ചതിക്കപ്പെടുന്ന ജനങ്ങൾ
പ്രഫ. ഡോ. പി.ജെ. തോമസ്
Friday, October 3, 2025 2:01 AM IST
തമിഴ്നാട്ടിലെ കരൂരിലുണ്ടായ അപകടം നമ്മെ കാര്യമായി ചിന്തിപ്പിക്കണം, അസ്വസ്ഥതപ്പെടുത്തണം. വിജയ്യുടെ താരപരിവേഷത്തിൽ മയങ്ങി അദ്ദേഹത്തെ കാണാൻ പോയി അപകടത്തിൽപ്പെട്ടവരാണ് അവർ എന്നുള്ള ലളിതവത്കരണം നമ്മുടെ ചില വർത്തമാന യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കാനേ ഇടയാക്കൂ. താരാധനയെക്കുറിച്ചും ആൾക്കൂട്ട വിഭ്രാന്തിയെക്കുറിച്ചുമൊക്കെ പഠനം നടന്നിട്ടുള്ളത് വികസിതരാജ്യങ്ങളിലെ യഥാർഥ്യങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിലാണ്.
ഒരു വ്യക്തിയുടെ ഏതെങ്കിലും പ്രത്യേകമായ ജീനിയസിനെ മനസിലാക്കി അതിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതു താരാധനയായി കണക്കാക്കാം. അപ്പോൾ ആ ജീനിയസിനെ മനസിലാക്കാനുള്ള ശേഷി അങ്ങനെയുള്ളവർക്കുണ്ട്. ഇതു സിനിമയിലോ സ്പോർട്സിലൊ മ്യൂസിക്കിലോ ഒക്കെ ആകാം. മഡോണയോട് ആരാധന തോന്നുന്നതും ആയിരങ്ങൾ അവരുടെ പാട്ടുകൾ കേൾക്കാൻ തടിച്ചുകൂടുന്നതുമൊക്കെ നാം കാണുന്നുണ്ട്.
അങ്ങനെയുള്ള ആൾക്കൂട്ടത്തിനിടയ്ക്ക് ചിലപ്പോൾ ആൾക്കൂട്ട വിഭ്രാന്തിയുടെ അനുഭവങ്ങളും സംഭവിക്കാറുണ്ട്. ഇതിന് വലിയ വാണിജ്യപരമായ പ്രാധാന്യമുണ്ട്, ഗവൺമെന്റ് സാധ്യമായ എല്ലാ മുൻകരുതലും എടുക്കാറുമുണ്ട്. അതുകൊണ്ട് കരൂർ അപകടംപോലെയുള്ള ദുഃഖകരമായ സംഭവങ്ങളെ ഈ ഗണത്തിൽപ്പെടുത്താമോയെന്നു സംശയിക്കണം. ഇവിടെ ഒരു താരം ഉണ്ടെന്നതു മാത്രമാണ് മുന്പു പറഞ്ഞ സംഭവങ്ങളുമായി സാമ്യമുള്ളത്. കൂടാതെ, ഇതൊരു രാഷ്ട്രീയറാലികൂടിയാണെന്നത് മറ്റൊന്ന്.
ഇത്തരം സംഭവങ്ങളെ ഇന്ത്യയുടെ പ്രത്യേകമായ സാഹചര്യത്തിൽ നിന്നു വേണം മനസിലാക്കാൻ. ഇത്തരം പ്രാകൃതമായ റാലികൾ ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ ഉത്പന്നങ്ങളായി വേണം മനസിലാക്കാൻ. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏതാണ്ട് 79 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ ജനാധിപത്യ സംസ്കാരം എവിടെ നിൽക്കുന്നുവെന്നും ഇതുകൊണ്ട് ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതനിലവാരത്തിൽ എന്തു മാറ്റം വരുത്താൻ സാധിച്ചുവെന്നും ആത്മാർഥമായി പരിശോധിക്കാനുള്ള സമയമാണിത്. ഇനിയും ഇങ്ങനെയുള്ള അവസരങ്ങൾ വരുമെന്നുറപ്പാണ്.
നമ്മുടെ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന പ്രതിസന്ധിയായി വേണം ഇതിനെ കാണാൻ. മാറിമാറി വരുന്ന സർക്കാരുകകളും വികസിച്ചുവരുന്ന പാർട്ടിഫണ്ടും നേതാക്കളും പ്രവർത്തനങ്ങളും സാധാരണ ജനങ്ങളുടെ ജീവിതനിലവാരമുയർത്താൻ സഹായിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. സാങ്കേതികവിദ്യ ഇത്ര വികസിച്ച ഇക്കാലത്തും, ഒരു താരത്തെ, പുതിയ രാഷ്ട്രീയനേതാവിനെ കാണാൻ രാപകൽ ജനങ്ങൾ കാത്തുനിൽക്കുന്നു, ജീവിതംതന്നെ അപകടത്തിലാക്കുന്നുവെന്ന് കാണുമ്പോൾ, ഇത്തരം ജനങ്ങളുടെ ജീവിതനിലവാരം ഊഹിക്കാവുന്നതേയുള്ളൂ.
