്ദേഹം അത് പാലിച്ചുപോന്നു. ഗാന്ധിജി തിരിച്ചൊന്നും ചോദിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് വൈസ്രോയി മൗണ്ട് ബാറ്റൺ ഉൾപ്പെടെയുള്ള പ്രമുഖർ കാര്യസാധ്യത്തിനായി തിങ്കളാഴ്ചകളിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു എന്ന കാര്യവും കല്യാണം ഓർമിക്കുന്നു.
ഒരിക്കൽ ട്രെയിൻ യാത്രയ്ക്കിടയിൽ മൗനവ്രതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ടൈപ്പ് ചെയ്യാനുള്ള കാര്യങ്ങൾ കൈപ്പടയിൽ എഴുതി ഗാന്ധിജി കല്യാണത്തിന് നൽകി. ഒരു വസ്തുവും പാഴാക്കാത്ത ഗാന്ധിജി, പോസ്റ്റൽ കവറിന്റെ എഴുതാത്ത ഉൾഭാഗമാണ് നോട്ട് കുറിക്കാൻ ഉപയോഗിച്ചത്. അതുപോലെ ടൈപ്പ് ചെയ്യേണ്ടതും പോസ്റ്റൽ കവറിന്റെ എഴുതാത്ത ഉൾഭാഗത്തായിരിക്കണം.
തനിക്ക് ലഭിച്ച കുറിപ്പിന്റെ അതേ ശൈലിയിൽ ടൈപ്പ് ചെയ്തത് തിരികെ നൽകണം. മാർജിനിലും വശങ്ങളിലും എഴുതിയിട്ടുണ്ടെങ്കിൽ അതുപോലെതന്നെ ടൈപ്പും ചെയ്യണം എന്ന കാര്യത്തിൽ ഗാന്ധിജിക്ക് നിർബന്ധമുണ്ടായിരുന്നു. മൗനവ്രതമായതുകൊണ്ട് ബാപ്പു ചോദിക്കില്ല എന്നറിയാവുന്ന കല്യാണം ഏല്പിച്ച ജോലി ലാഘവമായി എടുത്ത് ടൈപ്പ് ചെയ്തില്ല. കാരണം അദ്ദേഹം ടൈപ്പ് റൈറ്റർ കൊണ്ടുവന്നിട്ടില്ലായിരുന്നു.
മൗനവ്രതം അവസാനിച്ച ഉടൻ ഗാന്ധിജി ടൈപ്പ് ചെയ്തത് നൽകാൻ കല്യാണത്തോട് ആവശ്യപ്പെട്ടു. പരവശനായ കല്യാണം ടൈപ്പ് റൈറ്റർ ഇല്ലാത്തതുകൊണ്ട് ചെയ്തില്ല എന്ന് മറുപടി നൽകി. ബാപ്പുവിന്റെ മുഖഭാവത്തിൽനിന്നും ശരീരഭാഷയിൽനിന്നും ഏല്പിച്ച ജോലി ചെയ്യാത്തതിന്റെ അതൃപ്തി വ്യക്തമായി പ്രകടമായിരുന്നു.
ട്രെയിനിൽ കൂടെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകന്റെ ടൈപ്പ് റൈറ്റർ കടം വാങ്ങി കല്യാണം ദ്രുതഗതിയിൽ കുറിപ്പ് ടൈപ്പ് ചെയ്ത് ബാപ്പുവിന് നൽകി. ഗാന്ധിജി ഗൗരവം വിടാതെ ശാന്തമായി കല്യാണത്തെ നോക്കി പറഞ്ഞു “ഒരു ബാർബറെ മുടിവെട്ടാൻ വിളിക്കുമ്പോൾ അയാൾ കത്രിക, കത്തി തുടങ്ങി തന്റെ ജോലിക്കാവശ്യമായ എല്ലാ ഉപകരണങ്ങളുമായി വരും എന്നാണ് എന്റെ വിശ്വാസം. അങ്ങനെയേ വരാവൂ, ശരിയല്ലേ?” നിന്ന നിൽപ്പിൽ ഞാൻ ഉരുകിപ്പോയെങ്കിലും മഹാത്മാ ഗാന്ധിയുടെ സൗമ്യവും കർക്കശവും എന്നാൽ, വ്രണപ്പെടുത്താതെയുള്ള ശകാരവും നീരസം പ്രകടിപ്പിക്കുന്ന നൈപുണ്യവും മാനേജ്മെന്റ് തസ്തികയിൽ ജോലിചെയ്യുന്നവരും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കീഴ് ജീവനക്കാരോട് എപ്രകാരം പെരുമാറണം എന്നതിന് ഉത്തമ മാതൃകയാണ്.
ഓരോ ആധുനിക മാനേജ്മെന്റ് ഗുരുവും സ്വായത്തമാക്കേണ്ട വൈദഗ്ധ്യം, പ്രാവീണ്യം, മികവ് ആയിരുന്നു ബാപ്പുവിന്റേത് എന്നു പറഞ്ഞുകൊണ്ടാണ് ഗാന്ധിയൻ ട്രെയിൻ അനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള സംഭാഷണം വി. കല്യാണം അവസാനിപ്പിച്ചത്.