കലാകാലങ്ങളായി വോട്ട് ചെയ്തു സർക്കാരുകളെ തെരഞ്ഞെടുത്തിട്ടും നേതാക്കളെ ജയിപ്പിച്ചിട്ടും പാർട്ടികളെ പരീക്ഷിച്ചിട്ടും തങ്ങളുടെ ജീവിതനിലവാരം അത്രയ്ക്കു പരിതാപകരമായതുകൊണ്ടായിരിക്കണമല്ലോ എന്തു വിലകൊടുത്തും പുതിയ നേതാവിനെ അല്ലെങ്കിൽ രക്ഷകനെ തേടി ജനം പോകുന്നത്. നിസഹായരായ ഇവരെ നിസാരമായ കാര്യങ്ങൾ കൊടുത്ത് പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഇത്തരം പ്രാകൃതസമ്മേളനങ്ങളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകുന്ന മധ്യവർത്തികളും ഇതുകൊണ്ട് ലാഭമുണ്ടാക്കുന്നു. അങ്ങനെ രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും അതുകൊണ്ടുള്ള പ്രയോജനവും ഒരു പ്രത്യേക വിഭാഗത്തിന് എന്നും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതു മനസിലാക്കാനുള്ള അടിസ്ഥാന വിമർശനബുദ്ധിയോ വിദ്യാഭ്യാസമോ പോലും ഇവർക്കു കൊടുക്കാൻ സാധിച്ചില്ല എന്നുള്ളത് നമുടെ ജനാധിപത്യത്തിനു നാണക്കേടാണ്.
ഷേക്സ്പിയർ പറയുന്നതുപോലെ അവർ വെറും ‘ഫോഡർ ഫോർ ദ കാനൻ’ പീരങ്കിക്കുള്ള തീറ്റ മാത്രമായി അവശേഷിക്കുന്നു. എന്നാൽ, നമ്മുടെ ഭരണകർത്താക്കളും താരപ്രസംഗകരുമൊക്കെ സ്വകാര്യ വിമാനത്തിലും നൂറുകണക്കിന് കാറുകളുടെ അകമ്പടിയോടും അംഗരക്ഷകരോടുംകൂടി അല്പംപോലും വെയിലും മഴയും ഏൽക്കാതെയും ഒരിടത്തും കാത്തുനിൽക്കാൻ കൂട്ടാക്കാതെയും യാത്ര ചെയ്യുമ്പോഴാണ്, നടുറോഡിലുൾപ്പെടെ ഈ റാലികളുടെയും പ്രസംഗങ്ങളുടെയും ചതി തെളിഞ്ഞുവരുന്നത്. ജനങ്ങൾ ശരിക്കും ചതിക്കപ്പെടുകയാണ്.
എന്നിട്ടും അവർ രക്ഷകനെ തെരഞ്ഞുള്ള യാത്ര തുടരുന്നു. ഇത് ഇനിയും ആവർത്തിക്കാതെ നോക്കുന്നതിലാണ് നമ്മുടെ നേതാക്കളും സർക്കാരുകളും ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയം മൈക്ക് കെട്ടി പറയേണ്ടതല്ലല്ലോ, പ്രവർത്തിച്ചു കാണിക്കേണ്ടതല്ലേ. അതിനു നയങ്ങളും പദ്ധതികളുമല്ലേ വേണ്ടത്. അതിന്റെ അടിസ്ഥാനത്തിലല്ലേ വോട്ട് ചോദിക്കേണ്ടതും പ്രചാരണം നടത്തേണ്ടതും. അതുകൊണ്ട് ഇത്തരം മനുഷ്യത്വരഹിതവും വിരുദ്ധവുമായ ബഹുജന റാലികളിൽനിന്ന് ഇത്തരം പാവം ജനങ്ങളെ ഒഴിവാക്കാൻ എല്ലാ പാർട്ടികളും നേതാക്കളും തീരുമാനിച്ചാൽ ഇത്തരം പെടുമരണങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു, ഏതാണ്ട് അതിനു തുല്യമായ ജീവിതസാഹചര്യമാണ് അവർക്കുള്ളതെങ്കിലും.